43 അസ്സുഖ്റുഫ്

ആമുഖം
നാമം
35-ാം സൂക്തത്തിലുള്ള زُخْرٌفًا എന്ന പദത്തില്‍നിന്നാണ് ഈ അധ്യായനാമം ലഭിച്ചത്. സുഖ്റുഫ് എന്ന പദമുള്ള അധ്യായം എന്നേ അര്‍ഥമുള്ളൂ. 
അവതരണ കാലം
അവലംബനീയമായ നിവേദനങ്ങളിലൂടെയൊന്നും ഇതിന്റെ അവതരണഘട്ടം അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ ഈ സൂറയും അല്‍മുഅ്മിന്‍, ഹാമീം അസ്സജദ, അശ്ശൂറാ എന്നീ സൂറകള്‍ അവതരിച്ച ഘട്ടത്തില്‍ അവതരിച്ചതാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇവയെല്ലാം ഒരേ പശ്ചാത്തലത്തില്‍ അവതരിച്ച സൂറകളാണെന്ന് കരുതാം. മക്കയിലെ നിഷേധികള്‍ നബി(സ)യുടെ രക്തദാഹികളായിത്തീര്‍ന്നപ്പോഴാണ് അവയുടെ അവതരണമാരംഭിച്ചത്. അക്കാലത്ത് എങ്ങനെ തിരുമേനിയുടെ കഥകഴിക്കാമെന്നതിനെക്കുറിച്ച് അവര്‍ രാപ്പകല്‍ സഭകൂടി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു വധശ്രമം നടന്നുകഴിഞ്ഞിട്ടുമുണ്ടായിരുന്നു. 79-80 സൂക്തങ്ങളില്‍ ഈ സ്ഥിതിവിശേഷത്തെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. 
പ്രതിപാദ്യ വിഷയം
ഈ സൂറ ഖുറൈശികളിലും മറ്റ് അറബികളിലും മൂടുറച്ചുനിന്നിരുന്ന മൂഢവിശ്വാസങ്ങളെയും ഊഹാപോഹങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഭദ്രവും ആകര്‍ഷകവുമായ രീതിയില്‍, അവയിലടങ്ങിയ യുക്തിരാഹിത്യം തുറന്നുകാണിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ അല്‍പമെങ്കിലും യുക്തിബോധമുള്ള ഓരോ വ്യക്തിയും തന്റെ സമൂഹം വഷളാംവണ്ണം അള്ളിപ്പിടിച്ചുകിടക്കുന്നത് എന്തുതരം മൌഢ്യങ്ങളിലാണെന്നും അതിന്റെ ദംഷ്ട്രങ്ങളില്‍നിന്ന് തങ്ങളെ മോചിപ്പിക്കുവാന്‍ യത്നിക്കുന്ന മനുഷ്യനെയാണല്ലോ തങ്ങള്‍ അക്രമിക്കാന്‍ ഓടിനടക്കുന്നതെന്നും ചിന്തിക്കാന്‍ പ്രേരിതരാകുന്നതിനു വേണ്ടിയാണിത്. പ്രഭാഷണം തുടങ്ങുന്നതിങ്ങനെയാണ്: നിങ്ങള്‍ സ്വന്തം ദൌഷ്ട്യത്തിന്റെ ബലംകൊണ്ട് ഈ വേദഅഇത്തിന്റെ അവതരണം തടയാന്‍ തുനിയുന്നു. എന്നാല്‍ ദുഷ്ടന്മാര്‍ നിമിത്തംഅ അല്ലാഹു പ്രവാചകന്മാരുടെ നിയോഗമോ വേദാവതരണമോ നിര്‍ത്തിവെച്ച ചരിത്രമില്ല. മറിച്ച്, അവന്റെ സന്മാര്‍ഗത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ധിക്കാരികളെ നിഹനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതു തന്നെയാണ് ഇനിയും ചെയ്യുക. മുന്നോട്ടു ചെല്ലുമ്പോള്‍ 41-43, 79-80 സൂക്തങ്ങളില്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. പ്രവാചകന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവര്‍ കേള്‍ക്കെ അദ്ദേഹത്തോട് പറയുന്നു: താങ്കള്‍ ജീവിച്ചാലും ഇല്ലെങ്കിലും ഈ ധിക്കാരികളെ നാം ശിക്ഷിക്കുകതന്നെ ചെയ്യും. ആ ധിക്കാരികളെ താക്കീത് ചെയ്യുന്നു: നിങ്ങള്‍ നമ്മുടെ പ്രവാചകനെതിരെ ഒരു മുന്നേറ്റം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, തുടര്‍ന്ന് നാമും നിര്‍ണായകമായ ഒരു മുന്നേറ്റം നടത്തുന്നതാണ്. അനന്തരം, ഇവര്‍ മാറത്തടക്കിപ്പിടിച്ചിട്ടുള്ള മതം ഏതാണെന്നും എന്തെല്ലാം തെളിവുകളുടെ ബലത്തിലാണിവര്‍ പ്രവാചകനെ എതിര്‍ത്തുകൊണ്ടിരിക്കുന്നതെന്നും വിശദീകരിച്ചിരിക്കുന്നു. ആകാശഭൂമികളുടെയും തങ്ങളുടെ ആരാധ്യരുടെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണെന്ന് അവര്‍ സ്വയം സമ്മതിച്ചിരുന്നു. അവരനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെല്ലാം അല്ലാഹു നല്‍കിയതാണെന്നതിലും തര്‍ക്കമില്ല. എന്നിട്ടും അവര്‍ ഇതരന്മാരെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നതിന് ശഠിക്കുകയാണ്. ദൈവദാസന്മാരെ ദൈവത്തിന്റെ മക്കളെന്ന് ആരോപിക്കുന്നു. അതും തങ്ങള്‍ക്കാണെങ്കില്‍ അപമാനവും ഭാരവുമായി കരുതപ്പെടുന്ന പെണ്‍മക്കള്‍. മലക്കുകളെ ദേവിമാരായി നിശ്ചയിച്ചുവെച്ചിരിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ സ്ത്രീരൂപത്തിലാണ് തീര്‍ത്തിട്ടുള്ളത്. പെണ്ണുടുപ്പുകളും ആഭരണങ്ങളും അണിയിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്നാണ് ഭാഷ്യം. അവരെ ആരാധിക്കുകയും അവരോട് ആഗ്രഹാഭിലാഷങ്ങള്‍ തേടുകയും ചെയ്യുന്നു. മലക്കുകള്‍ സ്ത്രീകളാണെന്ന് ഇവര്‍ എങ്ങനെയാണ് മനസ്സിലാക്കിയത്? ഈ മൂഢതകളെ എതിര്‍ക്കുമ്പോള്‍ വിധിവിശ്വാസം നടിച്ചുകൊണ്ട് അവര്‍ പറയുന്നു: അല്ലാഹു ഈ ചെയ്തി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെങ്ങനെയാണ് ഈ വിഗ്രഹങ്ങളെ ആരാധിക്കാന്‍ കഴിയുക! എന്നാല്‍ അല്ലാഹുവിന്റെ പ്രീതിയും അപ്രീതിയും അറിയാനുള്ള മാര്‍ഗം അവന്റെ വേദങ്ങളാകുന്നു; അവന്റെ ഇഛക്ക് വിധേയമായി നടക്കുന്ന കാര്യങ്ങളല്ല. ദൈവേഛക്ക് വിധേയമായി നടക്കുന്നത് വിഗ്രഹാരാധന മാത്രമല്ല, വ്യഭിചാരവും കളവും കൊള്ളയും കൊലപാതകവുമെല്ലാം നടക്കുന്നതങ്ങനെ തന്നെയാണ്. ഈ ലോകത്തു നടക്കുന്ന ഈ തിന്മകളെല്ലാം അനുവദനീയവും ന്യായവുമാണെന്ന് കരുതാന്‍ അത് തെളിവാകുമോ? ബഹുദൈവാരാധനയെ ന്യായീകരിക്കാന്‍ ഈ തെറ്റായ തെളിവല്ലാതെ മറ്റു വല്ല പ്രമാണവുമുണ്ടോ എന്നു ചോദിക്കുമ്പോള്‍, പൂര്‍വ പിതാക്കള്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളിതു തന്നെയാണെന്നാണ് മറുപടി. ഒരു മതം സത്യമാണെന്നതിന് മതിയായ തെളിവാണതെന്നത്രെ അവരുടെ ഭാവം. എന്നാല്‍ അവരുടെ അന്തസ്സിന്റെയും വ്യതിരിക്തതയുടെയും ആധാരമായി അവര്‍ സാഭിമാനം അവതരിപ്പിക്കുന്നത്, തങ്ങള്‍ ഹ. ഇബ്റാഹീമി(അ)ന്റെ സന്തതികളാണെന്ന കാര്യമാണല്ലോ. ആ ഇബ്റാഹീം(അ) പൂര്‍വ പിതാക്കളുടെ മതംവെടിഞ്ഞ് വീട് വിട്ടിറങ്ങിപ്പോയവനാകുന്നു. യുക്തിസഹമായ യാതൊരടിത്തറയുമില്ലാത്ത പൂര്‍വികമതത്തെ അദ്ദേഹം അന്ധമായി അനുകരിക്കുകയല്ല, അസന്ദിഗ്ധമായി നിഷേധിക്കുകയാണുണ്ടായത്. ഇനി അവര്‍ക്ക് പൂര്‍വികരെ അനുകരിച്ചേ തീരൂ എങ്കില്‍, അതിന് ഏറ്റവും പുണ്യമാര്‍ന്ന പിതാക്കളായ ഹ. ഇബ്റാഹീമിനെയും ഇസ്മാഈലിനെയും (അ) വെടിഞ്ഞ് ഏറ്റവും മൂഢരായ പൂര്‍വികരെത്തന്നെ തെരഞ്ഞെടുക്കുന്നതെന്തിന്? വല്ലപ്പോഴും ദൈവത്തിങ്കല്‍ നിന്നുള്ള ഏതെങ്കിലും പ്രവാചകനോ വേദഗ്രന്ഥമോ ദൈവത്തോടൊപ്പം മറ്റു ചിലര്‍ കൂടി ആരാധനക്കര്‍ഹരാണെന്ന് പഠിപ്പിച്ചിട്ടുണ്ടോ എന്ന് അവരോട് ചോദിക്കുന്നു. അപ്പോള്‍ ക്രിസ്ത്യാനികളെ അതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. അവര്‍ മേരീപുത്രനെ ദൈവപുത്രനായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടല്ലോ. പക്ഷേ, ഏതെങ്കിലും പ്രവാചകന്റെ സമുദായം വിഗ്രഹാരാധന ചെയ്യുന്നുണ്ടോ ഇല്ലേ എന്നല്ല ചോദ്യം; ഏതെങ്കിലും പ്രവാചകന്‍ വിഗ്രഹാരാധന പഠിപ്പിച്ചിട്ടുണ്ടോ എന്നാണ്. ഞാന്‍ ദൈവപുത്രനാണെന്നും നിങ്ങള്‍ എന്നെ ആരാധിച്ചുകൊള്ളണമെന്നും മേരീപുത്രനായ യേശു എപ്പോഴാണ് പറഞ്ഞിട്ടുള്ളത്? എന്റെയും നിങ്ങളുടെയും റബ്ബ് അല്ലാഹുവാണ്, നിങ്ങള്‍ അവനെ ആരാധിച്ചുകൊള്ളണം എന്ന്, എല്ലാ പ്രവാചകന്മാരും നല്‍കിയിട്ടുള്ള അധ്യാപനം തന്നെയാണ് അദ്ദേഹവും നല്‍കിയിട്ടുള്ളത്. മുഹമ്മദ് നബി (സ)യെ അവര്‍ അംഗീകരിക്കാന്‍ മടിക്കുന്നത് അദ്ദേഹത്തിന് പണവും പദവിയും നേതൃത്വവും അധികാരവുമൊന്നുമില്ല എന്ന അടിസ്ഥാനത്തിലാണ്. അവര്‍ പറയുന്നു: ദൈവത്തിനും നമുക്കുമിടയില്‍ ഒരു നബിയെ നിയോഗിക്കണമെന്നുണ്ടെങ്കില്‍ നമ്മുടെ രണ്ട് നഗരങ്ങളില്‍ (മക്ക, ത്വാഇഫ്) ഉള്ള പ്രമുഖ വ്യക്തികളിലാരെയെങ്കിലുമാണ് നിയമിക്കുക. ഈയടിസ്ഥാനത്തില്‍ ഫറവോന്‍ മൂസാ(അ) യെയും നിന്ദിച്ചിരുന്നു. അയാള്‍ പറഞ്ഞു: വിണ്ണിലെ രാജാവ് മണ്ണിലെ രാജാവായ എന്നിലേക്ക് ഒരു പ്രതിനിധിയെ അയക്കുകയാണെങ്കില്‍ അയാളെ കനക കങ്കണങ്ങളണിയിക്കും. മാലാഖമാരാല്‍ പരിസേവിതനായിട്ടാണദ്ദേഹം അയക്കപ്പെടുക. ഈ ഏഴ എവിടുന്നാണെഴുന്നേറ്റു വരുന്നത്?! ഈജിപ്തിലെ രാജാവെന്ന ബഹുമതി എനിക്കാണുള്ളത്. നൈല്‍നദി എന്റെ കാല്‍ക്കീഴിലാണൊഴുകുന്നത്. സമ്പത്തോ അധികാരമോ ഏതുമില്ലാത്ത ഇവന്‍ എന്റെ മുന്നിലാര്?! ഈവിധം അവിശ്വാസികളുടെ മൂഢധാരണകളെ ഓരോന്നോരോന്നായി വിമര്‍ശിക്കുകയും യുക്തിസഹമായ കാര്യങ്ങള്‍ സലക്ഷ്യം അവതരിപ്പിക്കുകയും ചെയ്തശേഷം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു: ദൈവത്തിന് മക്കളൊന്നുമില്ല. ആകാശത്തിനും ഭൂമിക്കും വെവ്വേറെ ദൈവങ്ങളില്ല. മനഃപൂര്‍വം ദുര്‍മാര്‍ഗം സ്വീകരിച്ചവരെ ശിക്ഷാമുക്തരാക്കാന്‍ കഴിയുന്ന യാതൊരു ശിപാര്‍ശകരും അല്ലാഹുവിന്റെ സന്നിധിയിലില്ല. അല്ലാഹുവിന്റെ സത്ത, വല്ലവരും അവന്റെ സന്തതിയാവുക എന്നതില്‍നിന്ന് അതീതവും വിശുദ്ധവുമാകുന്നു. അവനൊറ്റക്ക് അഖിലപ്രപഞ്ചത്തിന്റെയും ദൈവമാണ്. അവനല്ലാത്തതെല്ലാം അവന്റെ അടിമകള്‍ മാത്രം. അവന്റെ ഗുണങ്ങളിലോ അധികാരങ്ങളിലോ പങ്കുള്ളവര്‍ ആരുമില്ല. സ്വയം സത്യവാന്മാരും സന്മാര്‍ഗികളുമായവര്‍ക്ക് മാത്രമേ അവന്റെ മുമ്പില്‍ ശിപാര്‍ശ സമര്‍പ്പിക്കാനാവൂ. അതും ഈ ലോകത്ത് സന്മാര്‍ഗം തെരഞ്ഞെടുത്തവര്‍ക്കു വേണ്ടി മാത്രമേ സമര്‍പ്പിക്കാനാവൂ. 
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഹാ - മീം.
2-സുവ്യക്തമായ ഈ വേദപുസ്തകം തന്നെ സത്യം.
3-തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.
4-സംശയമില്ല; ഇത് ഒരു മൂലപ്രമാണത്തിലുള്ളതാണ്. നമ്മുടെയടുത്ത് അത്യുന്നത സ്ഥാനമുള്ളതും തത്ത്വപൂര്‍ണവുമാണിത്.
5-നിങ്ങള്‍ അതിരുവിട്ട് കഴിയുന്ന ജനമായതിനാല്‍ നിങ്ങളെ മാറ്റിനിര്‍ത്തി, നിങ്ങള്‍ക്ക് ഈ ഉദ്ബോധനം നല്‍കുന്നത് നാം നിര്‍ത്തിവെക്കുകയോ?
6-പൂര്‍വസമൂഹങ്ങളില്‍ നാം നിരവധി പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.
7-ജനങ്ങള്‍ തങ്ങള്‍ക്ക് വന്നെത്തിയ ഒരു പ്രവാചകനെയും പരിഹസിക്കാതിരുന്നിട്ടില്ല.
8-അങ്ങനെ ഇവരെക്കാള്‍ എത്രയോ കയ്യൂക്കും കരുത്തുമുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. പൂര്‍വികരുടെ ഉദാഹരണങ്ങള്‍ നേരത്തെ കഴിഞ്ഞുപോയിട്ടുമുണ്ട്.
9-ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: "പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ് അവയെ സൃഷ്ടിച്ചത്."
10-നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കിത്തന്നവനാണവന്‍. അതില്‍ പാതകളൊരുക്കിത്തന്നവനും. നിങ്ങള്‍ വഴിയറിയുന്നവരാകാന്‍.
11-മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും.
12-എല്ലാറ്റിലും ഇണകളെ സൃഷ്ടിച്ചവനും അവന്‍ തന്നെ. കപ്പലുകളിലും കന്നുകാലികളിലും നിങ്ങള്‍ക്ക് യാത്ര സൌകര്യപ്പെടുത്തിയതും മറ്റാരുമല്ല.
13-നിങ്ങളവയുടെ പുറത്തുകയറി ഇരിപ്പുറപ്പിക്കാനാണിത്. അങ്ങനെ, നിങ്ങള്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും നിങ്ങളിങ്ങനെ പറയാനുമാണ്: "ഞങ്ങള്‍ക്കിവയെ അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! നമുക്ക് സ്വയമവയെ കീഴ്പെടുത്താന്‍ കഴിയുമായിരുന്നില്ല.
