41 ഹാമീം അസ്സജദ-ഫുസ്സ്വിലത്ത്

ആമുഖം
നാമം
ഹാമീം എന്നു തുടങ്ങുന്നതും ഒരിടത്ത് സുജൂദിന്റെ സൂക്തമുള്ളതുമായ അധ്യായം എന്ന് താല്‍പര്യം. 
അവതരണകാലം
പ്രബലമായ നിവേദനങ്ങളനുസരിച്ച് ഈ സൂറയുടെ അവതരണം ഹ. ഹംസയുടെ ഇസ്ലാം സ്വീകരണത്തിനുശേഷവും ഹ. ഉമര്‍  ഇസ്ലാം സ്വീകരിക്കുന്നതിന്റെ മുമ്പുമാണ്. ഏറ്റവും പഴയ നബിചരിത്രകാരനായ മുഹമ്മദുബ്നു ഇസ്ഹാഖ്, പ്രസിദ്ധ താബിഈ പണ്ഡിതനായ മുഹമ്മദുബ്നു കഅ്ബില്‍ ഖുറളിയെ അവലംബിച്ചുകൊണ്ട് ഉദ്ധരിക്കുന്ന കഥ ഇപ്രകാരമാണ്: ഒരിക്കല്‍ കുറേ ഖുറൈശി പ്രമാണിമാര്‍ മസ്ജിദുല്‍ ഹറാമില്‍ വട്ടംകൂടി ഇരിക്കുകയായിരുന്നു. മസ്ജിദിന്റെ മറ്റൊരു മൂലയില്‍ നബി ഏകനായി വന്നെത്തിയിരുന്നു. ഹ. ഹംസ ഇസ്ലാമിലേക്ക് വന്ന കാലമായിരുന്നു അത്. ദിനംപ്രതി മുസ്ലിംകളുടെ സംഘബലം കൂടിക്കൂടി വരുന്നതുകണ്ട് ഖുറൈശികള്‍ പരിഭ്രാന്തരായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉത്ബതുബ്നു റബീഅ (അബൂസുഫ്യാന്റെ ശ്വശുരന്‍) ഖുറൈശി നേതാക്കളോട് പറഞ്ഞു: `സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഞാന്‍ ചെന്ന് മുഹമ്മദുമായി ഒന്ന് സംസാരിച്ചുനോക്കാം. ഞാനയാളുടെ മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെക്കാം. അയാളതംഗീകരിക്കുകയാണെങ്കില്‍ നമുക്കും അംഗീകരിക്കാം. അങ്ങനെ അയാള്‍ നമ്മെ എതിര്‍ക്കുന്നതില്‍നിന്ന് വിരമിച്ചെങ്കിലോ.` സദസ്യര്‍ ഈ അഭിപ്രായത്തോട് യോജിച്ചു. ഉത്ബ എഴുന്നേറ്റ് നബി(സ)യുടെ അടുത്തുചെന്ന് ഉപവിഷ്ടനായി. തിരുമേനി അയാളുടെ നേരെ നോക്കിയപ്പോള്‍ അയാള്‍ പറഞ്ഞു: `മകനേ, നമ്മുടെ സമുദായത്തില്‍ നിനക്കുള്ള കുടുംബപാരമ്പര്യവും കുലമഹിമയുമൊക്കെ നിനക്കറിയാമല്ലോ. പക്ഷേ, നീ നിന്റെ സമുദായത്തിന് വലിയ ആപത്താണുണ്ടാക്കിയിരിക്കുന്നത്. നീ സമുദായത്തെ ഭിന്നിപ്പിച്ചു. ജനത്തെ മുഴുവന്‍ വിഡ്ഢികളെന്നപഹസിച്ചു. സമുദായത്തിന്റെ മതത്തെയും ദൈവങ്ങളെയും ദുഷിച്ചു. നമ്മുടെ പൂര്‍വ പിതാക്കന്മാരൊക്കെ സത്യനിലധികളായിരുന്നു എന്ന അര്‍ഥത്തില്‍ സംസാരിച്ചുതുടങ്ങി. ഇനി ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ. ഞാന്‍ നിന്റെ മുമ്പില്‍ ചില നിര്‍ദേശങ്ങള്‍ വെക്കാം. അതിനെക്കുറിച്ച് ഗൌരവപൂര്‍വം ആലോചിക്കണം. അതില്‍ ഏതെങ്കിലുമൊന്ന് നീ സ്വീകരിച്ചെങ്കില്‍! `റസൂല്‍ തിരുമേനി പറഞ്ഞു: അബുല്‍ വലീദ്, അങ്ങ് പറഞ്ഞോളൂ; ഞാന്‍ കേള്‍ക്കാം.` അയാള്‍ പറഞ്ഞു: `മകനേ, നീ ഈ സംരംഭം തുടങ്ങിയതിന്റെ ലക്ഷ്യം പണമുണ്ടാക്കുകയാണെങ്കില്‍ ഞങ്ങളില്‍ ഏറ്റവും വലിയ സമ്പന്നനാവാന്‍ വേണ്ട സമ്പത്ത് ഞങ്ങളെല്ലാവരുംകൂടി നിനക്കുതരാം. നിനക്ക് വലിയവനാകണമെന്നാണാഗ്രഹമെങ്കില്‍ നിന്നെ ഞങ്ങളുടെ നേതാവായി അംഗീകരിച്ചുകൊള്ളാം; നിന്നോട് ആലോചിക്കാതെ ഞങ്ങള്‍ യാതൊരു കാര്യവും തീരുമാനിക്കുകയില്ല. നിനക്ക് രാജാവാകണമെന്നാണെങ്കില്‍ ഞങ്ങള്‍ നിന്നെ രാജാവായി വാഴിച്ചുകൊള്ളാം. ഇനി ഇതൊന്നുമല്ല, നിന്നെ നിനക്കുതന്നെ തടയാനാവാത്ത വല്ല ജിന്നും ബാധിച്ചിരിക്കുകയാണെങ്കില്‍ ഞങ്ങള്‍ സ്വന്തം ചെലവില്‍ ഏറ്റം പ്രഗല്‍ഭരായ ഭിഷഗ്വരന്മാരെ വരുത്തി നിന്നെ ചികിത്സിപ്പിക്കാം.` ഉത്ബയുടെ ഈ നിര്‍ദേശങ്ങളെല്ലാം നിശ്ശബ്ദനായി കേട്ടശേഷം തിരുമേനി ചോദിച്ചു: `അബുല്‍വലീദ്, അങ്ങേക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞുവോ?` ഉത്ബ: `അതെ.` തിരുമേനി പറഞ്ഞു: എന്നാല്‍, ഇനി എനിക്ക് പറയാനുള്ളത് കേള്‍ക്കൂ. തുടര്‍ന്ന് അവിടുന്ന് ബിസ്മി ചൊല്ലിക്കൊണ്ട് ഈ സൂറ പാരായണം ചെയ്യാന്‍ തുടങ്ങി. ഉത്ബയാവട്ടെ കൈകള്‍ രണ്ടും തറയില്‍ കുത്തിക്കൊണ്ട് അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. 38-ാം സൂക്തമായ സുജൂദിന്റെ ആയത്ത് എത്തിയപ്പോള്‍ തിരുമേനി സുജൂദ് ചെയ്തു. അനന്തരം തല ഉയര്‍ത്തിക്കൊണ്ട് തിരുമേനി പറഞ്ഞു: `അബുല്‍ വലീദ്, എന്റെ മറുപടി അങ്ങ് കേട്ടുകഴിഞ്ഞു. ഇനി അങ്ങയുടെ ഇഷ്ടംപോലെ ചെയ്യാം.` ഉത്ബ എഴുന്നേറ്റ് ഖുറൈശി സഭയിലേക്ക് നടന്നു. അകലെനിന്ന് അദ്ദേഹത്തെ കണ്ടപാടെ അവര്‍ പറഞ്ഞു: ദൈവത്താണ, ഉത്ബയുടെ മുഖം വിവര്‍ണമായിരിക്കുന്നു. അദ്ദേഹമിവിടെനിന്ന് പോയപ്പോഴുള്ള ഭാവം ഇതായിരുന്നില്ല.` പിന്നെ അയാള്‍ വന്ന് സഭയില്‍ ഉപവിഷ്ടനായപ്പോള്‍ അവര്‍ ചോദിച്ചു: `എന്താ കേട്ടത്?` അദ്ദേഹം പറഞ്ഞു: ദൈവമേ, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിലുള്ള വചനങ്ങളാണ് ഞാന്‍ കേട്ടത്. ദൈവത്താണ, ഇത് കവിതയല്ല, ആഭിചാരമന്ത്രമല്ല, ജ്യോല്‍സ്യവുമല്ല. ഓ, ഖുറൈശി നായകരേ, എന്റെ വാക്ക് കേള്‍ക്കുക. ഇയാളെ നമുക്ക് പാട്ടിനുവിടാം. ഈ വചനങ്ങള്‍ ചില വര്‍ണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നോക്കുക, മറ്റു അറബികള്‍ അയാളെ ജയിക്കുകയാണെങ്കില്‍ നമ്മുടെ സഹോദരനെതിരെ കൈപൊക്കുന്നതില്‍നിന്ന് നമുക്ക് രക്ഷപ്പെടാം. മറ്റുള്ളവര്‍ അവന്റെ കഥ കഴിച്ചുതരുമല്ലോ. ഇനി അറബികളെ അവന്‍ ജയിക്കുകയാണെങ്കിലോ അവന്റെ ആധിപത്യം നമ്മുടെ ആധിപത്യവും അവന്റെ യശസ്സ് നമ്മുടെ യശസ്സുമായിരിക്കുമല്ലോ.` ഉത്ബയുടെ ഈ വാക്കുകള്‍ കേള്‍ക്കേണ്ട താമസം ഖുറൈശി നേതാക്കള്‍ ഘോഷിച്ചു: `ഓ അബുല്‍ വലീദ്, ഒടുവില്‍ താങ്കളും അവന്റെ ആഭിചാരവലയില്‍ കുടുങ്ങിയിരിക്കുന്നു.` ഉത്ബ അവരോടു പറഞ്ഞു: `ഞാന്‍ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. നിങ്ങള്‍ക്ക് ബോധിച്ചതെന്തോ അത് ചെയ്തുകൊള്ളുക` (ഇബ്നു ഹിശാം, വാള്യം:1, പേജ്: 313, 314). ഈ നിവേദനം ഹ. ജാബിറുബ്നു അബ്ദില്ലയില്‍നിന്നും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ധാരാളം മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ പദപരമായ വ്യത്യാസങ്ങള്‍ ഏറിയോ കുറഞ്ഞോ കാണാം. ചില നിവേദനങ്ങളില്‍ ഇപ്രകാരവും കൂടികാണാം: തിരുമേനിയുടെ പാരായണം, فَإِنْ أَعْرَضُوا فَقُلْ أَنذَرْتُكُمْ صَاعِقَةً مِّثْلَ صَاعِقَةِ عَادٍ وَثَمُودَ (ഇനി അവര്‍ പുറംതിരിയുകയാണെങ്കില്‍ പറഞ്ഞേക്കുക: ആദിനെയും സമൂദിനെയും ബാധിച്ച ഘോരസ്ഫോടനം പോലൊരു സ്ഫോടനത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ താക്കീതുചെയ്യുന്നു) എന്ന സൂക്തത്തിലെത്തിയപ്പോള്‍ ഉത്ബ നിയന്ത്രണംവിട്ട് തിരുമേനിയുടെ വായപൊത്തുകയും ദൈവത്തെയോര്‍ത്ത് സ്വജനത്തോട് കരുണ കാണിക്കൂ എന്നപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം തന്റെ പ്രവൃത്തിയെ ഖുറൈശികളുടെ മുമ്പില്‍ ഇപ്രകാരം ന്യായീകരിക്കുകയുമുണ്ടായി: നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദിന്റെ വായില്‍നിന്ന് വീഴുന്ന വാക്കുകള്‍ പുലരുകതന്നെ ചെയ്യുമെന്ന്. അതുകൊണ്ട് നമ്മുടെ മേല്‍ ശിക്ഷ വന്നുപതിച്ചേക്കുമോ എന്ന് ഞാന്‍ ഭയന്നുപോയി.` (വിശദാംശങ്ങള്‍ക്ക് തഫസീര്‍ ഇബ്നു കഥീര്‍ വാള്യം: 4, പേജ്: 90-91; അല്‍ബിദായ വന്നിഹായ വാള്യം: 3, പേജ്: 62 നോക്കുക) 
ഉള്ളടക്കം
