42 അശ്ശൂറാ

ആമുഖം
നാമം
`ശൂറാ` എന്ന നാമം ഈ അധ്യായത്തിലെ 38-ാം സൂക്തത്തിലെ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാകുന്നു. ശൂറാ എന്ന പദം വന്നിട്ടുള്ള അധ്യായം എന്നാണ് ഈ നാമകരണത്തിന്റെ താല്‍പര്യം. 
അവതരണകാലം
പ്രബലമായ നിവേദനങ്ങളിലൂടെ വ്യക്തമാകുന്നില്ലെങ്കിലും ഉള്ളടക്കത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഈ അധ്യായം സൂറ ഹാമീം അസ്സജദയുടെ അവതരണത്തിന് തൊട്ടുടനെ അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഒരുവശത്ത് പ്രസ്തുത സൂറയുടെ ഒരു പൂരകമാണിതെന്നു തോന്നും. ആദ്യം ഹാമീം അസ്സജദ ശ്രദ്ധാപൂര്‍വം വായിക്കുകയും തുടര്‍ന്ന് ഈ സൂറ പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ ആദ്യ സൂറയില്‍ കാണുന്നതിതാണ്: ഖുറൈശി നേതാക്കളുടെ അന്ധവും ബധിരവുമായ സത്യനിഷേധത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്നു. മക്കയിലും പരിസരത്തും ധര്‍മബോധവും മാന്യതയും യുക്തിവിചാരവും അല്‍പമെങ്കിലും അവശേഷിച്ചിട്ടുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഇതുവഴി സമുദായ നേതാക്കള്‍ മുഹമ്മദ് നബി(സ)യെ എതിര്‍ക്കുന്നതില്‍ എന്തുമാത്രം നീചവും നികൃഷ്ടവുമായ ചെയ്തികളാണവലംബിക്കുന്നതെന്ന് വ്യക്തമാകുന്നു. അതിനെതിരെ നബി(സ) സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം മാന്യവും സംസ്കാരസമ്പന്നവും ബുദ്ധിപൂര്‍വവുമാണ്. ഈ ഉണര്‍ത്തലിന്റെ ഉടനെ ഈ സൂറയില്‍ പ്രബോധന ദൌത്യം നിര്‍വഹിക്കപ്പെടുന്നു. ഹൃദയാവര്‍ജകമായ രീതിയില്‍ മുഹമ്മദീയ ദൌത്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നു. ഹൃദയാന്തരാളത്തില്‍ അല്‍പമെങ്കിലും സത്യത്തോടുള്ള താല്‍പര്യം നിലനില്‍ക്കുന്നവരും ജാഹിലിയ്യത്തിനോടുള്ള പ്രേമത്താല്‍ തികച്ചും അന്ധരായിത്തീരാത്തവരുമായ ആര്‍ക്കും അതിന്റെ സ്വാധീനം സ്വീകരിക്കാതിരിക്കാനാവില്ല. 
ഉള്ളടക്കം
തുടങ്ങുന്നതിങ്ങനെയാണ്: നമ്മുടെ ദൂതന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ നിങ്ങള്‍ എന്തെല്ലാം വിതണ്ഡവാദങ്ങളാണുന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ സന്ദേശം പുതിയതോ വിചിത്രമായതോ അല്ല. ഒരു മനുഷ്യന് ദിവ്യബോധനം ലഭിക്കുക, അദ്ദേഹം മനുഷ്യരാശിയുടെ മാര്‍ഗദര്‍ശകനാക്കപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ചരിത്രത്തില്‍ ആദ്യമായുണ്ടാകുന്ന അപൂര്‍വ സംഭവവുമല്ല. ഇതേ ദിവ്യസന്ദേശങ്ങളും ഇതേ രീതിയിലുള്ള മാര്‍ഗദര്‍ശനങ്ങളുമായി അല്ലാഹു ഇദ്ദേഹത്തിനു മുമ്പും തുടര്‍ച്ചയായി പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നിട്ടുണ്ട്. ആകാശഭൂമികളുടെ ഉടമയും അധിപനുമായവന്‍ ആരാധ്യനായ ദൈവമായി അംഗീകരിക്കപ്പെടുക എന്നതല്ല അദ്ഭുതാവഹമായ പുതുമ. മറിച്ച്, ആകാശഭൂമികള്‍ക്കുടയവന്റെ അടിമകളായിക്കൊണ്ട്, അവന്റെ ദിവ്യത്വത്തിന്‍ കീഴില്‍ വാണുകൊണ്ട് മറ്റുള്ളവര്‍ക്ക് ആരാധ്യതയും ദിവ്യത്വവും