38 സ്വാദ്

ആമുഖം
നാമം
ആരംഭത്തില്‍തന്നെയുള്ള `സ്വാദ്` എന്ന അക്ഷരമാണ് അധ്യായത്തിന്റെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 
അവതരണകാലം
പറയാന്‍ പോകുന്നതനുസരിച്ച് ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം നബി(സ) മക്കയില്‍ പരസ്യമായ പ്രബോധനം തുടങ്ങുകയും ഖുറൈശി തലവന്മാര്‍ അദ്ദേഹത്തിനെതിരില്‍ ഇളകിവശാവുകയും ചെയ്ത ഘട്ടത്തിലാണ് ഈ അധ്യായം അവതീര്‍ണമായത്. അതുപ്രകാരം ഇതിന്റെ അവതരണം ഏതാണ്ട് പ്രവാചകത്വലബ്ധിയുടെ നാലാം ആണ്ടിലാണെന്ന് വരുന്നു. വേറെ ചില റിപ്പോര്‍ട്ടുകളില്‍ ഇതവതരിച്ചത് ഹ. ഉമര്‍ (റ) ഇസ്ലാം സ്വീകരിച്ചശേഷമാണ്. അബ്സീനിയന്‍ ഹിജ്റക്കു ശേഷമാണല്ലോ അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. അബൂത്വാലിബിന്റെ രോഗാവസ്ഥയിലാണ് ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന സംഭവമുണ്ടായതെന്നാണ് മറ്റു ചില നിവേദനങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. അത് ശരിയാണെങ്കില്‍ അധ്യായം അവതരിച്ചത് പ്രവാചകത്വലബ്ധിയുടെ പത്താം വര്‍ഷമോ പതിനൊന്നാം വര്‍ഷമോ ആയിരിക്കണം. 
ചരിത്ര പശ്ചാത്തലം
ഇമാം അഹ്മദ്, നസാഈ, തിര്‍മിദി, ഇബ്നുജരീര്‍, ഇബ്നു അബീശൈബ, ഇബ്നു അബീഹാതിം, മുഹമ്മദുബ്നു ഇസ്ഹാഖ് തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുള്ളതിന്റെ സംഗ്രഹമിതാണ്: അബൂത്വാലിബ് രോഗാതുരനാവുകയും അദ്ദേഹത്തിന്റെ അന്ത്യമടുത്തുവെന്ന് ഖുറൈശിപ്രമാണികള്‍ക്ക് തോന്നുകയും ചെയ്തപ്പോള്‍ അവര്‍ സംയുക്തമായി അദ്ദേഹത്തോട് സംസാരിക്കുവാന്‍ തീരുമാനിച്ചു. തങ്ങളും അദ്ദേഹത്തിന്റെ സഹോദര പുത്രനും തമ്മിലുള്ള പ്രശ്നം അദ്ദേഹം തന്നെ തീര്‍ക്കുകയാണെങ്കില്‍ അതാണ് നല്ലത്. അല്ലെങ്കില്‍ തങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം മുഹമ്മദിന്റെ നേരെ തിരിഞ്ഞാല്‍ ആളുകള്‍ പറയും, ആ വയസ്സന്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ അയാളെ പരിഗണിച്ചു. ഇപ്പോള്‍ അദ്ദേഹം മരിച്ചപ്പോള്‍ ഇവര്‍ അദ്ദേഹത്തിന്റെ സഹോദരപുത്രനുനേരെ ചാടിവീഴുന്നു....` ഇതായിരുന്നു അവരുടെ പ്രചോദനം. ഈ അഭിപ്രായത്തില്‍ എല്ലാവരും യോജിച്ചു. അങ്ങനെ അബൂജഹ്ല്‍, അബൂസുഫ്യാന്‍, ഉമയ്യതുബ്നു ഖലഫ്, ആസ്വിബ്നുവാഇല്‍, അസ്വദുബ്നുല്‍ മുത്ത്വലിബ്, ഉഖ്ബതുബ്നു അബീമുഐത്ത്, ഉത്ബ, ശൈബ എന്നിവരുള്‍പ്പെടെയുള്ള ഇരുപത്തഞ്ചോളം ഖുറൈശി പ്രമാണിമാര്‍ അബൂത്വാലിബിന്റെ സന്നിധിയിലെത്തി. ആദ്യം പതിവുപോലെ അവര്‍ മുഹമ്മദിനെക്കുറിച്ച് തങ്ങള്‍ക്കുള്ള പരാതികള്‍ വിവരിച്ചു. പിന്നെ പറഞ്ഞു: ഞങ്ങള്‍ ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശിക്കുന്നതിനാണ് അങ്ങയുടെ മുന്നില്‍ വന്നിരിക്കുന്നത്. അങ്ങയുടെ സഹോദരപുത്രന്‍ ഞങ്ങളേയും ഞങ്ങളുടെ മതത്തേയും വിമര്‍ശിക്കരുത്. അയാളെയും അയാളുടെ മതത്തെയും ഞങ്ങള്‍ വെറുതെ വിട്ടുകൊള്ളാം. അയാള്‍ തനിക്കിഷ്ടമുള്ള ദൈവത്തെ ആരാധിച്ചുകൊള്ളട്ടെ. ഞങ്ങളത് തടയുകയില്ല. പക്ഷേ, ഞങ്ങളുടെ ദൈവങ്ങളെ അയാള്‍ വിമര്‍ശിക്കരുത്. അവയെ കൈവെടിയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയുമരുത്. ഈ വ്യവസ്ഥയില്‍ അങ്ങ് ഞങ്ങള്‍ക്കും അങ്ങയുടെ സഹോദരപുത്രനുമിടയില്‍ സന്ധിയുണ്ടാക്കണം. അബൂത്വാലിബ് നബി(സ)യെ വിളിപ്പിച്ചിട്ടു പറഞ്ഞു: സഹോദരപുത്രാ, നിന്റെ സമുദായത്തിലെ പ്രമാണിമാരിതാ എന്റെയടുക്കല്‍ വന്നിരിക്കുന്നു. ഒരു ഒത്തുതീര്‍പ്പുവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നീയും അവരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണവരുടെ ആഗ്രഹം. തുടര്‍ന്നു ഖുറൈശികളുന്നയിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥ അദ്ദേഹം തിരുമേനി(സ)യെ കേള്‍പ്പിച്ചു. നബി(സ) പറഞ്ഞു: പിതൃവ്യാ, ഞാനവരുടെ മുമ്പില്‍ ഒരു വചനമവതരിപ്പിക്കുന്നു. അതംഗീകരിക്കുകയാണെങ്കില്‍ അറബികള്‍ അവരെ അനുസരിക്കും. അനറബികള്‍ അവര്‍ക്ക് കപ്പംകൊടുക്കും.`* (പ്രവാചകന്റെ ഈ പ്രതികരണം വ്യത്യസ്ത വാക്കുകളില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു റിപ്പോര്‍ട്ടു പ്രകാരം അവിടന്ന് പറഞ്ഞതിങ്ങനെയാണ്: أريدهم على كلمة واحدة يقولونها تدين لهم بها العرب وتؤدي إليهم بها العجم الجزية (അവര്‍ ഒരൊറ്റ വചനം പ്രഖ്യാപിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. എങ്കില്‍ അറബികള്‍ അവരെ അനുസരിക്കും. അനറബികളെ അവര്‍ ഭരിക്കും) മറ്റൊരു നിവേദനത്തില്‍ വാചകം ഇപ്രകാരമാണ്: أدعوهم إلى أن يتكلموا بكلمة تدين لهم بها العرب ويملكون بها العجم (അവരെ ഒരു വചനമുച്ചരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. അതുവഴി അറബികള്‍ അവര്‍ക്ക് വിധേയരാകും. അനറബികള്‍ക്ക് അവര്‍ യജമാനന്മാരാകും.) മറ്റൊരു നിവേദനത്തില്‍ പ്രവാചകന്‍ അബൂത്വാലിബിന്നു പകരം ഖുറൈശികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെയാണ്: كلمة واحدة تعطونيها تملكون بها العرب وتدين لكم بها العجم (നിങ്ങള്‍ ഒരൊറ്റ വാക്കു തരിക. എങ്കില്‍ അതുവഴി അറബികളെ നിങ്ങള്‍ ഭരിക്കുകയും അനറബികള്‍ നിങ്ങളെ അനുസരിക്കുകയും ചെയ്യും) ഇനിയുമൊരു നിവേദനത്തിലുള്ള പദങ്ങള്‍ ഇപ്രകാരമാകുന്നു: നിങ്ങളെന്തു വിചാരിക്കുന്നു; ഞാന്‍ തരുന്ന ഒരു വചനം നിങ്ങള്‍ പറയുകയാണെങ്കില്‍ അതുവഴി അറബികള്‍ നിങ്ങളെ അനുസരിക്കും. പദപരമായ ഭിന്നതകളുണ്ടെങ്കിലും എല്ലാറ്റിന്റെയും ആശയം ഒന്നുതന്നെയാകുന്നു. അതായത്, ഞാന്‍ ഒരു സന്ദേശം നിങ്ങളുടെ മുന്നിലവതരിപ്പിക്കാം. അത് സ്വീകരിച്ചാല്‍ നിങ്ങള്‍ അറബികളുടെയും അനറബികളുടെയും നായകരാകുമെങ്കില്‍ അതാണോ കൂടുതല്‍ നല്ലത്, അതല്ല നിങ്ങള്‍ എന്റെ മുമ്പില്‍ വെക്കുന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളോ? ഈ സന്ദേശം സ്വീകരിക്കുന്നതിലാണോ അതല്ല നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയില്‍ തന്നെ അവശേഷിക്കാന്‍ വിട്ടു, ഞാന്‍ സ്വന്തം നിലക്ക് എന്റെ ദൈവത്തെ ആരാധിക്കുന്നതിലോ നിങ്ങള്‍ക്ക് നന്മയുള്ളത്?) ഇത് കേട്ടപ്പോള്‍ ആദ്യം അവര്‍ പ്രകോപിതരായി എഴുന്നേറ്റു. ഇത്ര നല്ല ഒരു വാക്യത്തെ എങ്ങനെ തള്ളിക്കളയുമെന്ന് അവര്‍ക്ക് മനസ്സിലായില്ല. പിന്നെ അല്‍പം അശാന്തരായിക്കൊണ്ട് അവര്‍ പറഞ്ഞു: താങ്കള്‍ ഒരു വാക്യം പറഞ്ഞുകൊള്ളുക. അതുപോലുള്ള പത്തു വാക്യങ്ങള്‍ പറയാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, ഒരു വാക്യം എന്താണെന്ന് പറയണം.` അവിടുന്ന് പറഞ്ഞു: `ലാ ഇലാഹ ഇല്ലല്ലാഹ്.` ഇതുകേട്ടപ്പോള്‍ അവര്‍ ഒന്നടങ്കം എഴുന്നേറ്റ്, ഈ സൂറയുടെ ആരംഭത്തില്‍ അല്ലാഹു ഉദ്ധരിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്ഥലം വിടുകയും ചെയ്തു.  ഈ കഥ നാം വിവരിച്ചതുപോലെ തന്നെയാണ് ഇബ്നു സഅ്ദ് തന്റെ ത്വബഖാത്തില്‍ ഉദ്ധരിച്ചിട്ടുള്ളത്. പക്ഷേ, അദ്ദേഹത്തിന്റെ നിവേദനപ്രകാരം ഈ സംഭവം നടന്നത് അബൂത്വാലിബിന്റെ മരണകാരണമായ രോഗകാലത്തായിരുന്നില്ല. പ്രത്യുത തിരുമേനി(സ) പൊതുവായ പ്രബോധനം ആരംഭിക്കുകയും മക്കയില്‍ ഇന്ന് ഇന്നയാള്‍ മുസ്ലിമായി, ഇന്നലെ ഇന്നവന്‍ മുസ്ലിമായി എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നിരന്തരം പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തിലായിരുന്നു. അന്ന് ഖുറൈശി നേതാക്കള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി അബൂത്വാലിബിനെ സമീപിക്കുകയും മുഹമ്മദിനെ ഈ പ്രബോധനത്തില്‍നിന്ന് തടയാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ നിവേദക സംഘങ്ങളിലൊന്നുമായി നടന്ന സംഭാഷണമാണിതും. ഹ. ഉമര്‍(റ)  ഇസ്ലാം സ്വീകരിച്ചതറിഞ്ഞ് പരിഭ്രാന്തരായപ്പോഴാണ് ഈ നിവേദക സംഘം അബൂത്വാലിബിനെ സമീപിച്ചതെന്നാണ് സമഖ്ശരി, റാസി, നൈസാപൂരി തുടങ്ങിയ മറ്റു ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. പക്ഷേ, ഈ നിവേദനത്തിന് ചരിത്രഗ്രന്ഥങ്ങളില്‍ നിന്നൊന്നും യാതൊരവലംബവും നമുക്ക് കണ്ടെത്താനായിട്ടില്ല. ഈ മുഫസ്സിറുകളാവട്ടെ തങ്ങളുടെ അവലംബം വ്യക്തമാക്കിയിട്ടുമില്ല. ഏതായാലും ഇതു ശരിയാണെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിങ്ങനെയാണ്: മാന്യതയിലും സംസ്കാരത്തിലും ജീവിത വിശുദ്ധിയിലും വിജ്ഞാനത്തിലും വിവേകത്തിലും തങ്ങളുടെ സമുദായത്തില്‍ അതുല്യനായ ഒരാള്‍ തങ്ങള്‍ക്കിടയില്‍ ഈ പ്രബോധനവുമായി എഴുന്നേറ്റതുതന്നെ ഖുറൈശികളെ ഉത്കണ്ഠാകുലരാക്കിയിരുന്നു. പിന്നെ മക്കയിലും പരിസരത്തുമുള്ള കുട്ടികള്‍പോലും അങ്ങേയറ്റം സച്ചരിതനും ബുദ്ധിമാനുമെന്ന് മനസ്സിലാക്കിയിട്ടുള്ള അബൂബക്കറിനെപ്പോലുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതും അവര്‍ കണ്ടു. ഇപ്പോള്‍ ധീരശൂരനും നിശ്ചയദാര്‍ഢ്യമുള്ളവനുമായ ഉമറിനെപ്പോലുള്ളവരും ആ വഴിക്ക് നീങ്ങുന്നതാണ് കാണുന്നത്. ഈ രണ്ടുകൂട്ടരും കൂടിച്ചേരുമ്പോള്‍ ആപത്ത് താങ്ങാവുന്നതിന്റെ എല്ലാ സീമകളും വിട്ടുകടക്കുന്നതായി തീര്‍ച്ചയായും അവര്‍ക്കു തോന്നിയിരിക്കാം. 
