39 അസ്സുമര്‍

ആമുഖം
നാമം
എഴുപത്തൊന്ന് എഴുപത്തി മൂന്ന് എന്നീ സൂക്തങ്ങളില്‍നിന്നും സ്വീകരിക്കപ്പെട്ടതാണ് ഈ അധ്യായത്തിന്റെ നാമം. `സുമര്‍` എന്ന പദം ഉള്ള സൂറ എന്നേ അര്‍ഥമുള്ളൂ. 
അവതരണ കാലം
പത്താം സൂക്തത്തിലെ وَأَرْضُ اللهِ وَاسِعَةٌ (അല്ലാഹുവിന്റെ ഭൂമി വിശാലമായതാകുന്നു) എന്ന വാക്യത്തില്‍ നിന്ന് ഈ സൂറ അബിസീനിയയിലേക്കുള്ള ഹിജ്റക്ക് മുമ്പവതരിച്ചതാണെന്ന് വ്യക്തമാകുന്നു. ജഅ്ഫറുബ്നു അബീത്വാലിബും കൂട്ടുകാരും അബിസീനിയയിലേക്ക് ഹിജ്റ പോകാന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ അതേപ്പറ്റി അവതരിച്ചതാണീ സൂക്തമെന്ന്, ചില നിവേദനങ്ങളില്‍ ഖണ്ഡിതമായി പ്രസ്താവിക്കപ്പെട്ടിട്ടുമുണ്ട് (റൂഹുല്‍ മആനി, വാള്യം: 23, പേജ്: 226). 
ഉള്ളടക്കം
അബിസീനിയന്‍ ഹിജ്റക്കുമുമ്പ് മക്കയില്‍ വിങ്ങിനിന്ന അക്രമമര്‍ദനങ്ങളുടെയും എതിര്‍പ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തില്‍ അവതീര്‍ണമായ ഉജ്ജ്വലവും വിശിഷ്ടവുമായ ഒരു പ്രഭാഷണമാണ് ഈ സൂറ മുഴുവന്‍. അധികവും ഖുറൈശി നിഷേധികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഉപദേശമാണ്; ചിലയിടത്തൊക്കെ വിശ്വാസികളും അഭിസംബോധിതരാണെങ്കിലും. മുഹമ്മദീയ സന്ദേശത്തിന്റെ സാക്ഷാല്‍ ലക്ഷ്യമെന്തെന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയാണെന്നംഗീകരിക്കുക, മറ്റുള്ളവരോടുള്ള ആരാധനയാലും വണക്കത്താലും അവന്റെ ദൈവഭക്തിയെ മലീമസമാക്കാതിരിക്കുക എന്നതാണത്. ഈ പ്രാഥമിക മൌലികതത്ത്വം വ്യത്യസ്തശൈലികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനിപുണമായ രീതിയില്‍ ഏകദൈവത്വത്തിന്റെ സത്യാത്മകതയും അതംഗീകരിക്കുന്നതിന്റെ സല്‍ഫലങ്ങളും ബഹുദൈവത്വത്തിന്റെ അബദ്ധങ്ങളും അതില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്നതിന്റെ ദുഷ്ഫലങ്ങളും വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം ജനങ്ങളെ, പിഴച്ച മാര്‍ഗങ്ങളുപേക്ഷിച്ച് അവരുടെ നാഥന്റെ കാരുണ്യത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ആനുഷംഗികമായി വിശ്വാസികളോടുദ്ബോധിപ്പിക്കുന്നു: അല്ലാഹുവിന്റെ മാത്രം അടിമയായി ജീവിക്കുക ഒരു സ്ഥലത്ത് അസാധ്യമാണെങ്കില്‍ അവന്റെ ഭൂമി വളരെ വിശാലമാണ്. സ്വന്തം ദീന്‍ രക്ഷിക്കുന്നതിനുവേണ്ടി ദേശത്യാഗം ചെയ്ത് മറ്റെവിടേക്കെങ്കിലും പോവുക. അല്ലാഹു നിങ്ങളുടെ ക്ഷമക്ക് തക്ക പ്രതിഫലം നല്‍കും. മറുവശത്ത് നബി(സ)യോട് പറയുന്നു: അക്രമ മര്‍ദനങ്ങള്‍കൊണ്ട് താങ്കളെ ഈ മാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന സത്യനിഷേധികളെ തികച്ചും നിരാശപ്പെടുത്തേണം. അവരോട് തുറന്നു പറയുക: എന്റെ വഴി മുടക്കാന്‍ നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളുക. ഞാന്‍ എന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
1-ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാണ്.
2-തീര്‍ച്ചയായും നിനക്കു നാം ഈ വേദപുസ്തകം ഇറക്കിത്തന്നത് സത്യസന്ദേശവുമായാണ്. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി അവന് വഴിപ്പെടുക.
3-അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: "ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്." എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
4-പുത്രനെ വരിക്കണമെന്ന് അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ തന്റെ സൃഷ്ടികളില്‍നിന്ന് താനിഷ്ടപ്പെടുന്നവരെ തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ അവനെത്ര പരിശുദ്ധന്‍. അവനാണ് അല്ലാഹു. ഏകന്‍; സകലാധിനാഥന്‍!
5-ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യത്തോടെയാണ് സൃഷ്ടിച്ചത്. അവന്‍ പകലിനെ രാവുകൊണ്ട് ചുറ്റിപ്പൊതിയുന്നു. രാവിനെ പകലുകൊണ്ടും ചുറ്റിപ്പൊതിയുന്നു. സൂര്യചന്ദ്രന്മാരെ അവന്‍ തന്റെ വരുതിയിലൊതുക്കിയിരിക്കുന്നു. അവയെല്ലാം നിശ്ചിത കാലപരിധിക്കകത്തു സഞ്ചരിക്കുന്നു. അറിയുക: അവന്‍ പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.
6-ഒരൊറ്റ സത്തയില്‍നിന്ന് അവന്‍ നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കായി കന്നുകാലികളില്‍ നിന്ന് എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി; ഘട്ടംഘട്ടമായി നിങ്ങളെ അവന്‍ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്.
7-നിങ്ങള്‍ നന്ദികേട് കാട്ടുകയാണെങ്കില്‍, സംശയമില്ല; അല്ലാഹു നിങ്ങളുടെയൊന്നും ആശ്രയമാവശ്യമില്ലാത്തവനാണ്. എന്നാല്‍ തന്റെ ദാസന്മാരുടെ നന്ദികേട് അവനൊട്ടും ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അതുകാരണം നിങ്ങളോടവന്‍ സംതൃപ്തനായിത്തീരും. സ്വന്തം പാപഭാരമല്ലാതെ ആരും അപരന്റെ ഭാരം ചുമക്കുകയില്ല. പിന്നീട് നിങ്ങളുടെ നാഥന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അപ്പോഴവന്‍ നിങ്ങളെ വിവരമറിയിക്കും. നെഞ്ചകങ്ങളിലുള്ളതൊക്കെയും നന്നായറിയുന്നവനാണവന്‍.
8-മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ തന്റെ നാഥങ്കലേക്ക് താഴ്മയോടെ മടങ്ങി അവനോട് പ്രാര്‍ഥിക്കുന്നു. പിന്നീട് അല്ലാഹു തന്നില്‍നിന്നുള്ള അനുഗ്രഹം പ്രദാനം ചെയ്താല്‍ നേരത്തെ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്ന കാര്യംതന്നെ അവന്‍ മറന്നുകളയുന്നു. ദൈവമാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കാനായി അവന്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കുകയും ചെയ്യുന്നു. പറയുക: "അല്‍പകാലം നീ നിന്റെ സത്യനിഷേധവുമായി സുഖിച്ചുകൊള്ളുക. സംശയമില്ല; നീ നരകാവകാശികളില്‍ പെട്ടവന്‍ തന്നെ."