അംഗീകരിച്ചുകൊടുക്കുക എന്നതത്രേ വിചിത്രമായ സംഗതി. ഏകദൈവത്വം പ്രചരിപ്പിക്കുന്നവരെ നിങ്ങള്‍ ദ്രോഹിക്കുന്നു. എന്നാല്‍, ദൈവത്തിന് പങ്കാളികളെ ആരോപിക്കുക വഴി നിങ്ങള്‍ ചെയ്യുന്നത് ആകാശം ഇടിഞ്ഞുവീഴത്തക്ക ഭയങ്കരമായ പാപമാകുന്നു. നിങ്ങളുടെ ഈ ധാര്‍ഷ്ട്യത്തില്‍ മലക്കുകള്‍ വിഹ്വലരാകുന്നു. എപ്പോഴാണ് നിങ്ങളുടെ മേല്‍ ദൈവകോപം പൊട്ടിവീഴുന്നതെന്ന് ഭയന്നുകൊണ്ടിരിക്കുകയാണവര്‍. അനന്തരം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്: ഒരാള്‍ പ്രവാചകനായി നിയുക്തനാവുകയും അയാള്‍ നബി എന്ന നിലയില്‍ രംഗത്തുവരികയും ചെയ്യുന്നതിന്, അയാള്‍ ദൈവദാസന്മാരുടെ ഭാഗധേയങ്ങള്‍ക്കുടയവനാക്കപ്പെട്ടിരിക്കുന്നുവെന്നോ അങ്ങനെയൊരു വാദവുമായാണയാള്‍ രംഗത്തുവരുന്നതെന്നോ അര്‍ഥമില്ല. ഭാഗധേയങ്ങളൊക്കെ അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. പ്രജ്ഞാശൂന്യരെ ഉണര്‍ത്താനും വഴിപിഴച്ചവരെ നേര്‍വഴിയിലേക്ക് നയിക്കാനും മാത്രമാകുന്നു പ്രവാചകന്മാര്‍ ആഗതരാകുന്നത്. അദ്ദേഹത്തിന്റെ സന്ദേശം തിരസ്കരിച്ചവരെ വിചാരണ ചെയ്യുക, അനന്തരം ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക എന്നതൊക്കെ അല്ലാഹുവിന്റെ സ്വന്തം ചുമതലകളില്‍പെട്ട കാര്യമാകുന്നു. അത്തരം കാര്യങ്ങളൊന്നും പ്രവാചകന്മാരില്‍ ഏല്‍പിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നിങ്ങളുടെ കൃത്രിമ മതാചാര്യന്മാരും സിദ്ധന്മാരും മറ്റും തങ്ങളുടെ വാക്ക് സ്വീകരിക്കാതിരിക്കുകയോ മഹത്വം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ കരിച്ചു ഭസ്മമാക്കിക്കളയും എന്നും മറ്റും ജല്‍പിക്കുന്നതുപോലെയുള്ള വാദങ്ങളുമായി വരുന്ന ഒരാളാണ് പ്രവാചകന്‍ എന്ന തെറ്റിദ്ധാരണ മസ്തിഷ്കത്തില്‍നിന്ന് തുടച്ചുനീക്കണം. നിങ്ങള്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ഗം നാശത്തിലേക്കുള്ളതാണ് എന്ന് മുന്നറിയിപ്പു നല്‍കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ തിന്മയല്ല കാംക്ഷിക്കുന്നത്, അദ്ദേഹം നിങ്ങളുടെ ഗുണകാംക്ഷി മാത്രമാകുന്നു എന്നും ഇക്കൂട്ടത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. തുടര്‍ന്ന്, അല്ലാഹു എല്ലാ മനുഷ്യരെയും ജന്മനാതന്നെ സന്മാര്‍ഗ ബദ്ധരാക്കാതെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ഭിന്നിക്കുന്ന പ്രവണതയുള്ളവരാക്കിയതിന്റെ യാഥാര്‍ഥ്യം വിശദീകരിച്ചുകൊടുക്കുന്നു. ഈ പ്രകൃതിയുടെ ഫലമായിട്ടാണല്ലോ ജനം പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വിശദീകരണമിതാണ്: ഈ പ്രകൃതിവിശേഷത്തിന്റെ ഫലമായിട്ടാണ് മനുഷ്യന്ന് തന്റെ അബോധമായ ജന്മവാസന എന്ന നിലയ്ക്കല്ലാതെ ബോധപൂര്‍വം അല്ലാഹുവിനെ തന്റെ രക്ഷിതാവായി വരിക്കാന്‍ കഴിയുന്നത്. ഇത് അവന്റെ ബോധശൂന്യമായ സൃഷ്ടികള്‍ക്കൊന്നുമില്ലാത്ത ഇച്ഛയും സ്വാതന്ത്യ്രവുമുള്ളവര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക അനുഗ്രഹമാകുന്നു. ഈ നിലപാട് സ്വീകരിക്കുന്നവരെ അല്ലാഹു സഹായിക്കുന്നു, മാര്‍ഗദര്‍ശനം ചെയ്യുന്നു. അവര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ക്കുതവിയേകി തന്റെ സവിശേഷ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. ഏത് മനുഷ്യന്‍ തന്റെ സ്വാതന്ത്യ്രത്തെ തെറ്റായി ഉപയോഗിച്ചുകൊണ്ട്, യഥാര്‍ഥത്തില്‍ രക്ഷകരല്ലാത്തവരെ, രക്ഷകരായിരിക്കുക സാധ്യമല്ലാത്തവരെ തന്റെ രക്ഷകരായി വരിക്കുന്നുവോ അവന് ഈ കാരുണ്യം വിലക്കപ്പെടുന്നു. ഇവ്വിഷയകമായി ഇതുകൂടി വിശദീകരിക്കുന്നുണ്ട്: മനുഷ്യന്റെയും മറ്റെല്ലാ സൃഷ്ടികളുടെയും യഥാര്‍ഥ രക്ഷകന്‍ അല്ലാഹു മാത്രമാകുന്നു. രക്ഷകനായി മറ്റാരുമില്ല. രക്ഷകന്റെ ചുമതല നിര്‍വഹിക്കാനുള്ള ശക്തിയും മറ്റാര്‍ക്കുമില്ല. മനുഷ്യന്‍ തന്റെ സ്വാതന്ത്യ്രമുപയോഗിച്ച് രക്ഷിതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റാതിരിക്കുക എന്നതാണ് മനുഷ്യവിജയത്തിന്റെ അച്ചുതണ്ട്. അവന്‍ തന്റെ രക്ഷകനായി വരിക്കുന്നത് യഥാര്‍ഥ രക്ഷകനെത്തന്നെ ആയിരിക്കണം. തുടര്‍ന്ന്, മുഹമ്മദ് നബി(സ) അവതരിപ്പിക്കുന്ന ദീനിന്റെ യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കുന്നു. ഒന്നാമത്തെ അടിസ്ഥാനതത്ത്വമിതാണ്: അല്ലാഹു പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവും ഉടമസ്ഥനും യഥാര്‍ഥ രക്ഷിതാവുമാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ ശാസനാധികാരിയും അവന്‍ മാത്രമാകുന്നു. മനുഷ്യന് ദീനും ശരീഅത്തും (പ്രമാണവും കര്‍മവ്യവസ്ഥയും) നിര്‍ദേശിക്കുവാനും മനുഷ്യര്‍ തമ്മിലുള്ള ഭിന്നിപ്പുകളില്‍ സത്യമേത്, അസത്യമേത് എന്നു വിധിക്കുവാനുമുള്ള അധികാരവും അവനു മാത്രമേയുള്ളൂ. മറ്റ് യാതൊരസ്തിത്വത്തിനും മനുഷ്യന്റെ നിയമദാതാവായിരിക്കാനുള്ള അവകാശമില്ല. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ പ്രകൃതിയിലുള്ള വിധികര്‍ത്തൃത്വമെന്ന പോലെ നിയമനിര്‍ദേശങ്ങളിലുള്ള വിധികര്‍ത്തൃത്വവും അവന് മാത്രമുള്ളതാണ്. മനുഷ്യനോ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലുമോ ഈ വിധികര്‍ത്തൃത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. വല്ലവരും അല്ലാഹുവിന്റെ ഈ വിധികര്‍ത്തൃത്വം മാത്രം അംഗീകരിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല. ഈയടിസ്ഥാനത്തില്‍ അല്ലാഹു ആദിമുതലേ മനുഷ്യന് ഒരു ദീന്‍ നിശ്ചയിച്ചിട്ടുണ്ട്. ആ ദീന്‍ തന്നെയാണ് എല്ലാ കാലത്തും എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിപ്പോന്നിട്ടുള്ളത്. ഒരു പ്രവാചകനും വ്യതിരിക്തമായ ഏതെങ്കിലും മതത്തിന്റെ ഉപജ്ഞാതാവായിരുന്നില്ല. മനുഷ്യാരംഭം മുതല്‍ അല്ലാഹു അവര്‍ക്കായി നിശ്ചയിച്ച ദീന്‍ ഏതാണോ ആ ദീനിന്റെ തന്നെ അനുകര്‍ത്താക്കളും പ്രചാരകരുമായിരുന്നു സകല പ്രവാചകവര്യന്മാരും. ആ ദീന്‍ അയച്ചിട്ടുള്ളത്, അത് വിശ്വസിച്ചിട്ട് മനുഷ്യന്‍ വെറുതെ കുത്തിയിരിക്കാനല്ല. മറിച്ച്, എക്കാലത്തും