14-"തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടവരാണ്."
15-ഈ ജനം അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ അവന്റെ ഭാഗമാക്കി 1 വെച്ചിരിക്കുന്നു. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ തന്നെ വളരെ നന്ദികെട്ടവനാണ്.
16-അതല്ല; അല്ലാഹു തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കുമാത്രമാക്കി വെക്കുകയും ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകം തരികയും ചെയ്തുവെന്നോ?
17-പരമകാരുണികനായ അല്ലാഹുവോട് ചേര്‍ത്തിപ്പറയുന്ന പെണ്ണിന്റെ പിറവിയെപ്പറ്റി അവരിലൊരാള്‍ക്ക് ശുഭവാര്‍ത്ത അറിയിച്ചാല്‍ അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നു. അവന്‍ അത്യധികം ദുഃഖിതനാവുന്നു.
18-ആഭരണങ്ങളണിയിച്ച് വളര്‍ത്തപ്പെടുന്ന, തര്‍ക്കങ്ങളില്‍ തന്റെ നിലപാട് തെളിയിക്കാന്‍ കഴിവില്ലാത്ത സന്തതിയെയാണോ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കുന്നത്?
19-പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ ഇവര്‍ സ്ത്രീകളായി സങ്കല്‍പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടികര്‍മത്തിന് ഇവര്‍ സാക്ഷികളായിരുന്നോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ പേരിലിവരെ ചോദ്യം ചെയ്യുന്നതുമാണ്.
20-ഇക്കൂട്ടര്‍ പറയുന്നു: "പരമകാരുണികനായ അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അവരെ പൂജിക്കുമായിരുന്നില്ല." സത്യത്തിലിവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. വെറും അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണിവര്‍.
21-അതല്ല; നാം ഇവര്‍ക്ക് നേരത്തെ വല്ല വേദപുസ്തകവും കൊടുത്തിട്ടുണ്ടോ? അങ്ങനെ ഇവരത് മുറുകെപ്പിടിക്കുകയാണോ?
22-എന്നാല്‍ ഇവര്‍ പറയുന്നതിതാണ്: "ഞങ്ങളുടെ പിതാക്കള്‍ ഒരു വഴിയില്‍ നിലകൊണ്ടതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാത പിന്തുടര്‍ന്ന് നേര്‍വഴിയില്‍ നീങ്ങുകയാണ്."
23-ഇവ്വിധം നാം നിനക്കുമുമ്പ് പല നാടുകളിലേക്കും മുന്നറിയിപ്പുകാരെ അയച്ചു; അപ്പോഴെല്ലാം അവരിലെ സുഖലോലുപര്‍ പറഞ്ഞിരുന്നത് ഇതാണ്: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഒരു മാര്‍ഗമവലംബിക്കുന്നവരായി ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ്."
24-ആ മുന്നറിയിപ്പുകാരന്‍ ചോദിച്ചു: "നിങ്ങളുടെ പിതാക്കള്‍ പിന്തുടരുന്നതായി നിങ്ങള്‍ കണ്ട മാര്‍ഗത്തെക്കാള്‍ ഏറ്റം ചൊവ്വായ വഴിയുമായി ഞാന്‍ നിങ്ങളുടെ അടുത്തുവന്നാലും നിങ്ങളതംഗീകരിക്കില്ലേ?" അവര്‍ അപ്പോഴൊക്കെ പറഞ്ഞിരുന്നതിതാണ്: "നിങ്ങള്‍ ഏതൊരു ജീവിതമാര്‍ഗവുമായാണോ അയക്കപ്പെട്ടിരിക്കുന്നത് അതിനെ ഞങ്ങളിതാ തള്ളിപ്പറയുന്നു."
25-അവസാനം നാം അവരോട് പ്രതികാരം ചെയ്തു. നോക്കൂ; സത്യത്തെ തള്ളിപ്പറഞ്ഞവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
26-ഇബ്റാഹീം തന്റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നെല്ലാം തീര്‍ത്തും മുക്തനാണ് ഞാന്‍.
27-"എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ. അവനെന്നെ നേര്‍വഴിയിലാക്കും."
28-ഈ വചനത്തെ ഇബ്റാഹീം തന്റെ പിന്‍ഗാമികളിലും ബാക്കിവെച്ചു. അവര്‍ സത്യത്തിലേക്ക് തിരിച്ചുവരാന്‍.