ഉത്ബയുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി അല്ലാഹുവിങ്കല്‍നിന്നവതരിച്ച വചനങ്ങളില്‍ അയാളുടെ മൂഢ വര്‍ത്തമാനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍, അയാള്‍ പറഞ്ഞത് വാസ്തവത്തില്‍ നബി(സ)യുടെ ഉദ്ദേശ്യശുദ്ധിയുടെയും സുബോധത്തിന്റെയും നേരെയുള്ള ആക്രമണമായിരുന്നു. തിരുമേനി പ്രവാചകനും ഖുര്‍ആന്‍ ദിവ്യബോധനവും ആയിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതിനാല്‍, തിരുമേനിയുടെ ഈ പ്രസ്ഥാനത്തിന്റെ പ്രചോദനം ഒന്നുകില്‍ സമ്പത്ത് നേടുക അല്ലെങ്കില്‍ അധികാരം കൈക്കലാക്കുക എന്ന മോഹമോ അതുമല്ലെങ്കില്‍ തിരുമേനിക്ക് ബുദ്ധിഭ്രംശം ബാധിച്ചതോ ആയിരിക്കണം എന്ന സങ്കല്‍പമാണ് ആ വര്‍ത്തമാനത്തിന്റെയൊക്കെ പിന്നിലുള്ളത്. ഒന്നാമത്തെ നിലപാടില്‍ അവര്‍ അദ്ദേഹത്തോട് വിലപേശാന്‍ നോക്കുകയാണ്. രണ്ടാമത്തെ നിലപാടില്‍ ഞങ്ങള്‍ സ്വന്തം ചെലവില്‍ ചികിത്സിച്ച് തന്റെ മനോരോഗം മാറ്റിത്തരാമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ നിന്ദിക്കുകയാണ്. പ്രതിയോഗികള്‍ ഇത്തരം മൂഢ ഭാഷണങ്ങളുതിര്‍ക്കുമ്പോള്‍ അതിന് മറുപടി പറയുകയല്ലല്ലോ ഒരു മാന്യന്റെ സ്വഭാവം. മറിച്ച്, അത്തരം മൂഢ ജല്‍പനങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് തനിക്ക് പറയാനുള്ളത് പറയുകയായിരിക്കും ചെയ്യുക. ഉത്ബയുടെ വര്‍ത്തമാനത്തെ അവഗണിച്ചുകൊണ്ട് ഈ സൂറയില്‍ ചര്‍ച്ചാവിഷയമാക്കിയിട്ടുള്ളത് വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശത്തെ പരാജയപ്പെടുത്തുന്നതിനുവേണ്ടി മക്കയിലെ നിഷേധികള്‍ അന്ന് അനുവര്‍ത്തിച്ചിരുന്ന അത്യന്തം സത്യവിരുദ്ധവും ധിക്കാരപരവും സംസ്കാരഹീനവുമായ ശത്രുതയെയാണ്. അവര്‍ പ്രവാചകനോട് പറഞ്ഞു: താനെന്തുതന്നെ ചെയ്താലും തന്റെ ഒരു വര്‍ത്തമാനവും ഞങ്ങള്‍ കേള്‍ക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ ഹൃദയങ്ങള്‍ക്ക് മൂടികളിട്ടിരിക്കുന്നു. ചെവികള്‍ അടച്ചുപൂട്ടിയിരിക്കുന്നു. നമ്മള്‍ തമ്മില്‍ ഒരിക്കലും കൂടിച്ചേരാനനുവദിക്കാത്ത ഒരു മതില്‍ നമുക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. അവര്‍ അദ്ദേഹത്തിന് സ്പഷ്ടമായ മുന്നറിയിപ്പ് നല്‍കി: താന്‍ തന്റെ ഈ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊള്ളുക. തനിക്കെതിരില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ഞങ്ങളും ചെയ്യും.` അദ്ദേഹത്തെ തോല്‍പിക്കാന്‍ അവര്‍ കണ്ടെത്തിയ ഒരു പരിപാടി ഇതായിരുന്നു: അദ്ദേഹമോ ശിഷ്യന്മാരോ എവിടെവെച്ചെങ്കിലും ബഹുജനങ്ങളെ ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഉടനെ അവിടെ ബഹളം സൃഷ്ടിക്കുക. കൂക്കും വിളിയും കൂട്ടി ഖുര്‍ആന്‍ ആളുകള്‍ക്ക് കേള്‍ക്കാന്‍ വയ്യാതാക്കുക. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് നേരെ വിപരീതമായ അര്‍ഥങ്ങള്‍ ധരിപ്പിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതിനും അവര്‍ സോല്‍സാഹം യത്നിച്ചിരുന്നു. ഒരു കാര്യം പറഞ്ഞാല്‍ അവരത് മറ്റൊരു കാര്യമാക്കി അവതരിപ്പിക്കും. നേര്‍ക്കുനേരെ പറയുന്നതിനെ വളച്ചൊടിക്കും. സന്ദര്‍ഭത്തില്‍നിന്നും പശ്ചാത്തലത്തില്‍നിന്നും പദങ്ങളും വാക്കുകളും അടര്‍ത്തിയെടുത്ത് അവയോടൊപ്പം സ്വന്തമായി കുറേ വാചകങ്ങളും ചേര്‍ത്ത് പുതിയ പുതിയ ആശയങ്ങള്‍ സൃഷ്ടിക്കും. അങ്ങനെ ഖുര്‍ആനിനെയും അതവതരിപ്പിക്കുന്ന പ്രവാചകനെയും സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പവും മോശമായ അഭിപ്രായങ്ങളുമുണ്ടാക്കാന്‍ ശ്രമിച്ചു. വിചിത്രമായ വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ ഒരു മാതൃക ഈ സൂറയില്‍ കാണിച്ചിട്ടുണ്ട്. ഒരു അറബി, അറബിഭാഷയില്‍ ചില വചനങ്ങള്‍ പറഞ്ഞാല്‍ അതിലെന്ത് ദിവ്യാദ്ഭുതമിരിക്കുന്നു എന്നവര്‍ ചോദിച്ചുകൊണ്ടിരുന്നു. അറബി അയാളുടെ മാതൃഭാഷയാണല്ലോ. തന്റെ മാതൃഭാഷയില്‍ അയാള്‍ക്ക് ഇഷ്ടമുള്ള വചനങ്ങള്‍ രചിക്കാം. അത് തനിക്ക് ദൈവത്തിങ്കല്‍ നിന്ന് അവതരിച്ചുകിട്ടിയതാണെന്ന് വാദിക്കുകയുമാവാം. അമാനുഷ ദിവ്യാദ്ഭുതമാവുക, ഇയാള്‍ തനിക്കറിഞ്ഞുകൂടാത്ത മറ്റൊരു ഭാഷയില്‍ പെട്ടെന്ന് എണീറ്റുനിന്ന് സാഹിത്യസമ്പുഷ്ടവും സാരസമ്പൂര്‍ണവുമായ ഒരു പ്രസംഗം ചെയ്യുമ്പോഴാണ്. അപ്പോഴേ ഇത് അയാളുടെ വചനമല്ല, മുകളില്‍നിന്ന് അയാളിലേക്കിറങ്ങുന്ന വചനമാണ് എന്ന് മനസ്സിലാക്കാനൊക്കൂ. ഈ അന്ധവും ബധിരവുമായ എതിര്‍പ്പിന് മറുപടിയായി അരുളിയിട്ടുള്ളതിന്റെ ആകത്തുക ഇതാണ്: 1. ഇത് ദൈവം അവതരിപ്പിച്ച വചനങ്ങള്‍ തന്നെയാകുന്നു. അറബിഭാഷയില്‍ തന്നെയാണിതവതരിപ്പിച്ചിട്ടുള്ളത്. അതില്‍ തുറന്ന് വിവരിച്ചിട്ടുള്ള യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ചേടത്തോളം അവിവേകികളായ ആളുകള്‍ അതിനകത്ത് ജ്ഞാനപ്രകാശത്തിന്റെ യാതൊരു കിരണവും കാണുകയില്ല. എന്നാല്‍ ബുദ്ധിയും ബോധവുമുള്ള ആളുകള്‍ അപ്രകാരം കാണുകയും അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യും. മര്‍ത്ത്യ മാര്‍ഗദര്‍ശനത്തിനുവേണ്ടി ഈ വേദം അവതരിപ്പിച്ചുവെന്നത് ദൈവത്തിന്റെ മഹത്തായ കാരുണ്യമാകുന്നു. ആരെങ്കിലും അതിനെ ശാപമായി കാണുന്നുവെങ്കില്‍ അതവരുടെ ദൌര്‍ഭാഗ്യമാകുന്നു. അതിനെ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ശുഭവാര്‍ത്തയുണ്ട്. അതില്‍നിന്ന് പുറംതിരിഞ്ഞുപോകുന്നവര്‍ ഭയപ്പെട്ടുകൊള്ളട്ടെ. 2. നിങ്ങള്‍ സ്വന്തം മനസ്സുകള്‍ മൂടിവെക്കുകയും കാതുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരിക്കുന്നുവെങ്കില്‍ കേള്‍ക്കാനിഷ്ടമില്ലാത്തവരെ കേള്‍പ്പിക്കുകയോ മനസ്സിലേക്ക് കാര്യങ്ങള്‍ ബലംപ്രയോഗിച്ച് കുത്തിയിറക്കുകയോ ചെയ്യുവാന്‍ പ്രവാചകനെ ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം നിങ്ങളെപ്പോലെ ഒരു മനുഷ്യനാകുന്നു. കേള്‍ക്കുന്നവരെ മാത്രമേ അദ്ദേഹത്തിന് കേള്‍പ്പിക്കാനൊക്കൂ. ഗ്രഹിക്കുന്നവരെ മാത്രമേ ഗ്രഹിപ്പിക്കാനാവൂ. 3. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വന്തം കണ്ണും കാതും അടച്ചുവെക്കാം. മനസ്സ് മൂടിവെക്കാം. പക്ഷേ, നിങ്ങളുടെ ദൈവം ഒരേയൊരു ദൈവമാണെന്നും നിങ്ങള്‍ അവന്റെയല്ലാതെ മറ്റാരുടെയും അടിമകളല്ല എന്നും ഉള്ളത് യാഥാര്‍ഥ്യം തന്നെയാകുന്നു. നിങ്ങളുടെ എതിര്‍പ്പുകൊണ്ട് ഈ യാഥാര്‍ഥ്യം മാറാന്‍ പോകുന്നില്ല. അതംഗീകരിക്കുകയും അതനുസരിച്ച് കര്‍മങ്ങള്‍ സംസ്കരിക്കുകയുമാണെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. അംഗീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ അതിന്റെ നാശമനുഭവിക്കേണ്ടിവരുന്നതും നിങ്ങള്‍തന്നെ. 4. ഒന്നാലോചിച്ചുനോക്കുക. നിങ്ങള്‍ ആരോടാണ് ഈ നിഷേധവും ബഹുദൈവത്വവും അനുവര്‍ത്തിക്കുന്നത്? അപാരമായ ഈ പ്രപഞ്ചത്തെ നിര്‍മിച്ച ദൈവത്തോട്, ആകാശഭൂമികളുടെ സ്രഷ്ടാവിനോട്. അവനുണ്ടാക്കിയ അനുഗ്രഹങ്ങളാണ് നിങ്ങളീ ഭൂമിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവന്‍ ഒരുക്കിത്തന്ന ആഹാരങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ നിലനില്‍ക്കുന്നത്. എന്നിട്ട് അവന്റെ നിസ്സാര സൃഷ്ടികളെ നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്നു. അത് മനസ്സിലാക്കിത്തരാന്‍ ശ്രമമുണ്ടാകുമ്പോള്‍ നിങ്ങള്‍ വിരോധത്താല്‍ പുറംതിരിഞ്ഞുപോകുന്നു. 