ആ ദീനിനെ ഈ ഭൂമിയില്‍ നിലനിര്‍ത്താനും വളര്‍ത്താനും പ്രായോഗികമാക്കുവാനുമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനല്ലാതെ മറ്റൊരു ഘടനയും വ്യവസ്ഥയും നടക്കാവതല്ല. പ്രവാചകന്മാര്‍ നിയുക്തരായിട്ടുള്ളത് ഈ ദീന്‍ പ്രബോധനം ചെയ്യാന്‍ മാത്രമല്ല, അതിനെ സംസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സേവനത്തിനു കൂടിയാകുന്നു. ഇതാണ് മനുഷ്യവര്‍ഗത്തിന്റെ സാക്ഷാല്‍ മതം. പക്ഷേ, പ്രവാചകന്മാര്‍ക്കുശേഷം എന്നും സംഭവിച്ചിട്ടുള്ളതിതാണ്: സ്വാര്‍ഥികളും തന്നിഷ്ടക്കാരും സ്വാഭിപ്രായക്കാരുമായ ആളുകള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭിന്നിപ്പുകളുണ്ടാക്കി. പുതിയ പുതിയ മതങ്ങളുണ്ടാക്കി. ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ മതങ്ങളും ആ ഏകമതം വികൃതമാക്കി നിര്‍മിക്കപ്പെട്ടതാണ്. ഇപ്പോള്‍, മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യമിതാണ്: ഈ വ്യത്യസ്ത മാര്‍ഗങ്ങളുടെയും കൃത്രിമ മതങ്ങളുടെയും മനുഷ്യനിര്‍മിത ദീനുകളുടെയും സ്ഥാനത്ത് സാക്ഷാല്‍ ദീനിനെ ജനസമക്ഷം അവതരിപ്പിക്കുക, അത് സ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിക്കുക. ഇതിന്റെ പേരില്‍ ദൈവത്തോട് നന്ദിയുള്ളവരാകുന്നതിനു പകരം അതിനെ താറുമാറാക്കാനും അതിനെതിരില്‍ പോരാടാനുമാണ് ഒരുമ്പെടുന്നതെങ്കില്‍ അത് നിങ്ങളുടെ അവിവേകവും മൌഢ്യവുമാകുന്നു. ഈ മൂഢത കണ്ട് പ്രവാചകന്‍ അദ്ദേഹത്തിന്റെ ദൌത്യത്തില്‍നിന്ന് പിന്തിരിയാന്‍ പോവുന്നില്ല. സ്വന്തം നിലപാടില്‍ അചഞ്ചലനായി ഉറച്ചുനില്‍ക്കാനും നിശ്ചിത ദൌത്യം പൂര്‍ത്തീകരിക്കാനും കല്‍പിക്കപ്പെട്ടവനാണദ്ദേഹം. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പണ്ട് ദൈവിക ദീനിനെ ദുഷിപ്പിച്ച ഊഹാപോഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അരുനില്‍ക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. അല്ലാഹുവിന്റെ ദീന്‍ തള്ളിക്കളഞ്ഞ് ഇതരന്മാരുടെ കൃത്രിമ ദീനും പ്രമാണവും കൈക്കൊള്ളുക എന്നത് അല്ലാഹുവിനെതിരിലുള്ള എത്ര വലിയ ധിക്കാരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. അതൊരു സാധാരണ സംഗതിയായാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. അതില്‍ യാതൊരു ദൌഷ്ട്യവും നിങ്ങള്‍ കാണുന്നില്ല. എന്നാല്‍, അല്ലാഹുവിന്റെ ഭൂമിയില്‍ സ്വന്തം വക ദീന്‍ നടത്തുകയും അതിനെ അനുസരിക്കുകയും ചെയ്യുക എന്നത് അവന്റെ ദൃഷ്ടിയില്‍ കഠിനശിക്ഷയര്‍ഹിക്കുന്ന ഏറ്റവും ദുഷിച്ച ശിര്‍ക്കും ഏറ്റവും വഷളായ കുറ്റവുമാകുന്നു. ഇപ്രകാരം ദീനിന്റെ വ്യക്തവും സ്പഷ്ടവുമായ ഒരു വിഭാവനം അവതരിപ്പിച്ചശേഷം അരുളുന്നു: നിങ്ങള്‍ക്ക് നേര്‍മാര്‍ഗം മനസ്സിലാക്കിത്തരുവാന്‍ സാധ്യമായതില്‍വെച്ച് ഏറ്റവും വിശിഷ്ടമായ മാര്‍ഗം ഏതാണോ അത് പ്രയോജനപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു വശത്ത് അല്ലാഹു അവന്റെ വേദം ഇറക്കിത്തന്നു. അത് ഹൃദയഹാരിയായ ശൈലിയില്‍ നിങ്ങളുടെ ഭാഷയില്‍ യാഥാര്‍ഥ്യം വിവരിച്ചുതരുന്നു. മറുവശത്ത്, മുഹമ്മദ് നബിയുടെയും ശിഷ്യന്മാരുടെയും ജീവിതം നിങ്ങളുടെ കണ്‍മുമ്പില്‍ തന്നെയുണ്ട്. ഈ വേദം എങ്ങനെയുള്ള ആളുകളെയാണ് വാര്‍ത്തെടുക്കുന്നതെന്ന് അവരെ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നിട്ടും സന്മാര്‍ഗം പ്രാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് യാതൊന്നിനും നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ നൂറ്റാണ്ടുകളായി അകപ്പെട്ടിരിക്കുന്ന അപഭ്രംശത്തില്‍ തന്നെ തുടരുകയായിരിക്കും അതിന്റെ ഫലം. എങ്കില്‍ അത്തരം ദുര്‍മാര്‍ഗികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ദുഷ്പരിണതി തന്നെ നിങ്ങളും അനുഭവിക്കേണ്ടിവരികയും ചെയ്യും. ഈ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടയ്ക്കിടക്ക് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകളും ചൂണ്ടിക്കാണിക്കുന്നു. ഭൌതികപൂജയുടെ അനന്തര ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നു. പാരത്രിക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്നു. നിഷേധികള്‍ സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നതിന്റെ യഥാര്‍ഥ കാരണമായ ധാര്‍മിക ദൌര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. തുടര്‍ന്ന് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് രണ്ട് സുപ്രധാന കാര്യങ്ങള്‍ പറയുന്നു: ഒന്ന്: മുഹമ്മദ് നബി(സ)ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ നാല്‍പതാണ്ടുകളില്‍ വേദത്തെക്കുറിച്ചോ വിശ്വാസപ്രശ്നങ്ങളെക്കുറിച്ചോ യാതൊരറിവും സങ്കല്‍പവുമുണ്ടായിരുന്നില്ല. പിന്നീടദ്ദേഹം പെട്ടെന്ന് ഈ രണ്ടു കാര്യങ്ങളുമായി ജനമധ്യത്തിലേക്ക് വരുന്നു. ഇതുതന്നെ അദ്ദേഹം പ്രവാചകനാണെന്നതിന്റെ വ്യക്തമായ തെളിവാകുന്നു. രണ്ട്: അദ്ദേഹം പഠിപ്പിക്കുന്ന പാഠങ്ങള്‍ ദൈവിക പാഠങ്ങളാണ് എന്നതിന് അദ്ദേഹം നിരന്തരമായി അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നതായി അര്‍ഥമില്ല. മറ്റെല്ലാ പ്രവാചകന്മാര്‍ക്കുമെന്നപോലെ ദൈവം ഈ പ്രവാചകനും പാഠങ്ങള്‍ നല്‍കിയിട്ടുള്ളത് മൂന്നു മാര്‍ഗങ്ങളിലൂടെയാകുന്നു. ഒന്ന്: ദിവ്യബോധനം, രണ്ട്: മറയ്ക്കുപിന്നില്‍നിന്നുള്ള ശബ്ദം, മൂന്ന്: മലക്കുകള്‍ മുഖേനയുള്ള സന്ദേശം. നബി അല്ലാഹുവുമായി നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു വാദിക്കുന്നതായി പ്രതിയോഗികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരം കിട്ടാതിരിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്ലാഹു പ്രവാചകത്വ പദവിയില്‍ അവരോധിക്കുന്നവര്‍ക്ക് അവന്‍ ഏതെല്ലാം രൂപത്തിലാണ് മാര്‍ഗദര്‍ശനമരുളുന്നതെന്നു സത്യാന്വേഷികളായ ആളുകള്‍ അറിഞ്ഞിരിക്കേണ്ടതിനു വേണ്ടിയും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഹാ - മീം.
2-ഐന്‍- സീന്‍- ഖാഫ്.
3-പ്രതാപിയും യുക്തിമാനുമായ അല്ലാഹു നിനക്കും നിനക്കുമുമ്പുള്ളവര്‍ക്കും ഇവ്വിധം ദിവ്യബോധനം നല്‍കുന്നു.
4-ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. അവന്‍ അത്യുന്നതനും മഹാനുമാണ്.
5-ആകാശങ്ങള്‍ അവയുടെ മുകള്‍ഭാഗത്തുനിന്ന് പൊട്ടിച്ചിതറാനടുത്തിരിക്കുന്നു. മലക്കുകള്‍ തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നു. വാഴ്ത്തുന്നു. ഭൂമിയിലുള്ളവര്‍ക്കായി അവര്‍ പാപമോചനം തേടുന്നു. അറിയുക; തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും.
6-അല്ലാഹുവെക്കൂടാതെ മറ്റു രക്ഷാധികാരികളെ സ്വീകരിച്ചവരുണ്ടല്ലോ. അല്ലാഹു അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. നിനക്ക് അവരുടെ മേല്‍നോട്ടബാധ്യതയില്ല.
7-ഇവ്വിധം നിനക്കു നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. നീ മാതൃനഗരത്തിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും മുന്നറിയിപ്പു നല്‍കാനാണിത്. സംഭവിക്കുമെന്ന കാര്യത്തില്‍ സംശയസാധ്യതപോലുമില്ലാത്ത ആ മഹാസംഗമത്തെ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കാനും. അന്നൊരു സംഘം സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു സംഘം കത്തിക്കാളുന്ന നരകത്തീയിലും.
8-അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ മുഴുവന്‍ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവനിച്ഛിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തിന് അവകാശിയാക്കുന്നു. അക്രമികള്‍ക്ക് രക്ഷകനോ സഹായിയോ ഇല്ല.
9-ഇക്കൂട്ടര്‍ അവനെക്കൂടാതെ മറ്റു രക്ഷകരെ സ്വീകരിച്ചിരിക്കയാണോ? എന്നാല്‍ അറിയുക; യഥാര്‍ഥ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
10-നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതു കാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന്‍ മാത്രമാണ് എന്റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ ഖേദിച്ചു മടങ്ങുന്നതും അവങ്കലേക്കുതന്നെ.
11-ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും.
12-ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ അധീനതയിലാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവ് വരുത്തുന്നു. അവന്‍ സകല സംഗതികളും നന്നായറിയുന്നവനാണ്.
13-നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു മതനിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. "നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക"യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു.
14-ശരിയായ അറിവു വന്നെത്തിയശേഷമല്ലാതെ ജനം ഭിന്നിച്ചിട്ടില്ല. ആ ഭിന്നതയോ അവര്‍ക്കിടയിലുണ്ടായിരുന്ന വിരോധം മൂലമാണ്. ഒരു നിശ്ചിത അവധിവരെ അന്ത്യവിധി സംഭവിക്കില്ലെന്ന നിന്റെ നാഥന്റെ തീരുമാനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വിധിത്തീര്‍പ്പ് കല്‍പിക്കുമായിരുന്നു. അവര്‍ക്കുശേഷം വേദപുസ്തകത്തിന് അവകാശികളായിത്തീര്‍ന്നവര്‍ തീര്‍ച്ചയായും അതേക്കുറിച്ച് സങ്കീര്‍ണമായ സംശയത്തിലാണ്.
15-അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ടപോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: "അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ."
16-അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചശേഷം അത് സ്വീകരിച്ചവരോട് അല്ലാഹുവെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ വാദം അവരുടെ നാഥന്റെയടുത്ത് തീര്‍ത്തും നിരര്‍ഥകമാണ്. അവര്‍ക്ക് ദൈവകോപമുണ്ട്. കഠിനമായ ശിക്ഷയും.
17-സത്യസന്ദേശവുമായി വേദപുസ്തകവും തുലാസുമിറക്കിത്തന്നത് അല്ലാഹുവാണ്. നിനക്കെന്തറിയാം. ആ അന്ത്യസമയം അടുത്തുതന്നെ വന്നെത്തിയേക്കാം.