9-അവനെപ്പോലെയാണോ സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും രാത്രി കീഴ്വണക്കത്തോടെ കഴിച്ചുകൂട്ടുന്നവന്‍. പരലോകത്തെ പേടിക്കുന്നവനാണിവന്‍. തന്റെ നാഥന്റെ കാരുണ്യം കൊതിക്കുന്നവനും. അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
10-പറയുക: "എന്റെ വിശ്വാസികളായ ദാസന്മാരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തുക. ഈ ലോകത്ത് നന്മ ചെയ്തവര്‍ക്ക് മേന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമി വളരെ വിശാലമാണ്. ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക.
11-പറയുക: "കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി അവനു വഴിപ്പെടണമെന്ന് എന്നോടവന്‍ കല്‍പിച്ചിരിക്കുന്നു.
12-"മുസ്ലിംകളില്‍ ഒന്നാമനാകണമെന്നും എന്നോട് അവനാജ്ഞാപിച്ചിരിക്കുന്നു."
13-പറയുക: "ഞാനെന്റെ നാഥനെ ധിക്കരിക്കുകയാണെങ്കില്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു.
14-പറയുക: "ഞാനെന്റെ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി. അവനെ മാത്രം വഴിപ്പെടുന്നു.
15-"എന്നാല്‍ നിങ്ങള്‍ അവനെക്കൂടാതെ തോന്നിയവയെയൊക്കെ പൂജിച്ചുകൊള്ളുക." പറയുക: "ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സ്വന്തത്തിനും സ്വന്തക്കാര്‍ക്കും നഷ്ടം വരുത്തിവെച്ചവര്‍ തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍; അറിയുക: അതുതന്നെയാണ് പ്രകടമായ നഷ്ടം!"
16-അവര്‍ക്കു മീതെ നരകത്തീയിന്റെ ജ്വാലയാണ് തണലായുണ്ടാവുക. താഴെയുമുണ്ട് തീത്തട്ടുകള്‍. അതിനെപ്പറ്റിയാണ് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ എന്റെ ദാസന്മാരേ, എന്നോട് ഭക്തിയുള്ളവരാവുക.
17-പൈശാചിക ശക്തികള്‍ക്ക് വഴിപ്പെടുന്നത് വര്‍ജിക്കുകയും അല്ലാഹുവിങ്കലേക്ക് താഴ്മയോടെ തിരിച്ചുചെല്ലുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ശുഭവാര്‍ത്ത. അതിനാല്‍ എന്റെ ദാസന്മാരെ ശുഭവാര്‍ത്ത അറിയിക്കുക.
18-വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ.
19-അപ്പോള്‍ ശിക്ഷാവിധി സ്ഥിരപ്പെട്ടുകഴിഞ്ഞവന്റെ സ്ഥിതിയോ; നരകത്തീയിലുള്ളവനെ രക്ഷിക്കാന്‍ നിനക്കാവുമോ?
20-എന്നാല്‍ തങ്ങളുടെ നാഥനോട് ഭക്തിപുലര്‍ത്തിയവര്‍ക്ക് തട്ടിനുമേല്‍ തട്ടുകളായി നിര്‍മിച്ച മണിമേടകളുണ്ട്. അവയുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
21-നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നതും. പിന്നീട് അതുവഴി അല്ലാഹു വര്‍ണ വൈവിധ്യമുള്ള വിളകളുല്‍പാദിപ്പിക്കുന്നു. അതിനുശേഷം അവ ഉണങ്ങുന്നു. അപ്പോഴവ മഞ്ഞച്ചതായി നിനക്കു കാണാം. പിന്നെ അവനവയെ കച്ചിത്തുരുമ്പാക്കുന്നു. വിചാരമതികള്‍ക്കിതില്‍ ഗുണപാഠമുണ്ട്.
22-അല്ലാഹു ഒരാള്‍ക്ക് ഇസ്ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്.
23-ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല.
24-എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തനിക്കു നേരെ വരുന്ന കഠിനശിക്ഷയെ തന്റെ മുഖം കൊണ്ടു തടുക്കേണ്ടിവരുന്നവന്റെ സ്ഥിതിയോ? അതിക്രമികളോട് അന്ന് പറയും: "നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതത്രയും നിങ്ങള്‍തന്നെ ആസ്വദിച്ചുകൊള്ളുക."