5. ശരി, ഇനിയും അംഗീകരിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ അറിഞ്ഞിരിക്കുക: ആദുവര്‍ഗത്തിനും സമൂദുവര്‍ഗത്തിനും മീതെ പൊട്ടിവീണതുപോലുള്ള ശിക്ഷ നിങ്ങള്‍ക്കു മീതെയും ആകസ്മികമായി പൊട്ടിവീഴാന്‍ തയ്യാറായിരിക്കുന്നു. എന്നാല്‍, ഈ ശിക്ഷ നിങ്ങളുടെ കുറ്റത്തിനുള്ള അന്തിമ ശിക്ഷയായിരിക്കുകയില്ല. പിന്നെ വിചാരണാസഭയിലെ ചോദ്യവും നരകാഗ്നിയും ഉണ്ട്. 6. ഒരു മനുഷ്യന്റെ കൂടെ അയാള്‍ക്ക് നാലുപാടും വര്‍ണശബളമാക്കി കാണിച്ചുകൊടുക്കുന്ന പൈശാചിക ജിന്നുകളുണ്ടായിരിക്കുക എന്നത് മഹാദൌര്‍ഭാഗ്യം തന്നെയാകുന്നു. അവരുടെ മൂഢതകളെ അയാളുടെ മുന്നില്‍ ആകര്‍ഷകമാക്കി അവതരിപ്പിക്കുന്നു. അയാളെ ഒരിക്കലും ശരിയായി ചിന്തിക്കാന്‍ അനുവദിക്കുകയില്ല. മറ്റാരില്‍നിന്നും കേള്‍ക്കാനും സമ്മതിക്കുകയില്ല. ഇത്തരം അജ്ഞന്മാര്‍ ഇന്ന് ഇവിടെ പരസ്പരം ഉയര്‍ത്തുകയും വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളുന്നു. പക്ഷേ, അന്ത്യനാളില്‍ ആപത്ത് വരുമ്പോള്‍ ഓരോരുത്തരും പറയും: എന്നെ വഞ്ചിച്ചവരാരോ അവരെ കൈയില്‍ കിട്ടുകയാണെങ്കില്‍ ഞാനവരെ കാല്‍കീഴിലിട്ട് ചവിട്ടിയരക്കും. 7. ഈ ഖുര്‍ആന്‍ ഒരു സുഭദ്രമായ വേദമാകുന്നു. നിങ്ങള്‍ സംഘടിപ്പിക്കുന്ന തന്ത്രങ്ങള്‍കൊണ്ടോ വ്യാജമായ ആയുധങ്ങള്‍കൊണ്ടോ ഇതിനെ പരാജയപ്പെടുത്താനാവില്ല. അസത്യം നേര്‍ക്കുനേരെ വന്നാലും ശരി, പര്‍ദക്കുപിന്നില്‍ മറഞ്ഞുനിന്ന് ആക്രമിച്ചാലും ശരി, ഖുര്‍ആനിനെ നിസ്തേജമാക്കുന്നതില്‍ അശേഷം വിജയിക്കാന്‍ പോകുന്നില്ല. 8. ഇന്ന് നിങ്ങള്‍ അനായാസം ഗ്രഹിക്കേണ്ടതിന് നിങ്ങളുടെ ഭാഷയില്‍ തന്നെ ഈ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ പറയുന്നു, ഇത് ഏതെങ്കിലും അനറബി ഭാഷയിലാണ് അവതരിക്കേണ്ടിയിരുന്നതെന്ന്. പക്ഷേ, നാം അനറബി ഭാഷയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ ഈയാളുകള്‍ തന്നെ പറയും: ഇത് നല്ല തമാശ! അറബികളുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി ഇവിടെ ആര്‍ക്കും അറിഞ്ഞുകൂടാത്ത അനറബി ഭാഷയിലാണ് അരുളപ്പാടുകള്‍ വരുന്നത്!` വാസ്തവത്തില്‍ നിങ്ങള്‍ സന്മാര്‍ഗം ആഗ്രഹിക്കുന്നില്ല എന്നത്രെ ഇതിനര്‍ഥം. സന്മാര്‍ഗമംഗീകരിക്കാതിരിക്കാന്‍ എന്നും പുതിയ പുതിയ ഉപായങ്ങള്‍ നെയ്തുകൊണ്ടിരിക്കുകയാണ് നിങ്ങള്‍. 9. വല്ലപ്പോഴും ഇതുകൂടി ഒന്നാലോചിച്ചു നോക്കുക. ഈ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്നതുതന്നെയാണ് യാഥാര്‍ഥ്യമെന്ന് വരികയാണെങ്കില്‍, അതിനെ ഇത്ര രൂക്ഷമായി നിഷേധിക്കുന്ന നിങ്ങള്‍ക്ക് എന്തു പര്യവസാനമായിരിക്കും നേരിടേണ്ടിവരിക! 10. ഇന്ന് നിങ്ങള്‍ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കിലും ഈ ഖുര്‍ആനിന്റെ സന്ദേശം സകല ചക്രവാളങ്ങളിലും വ്യാപിച്ചതായി അടുത്ത ഭാവിയില്‍ തന്നെ സ്വന്തം കണ്ണുകളാല്‍ കാണേണ്ടിവരും. അന്ന് അത് നിങ്ങളെ അതിജയിച്ചു കഴിഞ്ഞിരിക്കും. നിങ്ങളോട് പറഞ്ഞിരുന്നതെല്ലാം സത്യമായിരുന്നുവെന്ന് അപ്പോള്‍ ബോധ്യമാവുകയും ചെയ്യും. ശത്രുക്കള്‍ക്ക് ഇവ്വിധം മറുപടികള്‍ നല്‍കുന്നതോടൊപ്പം അതിസങ്കീര്‍ണമായിരുന്ന ആ സന്ദിഗ്ധഘട്ടത്തില്‍ വിശ്വാസികളും നബി(സ) തന്നെയും അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുമുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്ന് പ്രബോധനം പോകട്ടെ, ഈമാനിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുക എന്നതുതന്നെ ദുഷ്കരമായിരുന്നു. മുസ്ലിം ആയിരിക്കുന്നു എന്ന് വ്യക്തമായ ഓരോ വ്യക്തിയുടെയും ജീവിതം അത്യന്തം ദുസ്സഹമായിരുന്നു. ശത്രുക്കളുടെ ഭീകരമായ കൂട്ടായ്മയുടെയും നാലുപാടും വലയം ചെയ്തിട്ടുള്ള ശക്തികളുടെയും മുമ്പില്‍ അവര്‍ തികച്ചും അവശരും നിസ്സഹായരുമായിരുന്നു. ഈ അവസ്ഥയില്‍, നിങ്ങള്‍ യഥാര്‍ഥത്തില്‍ ദുര്‍ബലരും നിസ്സഹായരുമല്ലെന്നും, ഒരിക്കല്‍ ഒരാള്‍ അല്ലാഹുവിനെ തന്റെ നാഥനായി സ്വീകരിക്കുകയും ആ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ദൈവത്തിന്റെ മലക്കുകള്‍ അവരിലിറങ്ങിവരികയും ഇഹലോകം മുതല്‍ പരലോകം വരെ അവരോടൊത്ത് നിലകൊള്ളുകയും ചെയ്യുമെന്നരുളിക്കൊണ്ട് ഒന്നാമതായി അവര്‍ക്ക് ധൈര്യം പകരുന്നു. അനന്തരം സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും മറ്റുള്ളവരെ ദൈവത്തിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും താന്‍ മുസല്‍മാനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഏറ്റവും ഉല്‍കൃഷ്ടനെന്ന് അരുളിക്കൊണ്ട് അവരില്‍ ആവേശവും ആദര്‍ശവീര്യവുമേറ്റുന്നു. അന്ന് നബി(സ)യെ ഏറ്റവുമധികം വിഷമിപ്പിച്ചിരുന്ന ചോദ്യം ഇതായിരുന്നു: ഈ പ്രബോധനത്തിന്റെ വഴിയില്‍ ഇത്രയേറെ സങ്കീര്‍ണമായ പ്രതിബന്ധങ്ങളുണ്ടായിരിക്കെ ഈ കരിമ്പാറകളില്‍നിന്ന് എങ്ങനെയാണ് പ്രബോധന സരണി തെളിഞ്ഞുവരിക? ഈ ചോദ്യത്തിന് അവിടത്തേക്ക് ഇപ്രകാരം പരിഹാരമരുളുന്നു: ഈ പാറകള്‍ കാഴ്ചയില്‍ അതികഠിനമാണെങ്കിലും ധാര്‍മികതയാകുന്ന വിശിഷ്ടായുധത്തിന് അവയെ പിളര്‍ക്കാനും ഉരുക്കാനും കഴിയും. ക്ഷമയോടെ അത് ഉപയോഗിക്കുക. വല്ലപ്പോഴും ചെകുത്താന്റെ പ്രകോപനത്തില്‍പ്പെട്ട് മറ്റേതെങ്കിലും ആയുധം പ്രയോഗിക്കാന്‍ തോന്നുമ്പോള്‍ ദൈവത്തില്‍ അഭയം തേടിക്കൊള്ളുക.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഹാ-മീം.
2-പരമകാരുണികനും ദയാപരനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്.
3-വചനങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ട വേദപുസ്തകം. അറബി ഭാഷയിലുള്ള ഖുര്‍ആന്‍. മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണിത്.
4-ഇത് ശുഭവാര്‍ത്ത അറിയിക്കുന്നതാണ്. മുന്നറിയിപ്പു നല്‍കുന്നതും. എന്നിട്ടും ജനങ്ങളിലേറെ പേരും ഇതിനെ അവഗണിച്ചു. അവരിതു കേള്‍ക്കുന്നുപോലുമില്ല.
5-അവര്‍ പറയുന്നു: "നീ ഞങ്ങളെ ക്ഷണിക്കുന്ന സന്ദേശത്തിനു നേരെ ഞങ്ങളുടെ ഹൃദയങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കാതുകളെ ബധിരത ബാധിച്ചിരിക്കുന്നു. നമുക്കിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ നിന്റെ പണി ചെയ്യുക. ഞങ്ങള്‍ ഞങ്ങളുടെ പണി നോക്കാം."
6-പറയുക: "ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. എന്നാല്‍ എനിക്കിങ്ങനെ ദിവ്യബോധനം ലഭിക്കുന്നു: "നിങ്ങള്‍ക്ക് ഒരേയൊരു ദൈവമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ അവങ്കലേക്കുള്ള നേര്‍വഴിയില്‍ നിലകൊള്ളുക. അവനോടു പാപമോചനം തേടുക. ബഹുദൈവ വിശ്വാസികള്‍ക്കാണ് കൊടും നാശം."
7-സകാത്ത് നല്‍കാത്തവരാണവര്‍. പരലോകത്തെ തീര്‍ത്തും തള്ളിപ്പറഞ്ഞവരും.
8-സംശയമില്ല; സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.
9-പറയുക: "രണ്ടു നാളുകള്‍കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവത്തെ നിഷേധിക്കുകയാണോ നിങ്ങള്‍? നിങ്ങളവന് സമന്മാരെ സങ്കല്‍പിക്കുകയുമാണോ? അറിയുക: അവനാണ് സര്‍വലോകങ്ങളുടെയും സംരക്ഷകന്‍."
10-അവന്‍ ഭൂമിയുടെ മുകള്‍പരപ്പില്‍ ഉറച്ചുനില്‍ക്കുന്ന മലകളുണ്ടാക്കി. അതില്‍ അളവറ്റ അനുഗ്രഹങ്ങളൊരുക്കി. അതിലെ ആഹാരങ്ങള്‍ ക്രമപ്പെടുത്തി. നാലു നാളുകളിലായാണ് ഇതൊക്കെ ചെയ്തത്. ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തിലാണ് അതില്‍ ആഹാരമൊരുക്കിയത്.