29-ഇക്കൂട്ടരെയും ഇവരുടെ മുന്‍ഗാമികളെയും ഞാന്‍ ജീവിതം ആസ്വദിപ്പിച്ചു. സത്യസന്ദേശവും അത് വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ദൈവദൂതനും അവര്‍ക്ക് വന്നെത്തുംവരെ.
30-അങ്ങനെ അവര്‍ക്ക് സത്യം വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് വെറുമൊരു മായാജാലമാണ്. ഞങ്ങളിതിനെ ഇതാ തള്ളിപ്പറയുന്നു."
31-ഇവര്‍ ചോദിക്കുന്നു: "ഈ ഖുര്‍ആന്‍ ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്?"
32-ഇവരാണോ നിന്റെ നാഥന്റെ അനുഗ്രഹം വീതംവെച്ചുകൊടുക്കുന്നത്? ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചുകൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റുചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്. ഇവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാളെല്ലാം ഉത്തമം നിന്റെ നാഥന്റെ അനുഗ്രഹംതന്നെ.
33-ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളികൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളികൊണ്ടുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു.
34-അങ്ങനെ അവരുടെ വീടുകള്‍ക്ക് വാതിലുകളും അവര്‍ക്ക് ചാരിയിരിക്കാനുള്ള കട്ടിലുകളും നല്‍കുമായിരുന്നു.
35-സ്വര്‍ണത്താലുള്ള അലങ്കാരങ്ങളും. എന്നാല്‍ ഇതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗവിഭവം മാത്രമാണ്. പരലോകം നിന്റെ നാഥന്റെ അടുത്ത് ഭക്തന്മാര്‍ക്ക് മാത്രമുള്ളതാണ്.
36-പരമകാരുണികന്റെ ഉദ്ബോധനത്തോട് അന്ധത നടിക്കുന്നവന്ന് നാം ഒരു ചെകുത്താനെ ഏര്‍പ്പെടുത്തും. അങ്ങനെ ആ ചെകുത്താന്‍ അവന്റെ ചങ്ങാതിയായിത്തീരും.
37-തീര്‍ച്ചയായും ആ ചെകുത്താന്മാര്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടയുന്നു. അതോടൊപ്പം തങ്ങള്‍ നേര്‍വഴിയില്‍ തന്നെയാണെന്ന് അവര്‍ വിചാരിക്കുന്നു.
38-അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും: "എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍! നീയെത്ര ചീത്ത ചങ്ങാതി!"
39-നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ, എല്ലാവരും ശിക്ഷയില്‍ പങ്കാളികളാണെന്നതുകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ല.
40-നിനക്ക് ബധിരന്മാരെ കേള്‍പ്പിക്കാനാകുമോ? കണ്ണില്ലാത്തവരെയും വ്യക്തമായ വഴികേടിലായവരെയും നേര്‍വഴിയിലാക്കാന്‍ നിനക്ക് കഴിയുമോ?
41-ഏതായാലുംശരി, നാമവരെ ശിക്ഷിക്കുക തന്നെ ചെയ്യും. ഒരുവേള നിന്നെ നാം ഇഹലോകത്തുനിന്ന് കൊണ്ടുപോയിക്കഴിഞ്ഞ ശേഷമാവാം;
42-അല്ലെങ്കില്‍ നാമവര്‍ക്ക് വാഗ്ദാനം ചെയ്ത ശിക്ഷ നിനക്കു നാം കാണിച്ചുതന്നേക്കാം. തീര്‍ച്ചയായും അവരെ ശിക്ഷിക്കാന്‍ നാം തികച്ചും കഴിവുറ്റവന്‍ തന്നെ.
43-അതിനാല്‍ നിനക്ക് നാം ബോധനം നല്‍കിയത് മുറുകെപ്പിടിക്കുക. ഉറപ്പായും നീ നേര്‍വഴിയിലാണ്.
44-തീര്‍ച്ചയായും ഈ വേദം നിനക്കും നിന്റെ ജനത്തിനും ഒരു ഉദ്ബോധനമാണ്. ഒരുനാള്‍ അതേക്കുറിച്ച് നിങ്ങളെ ചോദ്യം ചെയ്യും.
45-നിനക്കുമുമ്പ് നാം നിയോഗിച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചുനോക്കൂ, പരമകാരുണികനെ ക്കൂടാതെ പൂജിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോയെന്ന്.
46-മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫറവോന്റെയും അവന്റെ പ്രധാനികളുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "സംശയം വേണ്ട; ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്."
47-അങ്ങനെ അദ്ദേഹം നമ്മുടെ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നപ്പോഴോ, അവരതാ അവയെ പരിഹസിച്ചു ചിരിക്കുന്നു.