25-ഇവര്‍ക്കു മുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞു. അവസാനം അവരോര്‍ക്കാത്ത ഭാഗത്തുനിന്ന് വിപത്തുകള്‍ അവരില്‍ വന്നെത്തി.
26-അങ്ങനെ അല്ലാഹു അവരെ ഐഹികജീവിതത്തില്‍ തന്നെ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷയോ അതിലും എത്രയോ കൂടുതല്‍ കഠിനമത്രേ. ഇക്കൂട്ടരിതറിഞ്ഞിരുന്നെങ്കില്‍!
27-നാം ഈ ഖുര്‍ആനിലൂടെ മനുഷ്യര്‍ക്കായി വിവിധയിനം ഉദാഹരണങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ചറിയാന്‍.
28-അറബി ഭാഷയിലുള്ള ഖുര്‍ആനാണിത്. ഇതിലൊട്ടും വളച്ചുകെട്ടില്ല. അവര്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണിത്.
29-അല്ലാഹു ഇതാ ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരു മനുഷ്യന്‍. അനേകമാളുകള്‍ അവന്റെ ഉടമസ്ഥതയില്‍ പങ്കാളികളാണ്. അവര്‍ പരസ്പരം കലഹിക്കുന്നവരുമാണ്. മറ്റൊരു മനുഷ്യന്‍; ഒരു യജമാനനു മാത്രം കീഴ്പെട്ട് കഴിയുന്നവനാണയാള്‍. ഈ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
30-സംശയമില്ല; ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും.
31-പിന്നെ, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളുടെ നാഥന്റെ സന്നിധിയില്‍ വെച്ച് നിങ്ങള്‍ കലഹിക്കും.
32-അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും തനിക്കു സത്യം വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തീയല്ലയോ സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം.
33-സത്യസന്ദേശവുമായി വന്നവനും അതിനെ സത്യപ്പെടുത്തിയവനും തന്നെയാണ് ഭക്തി പുലര്‍ത്തുന്നവര്‍.
34-അവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതാണ് സച്ചരിതര്‍ക്കുള്ള പ്രതിഫലം.
35-അവര്‍ ചെയ്തുപോയതില്‍ ഏറ്റവും ചീത്ത പ്രവൃത്തിപോലും അല്ലാഹു അവരില്‍നിന്ന് മായ്ച്ചുകളയാനാണിത്. അവര്‍ ചെയ്തുകൊണ്ടിരുന്ന ഏറ്റം നല്ല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലവര്‍ക്കു പ്രതിഫലം നല്‍കാനും.
36-അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല.
37-വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയാണെങ്കില്‍ അവനെ വഴികേടിലാക്കാനും ആര്‍ക്കും സാധ്യമല്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനും അല്ലെന്നോ?
38-ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, "അല്ലാഹു"വെന്ന്. എങ്കില്‍ ചോദിക്കുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?" അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?" പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ.
39-പറയുക: "എന്റെ ജനമേ, നിങ്ങള്‍ നിങ്ങള്‍ക്കാവുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം. അടുത്തുതന്നെ നിങ്ങള്‍ക്കു മനസ്സിലായിക്കൊള്ളും;
40-"ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്ന്. സ്ഥിരമായ ശിക്ഷ വന്നിറങ്ങുക ആരുടെ മേലാണെന്നും."
41-സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല.
42-മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
43-അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശ ചെയ്യുമെന്നോ?
44-പറയുക: "ശിപാര്‍ശക്കുള്ള അവകാശമൊക്കെയും അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്നാണ് ആകാശഭൂമികളുടെ ആധിപത്യം. പിന്നീട് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതും അവങ്കലേക്കുതന്നെ."