പ്രതിപാദ്യ വിഷയം
മുകളില്‍ പറഞ്ഞ സഭയെ നിരൂപണം ചെയ്തുകൊണ്ടാണ് സൂറ ആരംഭിക്കുന്നത്. നിഷേധികളും തിരുമേനിയും തമ്മില്‍ നടന്ന സംഭാഷണത്തെ അടിസ്ഥാനമാക്കി അല്ലാഹു പറയുന്നു: ഈയാളുകളുടെ നിഷേധത്തിന്റെ മൂലകാരണം ഇസ്ലാമിക പ്രബോധനത്തിന്റെ ഏതെങ്കിലും ന്യൂനതയല്ല. മറിച്ച് അവരുടെ അഹന്തയും അസൂയയും അന്ധമായ അനുകരണ ഭ്രമവുമാണ്. തങ്ങളില്‍നിന്നുതന്നെയുള്ള ഒരാളെ അല്ലാഹുവിന്റെ ദൂതനായി അംഗീകരിക്കാനോ പിന്‍പറ്റാനോ ഇക്കൂട്ടര്‍ തയാറല്ല. തങ്ങളുടെ തൊട്ട് മുന്‍ഗാമികളുടെ മൂഢസങ്കല്‍പങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കാനാണിവര്‍ ആഗ്രഹിക്കുന്നത്. ഈ മൂഢതയുടെ തിരശ്ശീല ഭേദിച്ച് ഒരാള്‍ യാഥാര്‍ഥ്യം ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോള്‍ അവര്‍ അയാളെക്കുറിച്ച് അപകടക്കാരനെന്ന് മുന്നറിയിപ്പു നല്‍കുന്നു. അയാളുടെ സന്ദേശത്തെ വിചിത്രമെന്നും മുമ്പെങ്ങും കേട്ടിട്ടില്ലാത്തതെന്നും വിശേഷിപ്പിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഏകദൈവ വിശ്വാസവും പരലോക വിശ്വാസവും പരിഗണിക്കാനേ പറ്റുന്ന സംഗതികളല്ല; കേവലം പുച്ഛിച്ചുതള്ളേണ്ട കാര്യങ്ങളാണ്. അനന്തരം സൂറയുടെ ആരംഭത്തിലും സമാപനവചനത്തിലും നിഷേധികളെ ഇപ്രകാരം താക്കീതു ചെയ്യുകയാണ്: ഏതൊരാളെ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, ഏതൊരാളുടെ മാര്‍ഗദര്‍ശനം സ്വീകരിക്കാന്‍ ഇന്ന് നിങ്ങള്‍ വിസമ്മതിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ അടുത്ത ഭാവിയില്‍ ജേതാവാകും. നിങ്ങളദ്ദേഹത്തെ തോല്‍പിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ മക്കയില്‍തന്നെ നിങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നവരായി കാണപ്പെടുന്നനാള്‍ അധികം അകലെയല്ല. പിന്നെ തുടര്‍ച്ചയായി ഒമ്പതു പ്രവാചകവര്യരെക്കുറിച്ച് പറയുന്നു. അക്കൂട്ടത്തില്‍ ദാവൂദ്, സുലൈമാന്‍ (അ) എന്നിവരുടെ കഥ ഏറെ വിശദമാണ്. തന്റെ നീതിനിയമങ്ങള്‍ നിര്‍ദാക്ഷിണ്യം നടപ്പിലാക്കപ്പെടുന്നതാണെന്ന് ശ്രോതാക്കളെ ധരിപ്പിക്കുകയാണ് അല്ലാഹു. മനുഷ്യന്റെ സുചരിതം മാത്രമേ അവങ്കല്‍ സ്വീകാര്യമായിരിക്കൂ. അന്യായം ആരു ചെയ്താലും പിടികൂടപ്പെടും. അബദ്ധങ്ങളില്‍ ഉറച്ചുനില്‍ക്കാതെ, അത് ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ ഉടനെ പശ്ചാത്തപിച്ചു മടങ്ങുകയും പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന വിചാരത്തോടെ ഇഹലോകത്ത് ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവങ്കല്‍ ഇഷ്ടപ്പെട്ടവരായിരിക്കൂ. അനന്തരം അനുസരണമുള്ള ദാസന്മാരും ധിക്കാരികളായവരും പരലോകത്ത് അഭിമുഖീകരിക്കാനിരിക്കുന്ന വ്യത്യസ്തമായ പരിണതികള്‍ ചിത്രീകരിക്കുകയാണ്. ഇവ്വിഷയകമായി നിഷേധികളോട് രണ്ടു കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്: ഒന്ന്, ഇന്ന് ഈയാളുകള്‍ ഏതെല്ലാം നേതാക്കളുടെയും ആചാര്യന്മാരുടെയും പിന്നാലെയാണോ അന്ധരായി ഓടിക്കൊണ്ടിരിക്കുന്നത്, ഇതേ ആളുകള്‍ നാളെ അവരുടെ അനുയായികള്‍ക്കു മുമ്പേ നരകത്തിലെത്തിച്ചേരുന്നതായിരിക്കും. അപ്പോള്‍ ഓരോരുത്തരും മറുപക്ഷത്തെ ശപിച്ചുകൊണ്ടിരിക്കും. രണ്ട്, ഇന്ന് ഇവര്‍ നീചരും അഭിശപ്തരുമായി കരുതുന്ന വിശ്വാസികളുണ്ടല്ലോ, അവരിലാരുടെയും പൊടിപോലും നരകത്തിലില്ലെന്നും തങ്ങള്‍ തന്നെയാണ് ശിക്ഷയിലകപ്പെട്ടതെന്നും നാളെ ഇവര്‍ പരിഭ്രാന്തിയോടെ കണ്ണുമിഴിച്ചു കാണേണ്ടിവരുന്നതാണ്. അവസാനമായി ആദമിന്റെയും ഇബ്ലീസിന്റെയും കഥയനുസ്മരിച്ചിരിക്കുന്നു. അതുവഴി നിഷേധികളോട് പറയുകയാണ്: മുഹമ്മദ് നബി(സ)ക്ക് വഴങ്ങുന്നതില്‍നിന്ന് നിങ്ങളെ തടഞ്ഞ ആ ചിന്തതന്നെയാണ് ആദമിന്റെ മുന്നില്‍ പ്രണമിക്കുന്നതില്‍നിന്ന് ഇബ്ലീസിനെയും തടഞ്ഞത്. അല്ലാഹു ആദമിന് നല്‍കിയ പദവിയില്‍ ഇബ്ലീസ് അസൂയാലുവായി. അങ്ങനെ ദൈവാജ്ഞക്കെതിരെ ധിക്കാരം കൈക്കൊള്ളുകയും ദൈവശാപത്തിനര്‍ഹനാവുകയും ചെയ്തു. അതുപോലെ ദൈവം മുഹമ്മദിന്(സ) നല്‍കിയ പദവിയില്‍ നിങ്ങള്‍ അസൂയപ്പെടുകയും അല്ലാഹു തന്റെ ദൂതനായി നിയോഗിച്ചയാളെ അനുസരിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്യുന്നു. അതുമൂലം ഇബ്ലീസിന്നുണ്ടാകുന്ന പരിണതി എന്താണോ അതുതന്നെയാണ് ഒടുവില്‍ നിങ്ങള്‍ക്കുമുണ്ടാവുക. 
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
1-സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
2-എന്നാല്‍ സത്യനിഷേധികള്‍ ഔദ്ധത്യത്തിലും കിടമത്സരത്തിലുമാണ്.
3-ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാമവര്‍ അലമുറയിട്ടു. എന്നാല്‍ അത് രക്ഷപ്പെടാനുള്ള അവസരമായിരുന്നില്ല.
4-തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ.
5-"ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!"
6-പ്രമാണിമാര്‍ ഇങ്ങനെ പറഞ്ഞു സ്ഥലംവിട്ടു: "നിങ്ങള്‍ പോകൂ; നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കൂ. ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യുന്ന കാര്യം തന്നെ.
7-"അവസാനം വന്നെത്തിയ സമുദായത്തില്‍ ഇതേപ്പറ്റി ഞങ്ങളൊന്നും കേട്ടിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാണ്.
8-"നമുക്കിടയില്‍ നിന്ന് ഇവന്നാണോ ഉദ്ബോധനം ഇറക്കിക്കിട്ടിയത്?" എന്നാല്‍ അങ്ങനെയല്ല. ഇവര്‍ എന്റെ ഉദ്ബോധനത്തെ സംബന്ധിച്ച് തികഞ്ഞ സംശയത്തിലാണ്. ഇവര്‍ ഇതേവരെ നമ്മുടെ ശിക്ഷ ആസ്വദിക്കാത്തതിനാലാണിത്.