48-അവര്‍ക്കു നാം തെളിവുകള്‍ ഓരോന്നോരോന്നായി കാണിച്ചുകൊടുത്തു. അവയോരോന്നും അതിന്റെ മുമ്പത്തേതിനെക്കാള്‍ ഗംഭീരമായിരുന്നു. അവസാനം നാം അവരെ നമ്മുടെ ശിക്ഷയാല്‍ പിടികൂടി. എല്ലാം അവരതില്‍ നിന്ന് തിരിച്ചുവരാന്‍ വേണ്ടിയായിരുന്നു.
49-അവര്‍ പറഞ്ഞു: "അല്ലയോ ജാലവിദ്യക്കാരാ, നീയുമായി നിന്റെ നാഥനുണ്ടാക്കിയ കരാറനുസരിച്ച് നീ നിന്റെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ഉറപ്പായും ഞങ്ങള്‍ നേര്‍വഴിയില്‍ വന്നുകൊള്ളാം."
50-അങ്ങനെ നാം അവരില്‍നിന്ന് ആ ശിക്ഷ നീക്കിക്കളഞ്ഞപ്പോള്‍ അവരതാ തങ്ങളുടെ വാക്ക് ലംഘിക്കുന്നു.
51-ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: "എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങള്‍ കാര്യം കണ്ടറിയുന്നില്ലേ?
52-"അല്ല, നന്നെ നിസ്സാരനും വ്യക്തമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഇവനെക്കാളുത്തമന്‍ ഞാന്‍ തന്നെയല്ലേ?
53-"ഇവന്‍ പ്രവാചകനെങ്കില്‍ ഇവനെ സ്വര്‍ണവളകളണിയിക്കാത്തതെന്ത്? അല്ലെങ്കില്‍ ഇവനോടൊത്ത് അകമ്പടിക്കാരായി മലക്കുകള്‍ വരാത്തതെന്ത്?"
54-അങ്ങനെ ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു.
55-അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി.
56-അങ്ങനെ അവരെ നാം പിന്‍ഗാമികള്‍ക്ക് ഒരു മാതൃകയാക്കി. ഒപ്പം ഗുണപാഠമാകുന്ന ഒരുദാഹരണവും.
57-മര്‍യമിന്റെ മകനെ മാതൃകാ പുരുഷനായി എടുത്തുകാണിച്ചപ്പോഴും നിന്റെ ജനതയിതാ അതിന്റെ പേരില്‍ ഒച്ചവെക്കുന്നു.
58-അവര്‍ ചോദിക്കുന്നു: "ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം; അതല്ല ഇവനോ?" അവര്‍ നിന്നോട് ഇതെടുത്തുപറയുന്നത് തര്‍ക്കത്തിനുവേണ്ടി മാത്രമാണ്. സത്യത്തിലവര്‍ തീര്‍ത്തും താര്‍ക്കികരായ ജനം തന്നെയാണ്.
59-അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാണ്. നാം അദ്ദേഹത്തിന് അനുഗ്രഹമേകി. അദ്ദേഹത്തെ ഇസ്രയേല്‍ മക്കള്‍ക്ക് മാതൃകയാക്കുകയും ചെയ്തു.
60-നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പകരം നിങ്ങളില്‍ നിന്നുതന്നെ മലക്കുകളെ ഭൂമിയില്‍ പ്രതിനിധികളാക്കുമായിരുന്നു.
61-സംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി.
62-പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
63-ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: "ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.
64-"എന്റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാണ്. അതിനാല്‍ അവനെ മാത്രം വഴിപ്പെടുക. ഇതാണ് ഏറ്റവും ചൊവ്വായ മാര്‍ഗം."
65-അപ്പോള്‍ അവര്‍ പല കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്റെ കടുത്തശിക്ഷയുടെ കൊടുംനാശമാണുണ്ടാവുക.
66-അവരറിയാതെ പെട്ടെന്ന് വന്നെത്തുന്ന അന്ത്യദിനമല്ലാതെ മറ്റെന്താണ് അവര്‍ക്ക് പ്രതീക്ഷിക്കാനുള്ളത്?
67-കൂട്ടുകാരൊക്കെയും അന്നാളില്‍ പരസ്പരം ശത്രുക്കളായി മാറും; ഭക്തന്മാരൊഴികെ.
68-"എന്റെ ദാസന്മാരേ, ഇന്ന് നിങ്ങളൊട്ടും പേടിക്കേണ്ടതില്ല. തീരേ ദുഃഖിക്കേണ്ടതുമില്ല.