45-ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
46-പറയുക: "അല്ലാഹുവേ, ആകാശഭൂമികളുടെ സ്രഷ്ടാവേ, ദൃശ്യവും അദൃശ്യവും അറിയുന്നവനേ, നിന്റെ അടിമകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ അവസാനം വിധി തീര്‍പ്പുണ്ടാക്കുന്നത് നീയാണല്ലോ."
47-ഭൂമിയിലുള്ളതൊക്കെയും അതോടൊപ്പം അത്രയും, അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ കടുത്ത ശിക്ഷയില്‍നിന്നു രക്ഷനേടാന്‍ അതൊക്കെയും അവര്‍ പിഴയായി നല്‍കാന്‍ തയ്യാറാകും. നേരത്തെ ഒരിക്കലും അവര്‍ ഊഹിക്കുകപോലും ചെയ്തിട്ടില്ലാത്ത പലതും അവിടെ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വെളിപ്പെടുന്നു.
48-അവര്‍ ശേഖരിച്ചുവെച്ചതിന്റെ ദുഷ്ഫലങ്ങളവര്‍ക്ക് വെളിപ്പെടും. അന്നോളം അവര്‍ പുച്ഛിച്ചു തള്ളിയിരുന്ന അതേശിക്ഷ തന്നെ അവരെ ബാധിക്കുകയും ചെയ്യും.
49-വല്ല വിപത്തും ബാധിച്ചാല്‍ മനുഷ്യന്‍ നമ്മെ വിളിച്ചുപ്രാര്‍ഥിക്കും. പിന്നീട് നാം വല്ല അനുഗ്രഹവും നല്‍കിയാലോ അവന്‍ പറയും: "ഇതെനിക്ക് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയതാണ്." എന്നാല്‍ യഥാര്‍ഥത്തിലതൊരു പരീക്ഷണമാണ്. പക്ഷേ, അവരിലേറെ പേരും അതറിയുന്നില്ല.
50-ഇവര്‍ക്കു മുമ്പുള്ളവരും ഇവ്വിധം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ സമ്പാദിച്ചതൊന്നും അവര്‍ക്കൊട്ടും ഉപകരിച്ചില്ല.
51-അങ്ങനെ അവര്‍ സമ്പാദിച്ചതിന്റെ ദുരന്തഫലങ്ങള്‍ അവരെ ബാധിച്ചു. അതേപോലെ ഇക്കൂട്ടരില്‍ അതിക്രമികള്‍ക്കും അവര്‍ നേടിയതിന്റെ ദുഷ്ഫലങ്ങള്‍ ബാധിക്കാന്‍ പോവുകയാണ്. ഇവര്‍ക്കും നമ്മെ തോല്‍പിക്കാനാവില്ല.
52-ഇവര്‍ മനസ്സിലാക്കുന്നില്ലേ; അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിപുലമാക്കിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവു വരുത്തുന്നു. സത്യവിശ്വാസികളായ ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
53-പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.
54-നിങ്ങള്‍ക്കു ശിക്ഷ വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. അവന് കീഴ്പെടുക. ശിക്ഷ വന്നെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല.
55-നിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങള്‍ക്കു ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് ഇറക്കിക്കിട്ടിയ വേദത്തിലെ വചനങ്ങളെ പിന്‍പറ്റുക.
56-ആരും ഇങ്ങനെ പറയാന്‍ ഇടവരാതിരിക്കട്ടെ: "എന്റെ നാശം, അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ ഞാന്‍ വല്ലാതെ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ അതിനെ പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയി.
57-അല്ലെങ്കില്‍ ഇങ്ങനെയും പറയേണ്ടിവരാതിരിക്കട്ടെ: "അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ ഭക്തന്മാരിലുള്‍പ്പെടുമായിരുന്നേനെ."
58-അതുമല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുമ്പോള്‍ ഇവ്വിധം പറയാനിടവരരുത്: "എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സച്ചരിതരില്‍പെടുമായിരുന്നു."
59-എന്നാല്‍ സംശയമില്ല; എന്റെ വചനങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു. അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ നീ സത്യനിഷേധികളിലുള്‍പ്പെട്ടു.