9-അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?
10-അതുമല്ലെങ്കില്‍ ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ആധിപത്യം ഇവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ ഇവരൊന്ന് കയറിനോക്കട്ടെ.
11-ഇവിടെയുള്ളത് ഒരു സൈനിക സംഘമാണ്. വിവിധ കക്ഷികളില്‍ നിന്നുള്ളവരാണ്. തോല്‍ക്കാന്‍പോകുന്ന ദുര്‍ബല സംഘം.
12-ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ആദും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആണിയടിച്ചുറപ്പിച്ചിരുന്ന ഫറവോനും.
13-സമൂദ് സമുദായവും ലൂത്വിന്റെ ജനതയും ഐക്ക നിവാസികളും ഇതുതന്നെ ചെയ്തിട്ടുണ്ട്. അവരാണ് ആ സംഘങ്ങള്‍.
14-ദൈവദൂതന്മാരെ തള്ളിപ്പറയാത്ത ആരും അവരിലില്ല. അതിനാല്‍ എന്റെ ശിക്ഷ അനിവാര്യമായിത്തീര്‍ന്നു.
15-ഒരൊറ്റ ഘോരഗര്‍ജനം മാത്രമാണ് ഇക്കൂട്ടര്‍ കാത്തിരിക്കുന്നത്. അതിനുശേഷം കാലതാമസമുണ്ടാവില്ല.
16-ഇവര്‍ പറയുന്നു: "ഞങ്ങളുടെ നാഥാ, വിചാരണ നാളിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം ഞങ്ങള്‍ക്കു നീ വേഗം നല്‍കേണമേ."
17-ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങിയവനാണ്.
18-മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു.
19-ഒരുമിച്ചു പറക്കുന്ന പറവകളെയും നാം അദ്ദേഹത്തിനു വിധേയമാക്കി. എല്ലാം അവന്റെ സങ്കീര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.
20-അദ്ദേഹത്തിന്റെ ആധിപത്യം നാം ഭദ്രമാക്കി. അദ്ദേഹത്തിനു നാം തത്ത്വജ്ഞാനം നല്‍കി. തീര്‍പ്പുകല്‍പിക്കാന്‍ പോന്ന സംസാരശേഷിയും.
21-മതില്‍ കയറി മറിഞ്ഞ് ചാടിവന്ന ആ വഴക്കിടുന്ന കക്ഷികളുടെ വാര്‍ത്ത നിനക്കു വന്നെത്തിയിട്ടുണ്ടോ?
22-അവര്‍ ദാവൂദിന്റെ അടുത്തുകടന്നു ചെന്ന സന്ദര്‍ഭം! അദ്ദേഹം അവരെക്കണ്ട് പരിഭ്രാന്തനായി. അവര്‍ പറഞ്ഞു: "പേടിക്കേണ്ട; തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് ഞങ്ങള്‍. ഞങ്ങളിലൊരുകൂട്ടര്‍ മറുകക്ഷിയോട് അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ന്യായമായ നിലയില്‍ തീര്‍പ്പുണ്ടാക്കണം. നീതികേട് കാട്ടരുത്. ഞങ്ങളെ നേര്‍വഴിയില്‍ നയിക്കുകയും വേണം.
23-"ഇതാ, ഇവനെന്റെ സഹോദരനാണ്. ഇവന്ന് തൊണ്ണൂറ്റൊമ്പത് പെണ്ണാടുണ്ട്. എനിക്കൊരു പെണ്ണാടും. എന്നിട്ടും ഇവന്‍ പറയുന്നു, അതുംകൂടി തനിക്ക് ഏല്‍പിച്ചുതരണമെന്ന്. വര്‍ത്തമാനത്തില്‍ ഇവനെന്നെ തോല്‍പിക്കുകയാണ്."
24-ദാവൂദ് പറഞ്ഞു: "തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന്‍ നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്." ദാവൂദിന് മനസ്സിലായി; നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നുവെന്ന്. അതിനാല്‍ അദ്ദേഹം തന്റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു മടങ്ങി.
25-അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ സന്നിധിയില്‍ അടുത്ത സ്ഥാനമുണ്ട്. ഉത്തമമായ പര്യവസാനവും.
26-അല്ലാഹു പറഞ്ഞു: "അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്."
27-ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകശിക്ഷയുടെ കൊടുംനാശം.
28-അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?
29-നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാരശാലികള്‍ പാഠമുള്‍ക്കൊള്ളാനും.
30-ദാവൂദിനു നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാണ്.