11-പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: "ഉണ്ടായിവരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും." അപ്പോള്‍ അവ രണ്ടും അറിയിച്ചു: "ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു."
12-അങ്ങനെ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കി. ഓരോ ആകാശത്തിനും അതിന്റെ നിയമം ബോധനംനല്‍കി. അടുത്തുള്ള ആകാശത്തെ വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രവുമാക്കി. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിത്.
13-ഇനിയും അവരവഗണിക്കുന്നുവെങ്കില്‍ പറയുക: "ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു."
14-ദൈവദൂതന്മാര്‍ മുന്നിലൂടെയും പിന്നിലൂടെയും അവരെ സമീപിച്ച് ആവശ്യപ്പെട്ടു: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ വഴിപ്പെടരുത്." അപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് ആ സന്ദേശത്തെ ഞങ്ങള്‍ തള്ളിക്കളയുന്നു."
15-അങ്ങനെ ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: "ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്?" അവരെ പടച്ച അല്ലാഹു അവരെക്കാളെത്രയോ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവര്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു.
16-അവസാനം നാം ദുരിതം നിറഞ്ഞ നാളുകളില്‍ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹികജീവിതത്തില്‍ തന്നെ അവരെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോകശിക്ഷ ഇതിനെക്കാള്‍ എത്രയോ കൂടുതല്‍ അപമാനകരമാണ്. അവര്‍ക്കെങ്ങുനിന്നും ഒരു സഹായവും കിട്ടുകയില്ല.
17-എന്നാല്‍ സമൂദിന്റെ സ്ഥിതിയോ, നാമവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുത്തു. എന്നാല്‍ നേര്‍വഴി കാണുന്നതിനേക്കാള്‍ അവരിഷ്ടപ്പെട്ടത് അന്ധതയാണ്. അതിനാല്‍ അപമാനകരമായ കൊടിയ ശിക്ഷ അവരെ പിടികൂടി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായിരുന്നു അത്.
18-സത്യവിശ്വാസം സ്വീകരിക്കുകയും ഭക്തി പുലര്‍ത്തുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തി.
19-ദൈവത്തിന്റെ ശത്രുക്കളെ നരകത്തിലേക്ക് നയിക്കാനായി ഒരുമിച്ചുചേര്‍ക്കുന്ന നാളിനെക്കുറിച്ച് ഓര്‍ത്തുനോക്കുക.
20-അവരവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരെ സാക്ഷ്യംവഹിക്കും.
21-അപ്പോള്‍ അവര്‍ തൊലിയോടു ചോദിക്കും: "നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യംവഹിച്ചത്?" അവ പറയും: "സകല വസ്തുക്കള്‍ക്കും സംസാരകഴിവു നല്‍കിയ അല്ലാഹു ഞങ്ങളെയും സംസാരിപ്പിച്ചു." അവനാണ് ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചുചെല്ലേണ്ടതും അവങ്കലേക്കുതന്നെ.
22-നിങ്ങളുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും നിങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അതിനാല്‍ അവയില്‍ നിന്ന് നിങ്ങള്‍ ഒന്നും ഒളിപ്പിച്ചുവെക്കാറുണ്ടായിരുന്നില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിലേറെയും അല്ലാഹു അറിയില്ലെന്നാണ് നിങ്ങള്‍ ധരിച്ചിരുന്നത്.
23-അതായിരുന്നു നിങ്ങളുടെ നാഥനെപ്പറ്റി നിങ്ങളുടെ വിചാരം. അതു നിങ്ങളെ നശിപ്പിച്ചിരിക്കുന്നു. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോയി.
24-ഇനിയിപ്പോള്‍ അവരെത്ര ക്ഷമിച്ചാലും നരകം തന്നെയാണവരുടെ താവളം. അവരെത്ര വിട്ടുവീഴ്ച തേടിയാലും വിട്ടുവീഴ്ച കിട്ടുകയുമില്ല.
25-നാം അവര്‍ക്ക് ചില കൂട്ടുകാരെ ഉണ്ടാക്കിക്കൊടുത്തു. ആ കൂട്ടുകാര്‍ അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവര്‍ക്ക് അലംകൃതമായി തോന്നിപ്പിച്ചു. അതോടെ അവര്‍ക്ക് ശിക്ഷ സ്ഥിരപ്പെട്ടു. അവര്‍ക്ക് മുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലുമുള്ളവര്‍ക്ക് ബാധകമായ അതേ ശിക്ഷ. ഉറപ്പായും അവര്‍ നഷ്ടം പറ്റിയവര്‍ തന്നെ.
26-സത്യനിഷേധികള്‍ പറഞ്ഞു: "നിങ്ങള്‍ ഈ ഖുര്‍ആന്‍ കേട്ടുപോകരുത്. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒച്ചവെക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ അതിജയിക്കാം."
27-സത്യനിഷേധികളെ നാം കൊടിയ ശിക്ഷയുടെ രുചി ആസ്വദിപ്പിക്കും. അവര്‍ ചെയ്തുകൊണ്ടിരുന്ന ചീത്തപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നാം നല്‍കുകയും ചെയ്യും.
28-അതാണ് ദൈവവിരോധികള്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലം; നരകം. അവരുടെ സ്ഥിരവാസത്തിനുള്ള ഭവനവും അവിടെത്തന്നെ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്.
29-സത്യനിഷേധികള്‍ പറയും: "ഞങ്ങളുടെ നാഥാ, ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഞങ്ങളെ വഴിപിഴപ്പിച്ചവരെ ഞങ്ങള്‍ക്കു കാണിച്ചുതരേണമേ! ഞങ്ങളവരെ കാല്‍ച്ചുവട്ടിലിട്ട് ചവിട്ടിത്തേക്കട്ടെ. അവര്‍ പറ്റെ നിന്ദ്യരും നീചരുമാകാന്‍."
30-"ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ"ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: "നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക.
31-"ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്ക്അവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും ലഭിക്കും.