18-ആ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ് അതിനായി ധൃതി കൂട്ടുന്നത്. വിശ്വസിക്കുന്നവര്‍ അതേക്കുറിച്ച് ഭയപ്പെടുന്നവരാണ്. അവര്‍ക്കറിയാം അത് സംഭവിക്കാന്‍പോകുന്ന സത്യമാണെന്ന്. അറിയുക: അന്ത്യസമയത്തെ സംബന്ധിച്ച് തര്‍ക്കിക്കുന്നവര്‍ തീര്‍ച്ചയായും വഴികേടില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.
19-അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും.
20-വല്ലവനും പരലോകത്തെ വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് സമൃദ്ധമായി നല്‍കും. ആരെങ്കിലും ഇഹലോക വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന് നാമതും നല്‍കും. അപ്പോഴവന് പരലോക വിഭവങ്ങളൊന്നുമുണ്ടാവുകയില്ല.
21-ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതനിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ? വിധി ത്തീര്‍പ്പിനെ സംബന്ധിച്ച കല്‍പന നേരത്തെ വന്നിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ പെട്ടെന്നു തന്നെ വിധിത്തീര്‍പ്പുണ്ടാകുമായിരുന്നു. സംശയമില്ല; അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
22-ആ അക്രമികള്‍ തങ്ങള്‍ നേടിവെച്ചതിനെക്കുറിച്ചോര്‍ത്ത് പേടിച്ചു വിറക്കുന്നത് നിനക്കു കാണാം. അവരിലത് വന്നെത്തുക തന്നെ ചെയ്യും. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. അവര്‍ക്ക് തങ്ങളുടെ നാഥന്റെയടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം.
23-സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന ശുഭവാര്‍ത്തയാണിത്. പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്തബന്ധത്തിന്റെ പേരിലുള്ള ആത്മാര്‍ഥമായ സ്നേഹമല്ലാതെ." ആരെങ്കിലും വല്ല നന്മയും നേടുകയാണെങ്കില്‍ നാമതില്‍ വര്‍ധനവ് വരുത്തും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
24-അല്ല; ഈ പ്രവാചകന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്? എന്നാല്‍ അറിയുക; അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിന്റെ മനസ്സിനും അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ തുടച്ചുനീക്കുന്നു. സത്യത്തെ തന്റെ വചനങ്ങളിലൂടെ സ്ഥാപിക്കുന്നു. സംശയമില്ല; അവന്‍ മനസ്സിനുള്ളിലുള്ളതെല്ലാം നന്നായറിയുന്നവനാണ്.
25-അവനാണ് തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. പാപകൃത്യങ്ങള്‍ പൊറുത്തുകൊടുക്കുന്നവനും അവന്‍ തന്നെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
26-സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രാര്‍ഥനകള്‍ക്ക് അവനുത്തരം നല്‍കുന്നു. അവര്‍ക്ക് തന്റെ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കുന്നു. സത്യനിഷേധികളോ, അവര്‍ക്ക് കൊടിയ ശിക്ഷയാണുണ്ടാവുക.
27-അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സ്പഷ്ടമായി കാണുന്നവനും.
28-ജനം നന്നെ നിരാശരായിക്കഴിഞ്ഞാല്‍ അവര്‍ക്കു മഴ വീഴ്ത്തിക്കൊടുക്കുന്നത് അവനാണ്. തന്റെ അനുഗ്രഹം വിപുലമാക്കുന്നവനുമാണവന്‍. രക്ഷകനും സ്തുത്യര്‍ഹനും അവന്‍ തന്നെ.
29-ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്. അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍.
30-നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്.
31-ഈ ഭൂമിയില്‍ വെച്ച് നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.
32-കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്.
33-അവനിച്ഛിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കിനിര്‍ത്തുന്നു. അപ്പോള്‍ ആ കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നുപോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
34-അല്ലെങ്കില്‍ അതിലെ യാത്രക്കാര്‍ പ്രവര്‍ത്തിച്ച പാപങ്ങളുടെ പേരില്‍ അവനവയെ നശിപ്പിച്ചേക്കാം. എന്നാല്‍ ഏറെയും അവന്‍ മാപ്പാക്കുന്നു.
35-നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവര്‍ക്ക് അപ്പോള്‍ ബോധ്യമാകും; തങ്ങള്‍ക്കൊരു രക്ഷാകേന്ദ്രവുമില്ലെന്ന്.