69-"നമ്മുടെ വചനങ്ങളില്‍ വിശ്വസിച്ചവരാണ് നിങ്ങള്‍. അല്ലാഹുവിന് കീഴൊതുങ്ങിക്കഴിഞ്ഞവരും.
70-"നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷപൂര്‍വം സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക."
71-സ്വര്‍ണത്താലങ്ങളും കോപ്പകളും അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. മനസ്സ് മോഹിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരമായതുമൊക്കെ അവിടെ കിട്ടും. "നിങ്ങളവിടെ നിത്യവാസികളായിരിക്കും.
72-"നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ ഈ സ്വര്‍ഗത്തിനവകാശികളായിത്തീര്‍ന്നിരിക്കുന്നു.
73-"നിങ്ങള്‍ക്കതില്‍ ധാരാളം പഴങ്ങളുണ്ട്. അതില്‍ നിന്ന് ഇഷ്ടംപോലെ ഭക്ഷിക്കാം."
74-സംശയമില്ല; കുറ്റവാളികള്‍ നരകശിക്ഷയില്‍ എന്നെന്നും കഴിയേണ്ടവരാണ്.
75-അവര്‍ക്കതിലൊരിളവും കിട്ടുകയില്ല. അവരതില്‍ നിരാശരായി കഴിയേണ്ടിവരും.
76-നാം അവരോട് ഒരതിക്രമവും കാട്ടിയിട്ടില്ല. എന്നാല്‍ അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു.
77-അവര്‍ വിളിച്ചുകേഴും: "മാലികേ, അങ്ങയുടെ നാഥന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍തന്നെ മരണം തന്നിരുന്നെങ്കില്‍ നന്നായേനെ." മാലിക് പറയും: "നിങ്ങളിവിടെ താമസിക്കേണ്ടവര്‍ തന്നെയാണ്.
78-"തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങള്‍ക്ക് സത്യം എത്തിച്ചുതന്നിട്ടുണ്ടായിരുന്നു. എന്നാല്‍ നിങ്ങളിലേറെ പേരും സത്യത്തെ വെറുക്കുന്നവരായിരുന്നു."
79-അതല്ല; ഇക്കൂട്ടരിവിടെ വല്ല പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണോ? എങ്കില്‍ നാമും ഒരു തീരുമാനമെടുക്കാം.
80-അല്ല; അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്.
81-പറയുക: "പരമകാരുണികനായ അല്ലാഹുവിന് ഒരു പുത്രനുണ്ടായിരുന്നെങ്കില്‍ അവനെ പൂജിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു."
82-ആകാശഭൂമികളുടെ സംരക്ഷകനും സിംഹാസനത്തിനുടമയുമായ അല്ലാഹു അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനത്രെ.
83-നീ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. അവര്‍ അസംബന്ധങ്ങളിലാണ്ട് കളിതമാശകളില്‍ മുഴുകിക്കഴിഞ്ഞുകൊള്ളട്ടെ; അവരോട് വാഗ്ദാനം ചെയ്ത അവരുടെ ആ ദിനവുമായി അവര്‍ കണ്ടുമുട്ടുംവരെ.
84-അവനാണ് ആകാശത്തിലെ ദൈവം. ഭൂമിയിലെ ദൈവവും അവന്‍ തന്നെ. അവന്‍ യുക്തിമാനാണ്. എല്ലാം അറിയുന്നവനും.
85-ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹു അനുഗ്രഹപൂര്‍ണനാണ്. അവന് മാത്രമേ അന്ത്യസമയത്തെ സംബന്ധിച്ച അറിവുള്ളൂ. നിങ്ങളെല്ലാം മടങ്ങിച്ചെല്ലേണ്ടത് അവങ്കലേക്കാണ്.
86-അവനെക്കൂടാതെ ഇക്കൂട്ടര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ ശിപാര്‍ശക്കധികാരമുള്ളവരല്ല; ബോധപൂര്‍വം സത്യസാക്ഷ്യം നിര്‍വഹിച്ചവരൊഴികെ.
87-ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്?
88-"എന്റെ നാഥാ, തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ജനതയാണെ"ന്ന പ്രവാചകന്റെ വചനവും അവനറിയുന്നു.
89-അതിനാല്‍ നീ അവരോട് വിട്ടുവീഴ്ച കാണിക്കുക. "നിങ്ങള്‍ക്കു സലാം" എന്നു പറയുക. അടുത്തുതന്നെ അവരെല്ലാം അറിഞ്ഞുകൊള്ളും.