31-കുതിച്ചുപായാന്‍ തയ്യാറായി നില്‍ക്കുന്ന മേത്തരം കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന സന്ദര്‍ഭം.
32-അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാന്‍ ഈ സമ്പത്തിനെ സ്നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്." അങ്ങനെ ആ കുതിരകള്‍ മുന്നില്‍നിന്ന് പോയി മറഞ്ഞു.
33-അദ്ദേഹം കല്‍പിച്ചു: "നിങ്ങളവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക." എന്നിട്ട് അദ്ദേഹം അവയുടെ കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.
34-സുലൈമാനെയും നാം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിട്ടു. പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി.
35-അദ്ദേഹം പറഞ്ഞു: "നാഥാ, എനിക്കു നീ പൊറുത്തുതരേണമേ! എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം നീ എനിക്കു നല്‍കേണമേ. നീ തന്നെയാണ് എല്ലാം തരുന്നവന്‍; തീര്‍ച്ച."
36-അപ്പോള്‍ നാം അദ്ദേഹത്തിന് കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു. താനിച്ഛിക്കുന്നേടത്തേക്ക് തന്റെ കല്‍പന പ്രകാരം അത് സൌമ്യമായി വീശിയിരുന്നു.
37-ചെകുത്താന്മാരെയും കീഴ്പെടുത്തിക്കൊടുത്തു. അവരിലെ എല്ലാ കെട്ടിട നിര്‍മാതാക്കളെയും മുങ്ങല്‍ വിദഗ്ധരെയും.
38-ചങ്ങലകളിട്ടു പൂട്ടിയ മറ്റു ചിലരെയും അധീനപ്പെടുത്തിക്കൊടുത്തു.
39-നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല.
40-സംശയമില്ല; അദ്ദേഹത്തിന് നമ്മുടെയടുത്ത് ഉറ്റ സാമീപ്യമുണ്ട്. മെച്ചപ്പെട്ട പര്യവസാനവും.
41-നമ്മുടെ ദാസന്‍ അയ്യൂബിനെ ഓര്‍ക്കുക: അദ്ദേഹം തന്റെ നാഥനെ വിളിച്ചിങ്ങനെ പറഞ്ഞു: "ചെകുത്താന്‍ എന്നെ ദുരിതവും പീഡനവും ഏല്‍പിച്ചല്ലോ."
42-നാം നിര്‍ദേശിച്ചു: "നിന്റെ കാലുകൊണ്ട് നിലത്തു ചവിട്ടുക. ഇതാ തണുത്ത വെള്ളം! കുളിക്കാനും കുടിക്കാനും."
43-അദ്ദേഹത്തിന് തന്റെ ആളുകളെയും അവരോടൊപ്പം അത്രതന്നെ വേറെ ആളുകളെയും നാം സമ്മാനിച്ചു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. വിചാരശാലികള്‍ക്ക് ഉദ്ബോധനമായും.
44-നാം പറഞ്ഞു: "നീ ഒരുപിടി പുല്ല് കയ്യിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. അങ്ങനെ ശപഥം പാലിക്കുക." സംശയമില്ല; നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു.
45-നമ്മുടെ ദാസന്മാരായ ഇബ്റാഹീം, ഇസ്ഹാഖ്, യഅ്്ഖൂബ് എന്നിവരെയും ഓര്‍ക്കുക: കൈക്കരുത്തും ദീര്‍ഘദൃഷ്ടിയുമുള്ളവരായിരുന്നു അവര്‍.
46-പരലോകസ്മരണ എന്ന വിശിഷ്ട ഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു.
47-സംശയമില്ല; അവര്‍ നമ്മുടെ അടുത്ത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരില്‍പെട്ടവരാണ്.
48-ഇസ്മാഈലിനെയും അല്‍യസഇനെയും ദുല്‍കിഫ്ലിനെയും ഓര്‍ക്കുക: ഇവരൊക്കെയും നല്ലവരായിരുന്നു.
49-ഇതൊരുദ്ബോധനമാണ്. തീര്‍ച്ചയായും ഭക്തജനത്തിന് മെച്ചപ്പെട്ട വാസസ്ഥലമുണ്ട്.
50-നിത്യവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയാണ്.
51-അവരവിടെ ചാരിയിരിക്കും. ധാരാളം പഴങ്ങളും പാനീയങ്ങളും യഥേഷ്ടം ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
52-അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്ന സമപ്രായക്കാരായ തരുണികളുണ്ടായിരിക്കും.
53-ഇതത്രെ വിചാരണനാളില്‍ നിങ്ങള്‍ക്കു നല്‍കാമെന്ന് നാം വാഗ്ദാനം ചെയ്യുന്നത്.