36-നിങ്ങള്‍ക്കു നല്‍കിയതെന്തും ഐഹികജീവിതത്തിലെ താല്‍ക്കാലികവിഭവം മാത്രമാണ്. അല്ലാഹുവിന്റെ അടുത്തുളളതാണ് കൂടുതലുത്തമം. എന്നെന്നും നിലനില്‍ക്കുന്നതും അതുതന്നെ. അത് സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ്.
37-വന്‍പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും.
38-തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്.
39-തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും.
40-തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മ തന്നെ. എന്നാല്‍ ആരെങ്കിലും മാപ്പേകുകയും യോജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയത്രേ. അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല.
41-അക്രമത്തിനിരയായവര്‍ ആത്മരക്ഷാപ്രവര്‍ത്തനം നടത്തുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ കുറ്റക്കാരല്ല.
42-ജനങ്ങളെ ദ്രോഹിക്കുകയും അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് കുറ്റക്കാര്‍. അത്തരക്കാര്‍ക്കു തന്നെയാണ് നോവേറിയ ശിക്ഷയുള്ളത്.
43-എന്നാല്‍ ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ഇച്ഛാശക്തി ആവശ്യമുള്ള കാര്യങ്ങളില്‍പെട്ടതുതന്നെ.
44-അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ പിന്നെ, അയാളെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. ശിക്ഷ നേരില്‍ കാണുംനേരം അക്രമികള്‍ "ഒരു തിരിച്ചുപോക്കിനു വല്ല വഴിയുമുണ്ടോ" എന്നു ചോദിക്കുന്നതായി നിനക്കു കാണാം.
45-നാണക്കേടിനാല്‍ തലകുനിച്ചവരായി നരകത്തിനു മുമ്പിലവരെ ഹാജരാക്കുന്നത് നിനക്കു കാണാം. ഒളികണ്ണിട്ട് അവര്‍ നരകത്തെ നോക്കും. അപ്പോള്‍ സത്യവിശ്വാസികള്‍ പറയും: "ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടത്തില്‍പെടുത്തിയവര്‍തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍." അറിയുക: അക്രമികളെന്നെന്നും കഠിനശിക്ഷയിലായിരിക്കും.
46-അല്ലാഹുവെ കൂടാതെ തങ്ങളെ തുണക്കുന്ന രക്ഷാധികാരികളാരും അന്ന് അവര്‍ക്കുണ്ടാവുകയില്ല. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കിയാല്‍ പിന്നെ അവന്നു രക്ഷാമാര്‍ഗമൊന്നുമില്ല.
47-അല്ലാഹുവില്‍ നിന്ന് ആരാലും തട്ടിമാറ്റാനാവാത്ത ഒരു ദിനം വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുക. അന്നാളില്‍ നിങ്ങള്‍ക്കൊരഭയകേന്ദ്രവുമുണ്ടാവുകയില്ല. നിങ്ങളുടെ ദുരവസ്ഥക്ക് അറുതിവരുത്താനും ആരുമുണ്ടാവില്ല.
48-അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന്‍ മതിമറന്നാഹ്ളാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന്‍ പറ്റെ നന്ദികെട്ടവനായിത്തീരുന്നു.
49-ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു.
50-അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
51-അല്ലാഹു ഒരു മനുഷ്യനോടും നേര്‍ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില്‍ ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില്‍ മറയ്ക്കുപിന്നില്‍ നിന്ന്, അതുമല്ലെങ്കില്‍ ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവനിച്ഛിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്‍കുന്നു. സംശയമില്ല; അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും.
52-ഇവ്വിധം നാം നിനക്ക് നമ്മുടെ കല്‍പനയാല്‍ ചൈതന്യവത്തായ ഒരു സന്ദേശം ബോധനം നല്‍കിയിരിക്കുന്നു. വേദപുസ്തകത്തെപ്പറ്റിയോ സത്യവിശ്വാസത്തെ സംബന്ധിച്ചോ നിനക്കൊന്നുമറിയുമായിരുന്നില്ല. അങ്ങനെ ആ സന്ദേശത്തെ നാമൊരു വെളിച്ചമാക്കിയിരിക്കുന്നു. അതുവഴി നമ്മുടെ ദാസന്മാരില്‍ നിന്ന് നാം ഇച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു. തീര്‍ച്ചയായും നീ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്;
53-ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിയുക: കാര്യങ്ങളൊക്കെയും മടങ്ങിയെത്തുക അല്ലാഹുവിങ്കലാണ്.