32-"ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ ദൈവത്തിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്."
33-അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും "ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണെ"ന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?
34-നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.
35-ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.
36-പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിച്ചാല്‍ നീ അല്ലാഹുവില്‍ ശരണംതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
37-രാപ്പകലുകളും സൂര്യചന്ദ്രന്മാരും അവന്റെ അടയാളങ്ങളില്‍പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!
38-അഥവാ, അവര്‍ അഹങ്കരിക്കുകയാണെങ്കില്‍ അറിയുക: നിന്റെ നാഥന്റെ സമീപത്തെ മലക്കുകള്‍ രാപ്പകലില്ലാതെ അവനെ കീര്‍ത്തിക്കുന്നു. അവര്‍ക്കതിലൊട്ടും മടുപ്പില്ല.
39-ഭൂമിയെ വരണ്ടതായി നീ കാണുന്നു. പിന്നെ നാം അതില്‍ വെള്ളം വീഴ്ത്തിയാല്‍ പെട്ടെന്നത് ചലനമുള്ളതായിത്തീരുന്നു. വികസിച്ചു വലുതാവുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും. അവന്‍ എല്ലാ കാര്യത്തിനുംകഴിവുറ്റവനാണ്.
40-നമ്മുടെ വചനങ്ങളെ വളച്ചൊടിച്ച് വികൃതമാക്കുന്നവര്‍ നമ്മുടെ കണ്‍വെട്ടത്തുനിന്ന് മറഞ്ഞുനില്‍ക്കുന്നവരല്ല. നരകത്തിലെറിയപ്പെടുന്നവനോ, അതല്ല, ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിര്‍ഭയനായി വന്നെത്തുന്നവനോ ആരാണ് നല്ലവന്‍? നിങ്ങള്‍ക്കു തോന്നുന്നതെന്തും ചെയ്തുകൊള്ളുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.
41-ഈ ഉദ്ബോധനം തങ്ങള്‍ക്കു വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ നശിച്ചതുതന്നെ. ഇത് അന്തസ്സുറ്റ വേദപുസ്തകമാണ്; തീര്‍ച്ച.
42-ഇതില്‍ അസത്യം വന്നുചേരുകയില്ല. മുന്നിലൂടെയുമില്ല; പിന്നിലൂടെയുമില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്ന് ഇറക്കിക്കിട്ടിയതാണിത്.
43-നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല. നിശ്ചയമായും നിന്റെ നാഥന്‍ പാപം പൊറുക്കുന്നവനാണ്; നോവുറ്റ ശിക്ഷ നല്‍കുന്നവനും.
44-നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: "എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?" പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൌഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക.
45-മൂസാക്കും നാം വേദം നല്‍കിയിരുന്നു. അപ്പോള്‍ അതിന്റെ കാര്യത്തിലും ഭിന്നിപ്പുകളുണ്ടായിരുന്നു. നിന്റെ നാഥന്റെ കല്‍പന നേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു. സംശയമില്ല; അവരിതേപ്പറ്റി സങ്കീര്‍ണമായ സംശയത്തിലാണ്.
46-ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരേ അനീതി ചെയ്യുന്നവനല്ല.
47-ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അവന്റെ അറിവോടെയല്ലാതെ പഴങ്ങള്‍ അവയുടെ പോളകളില്‍ നിന്നു പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ ഇല്ല. അവന്‍ അവരോടിങ്ങനെ വിളിച്ചു ചോദിക്കുന്ന ദിവസം: "എന്റെ പങ്കാളികളെവിടെ?" അവര്‍ പറയും: "ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിലാരും തന്നെ അതിനു സാക്ഷികളല്ല."
48-അവര്‍ നേരത്തെ വിളിച്ചുപ്രാര്‍ഥിച്ചിരുന്നവയെല്ലാം അവരില്‍നിന്ന് വിട്ടകന്നുപോകും. തങ്ങള്‍ക്കിനിയൊരു രക്ഷാമാര്‍ഗവുമില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യും.
49-നന്മ തേടുന്നതില്‍ മനുഷ്യനൊട്ടും മടുപ്പനുഭവപ്പെടുന്നില്ല. എന്നാല്‍ വല്ല വിപത്തും അവനെ ബാധിച്ചാലോ അവന്‍ മനംമടുത്തവനും കടുത്തനിരാശനുമായിത്തീരുന്നു.
50-അവനെ ബാധിച്ച വിപത്ത് വിട്ടൊഴിഞ്ഞശേഷം നമ്മുടെ അനുഗ്രഹം നാമവനെ ആസ്വദിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: "ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്. അന്ത്യസമയം ആസന്നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ, ഞാനെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചയക്കപ്പെട്ടാലും എനിക്ക് അവന്റെയടുത്ത് നല്ല അവസ്ഥയാണുണ്ടാവുക." എന്നാല്‍ ഇത്തരം സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും. കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കും.
51-മനുഷ്യന് നാം വല്ല ഔദാര്യവും ചെയ്യുമ്പോള്‍ അവനത് അവഗണിക്കുന്നു. അഹന്ത നടിക്കുന്നു. വല്ല വിപത്തും അവനെ ബാധിച്ചാലോ, അവനതാ ദീര്‍ഘമായ പ്രാര്‍ഥനയിലേര്‍പ്പെടുന്നു.
52-ചോദിക്കുക: ഈ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതുതന്നെയായിരിക്കുകയും എന്നിട്ട് നിങ്ങളതിനെ തള്ളിപ്പറയുകയും അങ്ങനെ ഇതിനോടുള്ള എതിര്‍പ്പില്‍ ഏറെ ദൂരം പിന്നിട്ടവനായിത്തീരുകയുമാണെങ്കില്‍ അവനെക്കാള്‍ പിഴച്ചവനായി ആരാണുണ്ടാവുകയെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
53-അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍?
54-അറിയുക: തീര്‍ച്ചയായും ഈ ജനം തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന കാര്യത്തില്‍ സംശയത്തിലാണ്. ഓര്‍ക്കുക: അവന്‍ സകല സംഗതികളെയും വലയം ചെയ്യുന്നവനാണ്.