60-അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ കറുത്തിരുണ്ടവയായി നിനക്കു കാണാം. നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം.
61-ഭക്തിപുലര്‍ത്തിയവരെ അവരവലംബിച്ച വിജയകരമായ ജീവിതം കാരണം അല്ലാഹു രക്ഷപ്പെടുത്തും. ശിക്ഷ അവരെ ബാധിക്കുകയില്ല. അവര്‍ ദുഃഖിക്കേണ്ടിവരില്ല.
62-അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും.
63-ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ വശമാണുള്ളത്. അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് തുലഞ്ഞവര്‍.
64-ചോദിക്കുക: "വിവേകംകെട്ടവരേ, ഞാന്‍ അല്ലാഹു അല്ലാത്തവരെ പൂജിക്കണമെന്നാണോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്?"
65-സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: "നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും."
66-അതിനാല്‍ നീ അല്ലാഹുവിനു മാത്രം വഴിപ്പെടുക. നന്ദി കാണിക്കുന്നവരിലുള്‍പ്പെടുക.
67-അല്ലാഹുവെ പരിഗണിക്കേണ്ട വിധം ഇക്കൂട്ടര്‍ പരിഗണിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഭൂമി മുഴുവന്‍ അവന്റെ കൈപ്പിടിയിലൊതുങ്ങും. ആകാശങ്ങള്‍ അവന്റെ വലംകയ്യില്‍ ചുരുട്ടിക്കൂട്ടിയതായിത്തീരും. അവനെത്ര പരിശുദ്ധന്‍! ഇവരാരോപിക്കുന്ന പങ്കാളികള്‍ക്കെല്ലാം അതീതനും അത്യുന്നതനുമാണവന്‍.
68-അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു.
69-അന്ന് ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിതമാകും. കര്‍മപുസ്തകം സമര്‍പ്പിക്കപ്പെടും. പ്രവാചകന്മാരും സാക്ഷികളും ഹാജരാക്കപ്പെടും. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിത്തീര്‍പ്പുണ്ടാകും. ആരും അനീതിക്കിരയാവില്ല.
70-ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന് അര്‍ഹമായ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
71-സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തീയിലേക്ക് നയിക്കപ്പെടും. അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍ അതിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അതിന്റെ കാവല്‍ക്കാര്‍ അവരോടിങ്ങനെ ചോദിക്കും: "നിങ്ങളുടെ നാഥന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു തരികയും ഈ ദിനത്തെ കണ്ടുമുട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്ത, നിങ്ങളില്‍നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ?" അവര്‍ പറയും: "അതെ. പക്ഷേ, സത്യനിഷേധികള്‍ക്ക് ശിക്ഷാവിധി സ്ഥിരപ്പെട്ടുപോയി."
72-അവരോടു പറയും: "നിങ്ങള്‍ നരക വാതിലുകളിലൂടെ കടന്നുകൊള്ളുക. നിങ്ങളിവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം എത്ര ചീത്ത!"
73-തങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തിയവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അവരവിടെ എത്തുമ്പോള്‍ അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയായിരിക്കും. അതിന്റെ കാവല്‍ക്കാര്‍ അരോടു പറയും: "നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ക്കു നല്ലതു വരട്ടെ. സ്ഥിരവാസികളായി നിങ്ങളിതില്‍ പ്രവേശിച്ചുകൊള്ളുക."
74-അവര്‍ പറയും: ഞങ്ങളോടുള്ള വാഗ്ദാനം പൂര്‍ത്തീകരിച്ചു തരികയും ഞങ്ങളെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. ഈ സ്വര്‍ഗത്തില്‍ നാമുദ്ദേശിക്കുന്നേടത്ത് നമുക്കു താമസിക്കാമല്ലോ. അപ്പോള്‍ കര്‍മം ചെയ്യുന്നവരുടെ പ്രതിഫലം എത്ര മഹത്തരം!
75-മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. "പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി"യെന്ന് പറയപ്പെടുകയും ചെയ്യും.