54-സംശയമില്ല; നാം നല്‍കുന്ന ജീവിതവിഭവങ്ങളാണിവ. അതൊരിക്കലും തീര്‍ന്നുപോവുകയില്ല.
55-ഇതൊരവസ്ഥ. എന്നാല്‍ അതിക്രമികള്‍ക്ക് വളരെ ചീത്തയായ വാസസ്ഥലമാണുണ്ടാവുക.
56-നരകത്തീയാണത്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത സങ്കേതം.
57-ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും.
58-ഇതുപോലുള്ള മറ്റു പലതരം ശിക്ഷകളും അവിടെയുണ്ട്.
59-അവരോട് അല്ലാഹു പറയും: "ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്." അപ്പോഴവര്‍ പറയും: "ഇവര്‍ക്ക് സ്വാഗതോപചാരമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ."
60-ആ കടന്നുവരുന്നവര്‍ പറയും: "അല്ല; നിങ്ങള്‍ക്കു തന്നെയാണ് സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ ചീത്ത സങ്കേതം തന്നെയാണിത്."
61-അവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ശിക്ഷ വരുത്തിവെച്ചവര്‍ക്ക് നീ നരകത്തീയില്‍ ഇരട്ടി ശിക്ഷ നല്‍കേണമേ."
62-അവര്‍ പറയും: "നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ.
63-"നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?"
64-നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്.
65-നബിയേ പറയുക: "ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവല്ലാതെ ദൈവമില്ല. അവന്‍ ഏകനാണ്. സര്‍വാധിപതിയും.
66-"ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകനാണ്. പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും."
67-പറയുക: "ഇതൊരു മഹത്തായ സന്ദേശം തന്നെ.
68-"എന്നാല്‍ നിങ്ങളതിനെ അവഗണിക്കുന്നവരാണ്.
69-"അത്യുന്നതങ്ങളില്‍ വിശിഷ്ട സമൂഹം സംവാദം നടത്തിയ സന്ദര്‍ഭത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയുമായിരുന്നില്ല.
70-"അതേക്കുറിച്ച് എനിക്കു ബോധനം ലഭിച്ചത് ഞാന്‍ വ്യക്തമായൊരു മുന്നറിയിപ്പുകാരന്‍ എന്ന നിലക്കു മാത്രമാണ്."
71-നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: "ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.
72-"അങ്ങനെ ഞാനവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങളവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം."
73-അപ്പോള്‍ മലക്കുകളൊക്കെയും സാഷ്ടാംഗം പ്രണമിച്ചു.
74-ഇബ്ലീസൊഴികെ. അവന്‍ അഹങ്കരിച്ചു. അങ്ങനെ അവന്‍ സത്യനിഷേധിയായി.
75-അല്ലാഹു ചോദിച്ചു: "ഇബ്ലീസേ, ഞാനെന്റെ കൈകൊണ്ട് പടച്ചുണ്ടാക്കിയവന്ന് പ്രണമിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹങ്കരിച്ചോ? അതല്ല; നീ പൊങ്ങച്ചക്കാരില്‍പെട്ടുപോയോ?"
76-ഇബ്ലീസ് പറഞ്ഞു: "മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും."
77-അല്ലാഹു കല്‍പിച്ചു: "എങ്കില്‍ ഇവിടെ നിന്നിറങ്ങിപ്പോകണം. സംശയമില്ല; ഇനിമുതല്‍ ആട്ടിയോടിക്കപ്പെട്ടവനാണ് നീ.
78-"വിധിദിനം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്; തീര്‍ച്ച."
79-ഇബ്ലീസ് പറഞ്ഞു: "എന്റെ നാഥാ, എങ്കില്‍ അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നനാള്‍ വരെ നീ എനിക്കു അവസരം തരേണമേ."
80-അല്ലാഹു അറിയിച്ചു: "നീ അവസരം നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാണ്.
81-"നിശ്ചിതമായ ആ സമയം വന്നെത്തുന്ന ദിവസം വരെ."
82-ഇബ്ലീസ് പറഞ്ഞു: "നിന്റെ പ്രതാപമാണ് സത്യം. തീര്‍ച്ചയായും ഇവരെയൊക്കെ ഞാന്‍ വഴിപിഴപ്പിക്കും.
83-"ഇവരിലെ നിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ."
84-അല്ലാഹു പറഞ്ഞു: "എങ്കില്‍ സത്യം ഇതാണ്. സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ.
85-"നിന്നെയും നിന്നെ പിന്‍പറ്റിയ മറ്റെല്ലാവരെയുംകൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും."
86-പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല."
87-ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമാണ്.
88-നിശ്ചിത കാലത്തിനുശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങളറിയുക തന്നെ ചെയ്യും.