45 അല്‍ജാസിയ

ആമുഖം
നാമം
28-ാം സൂക്തല്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ നാമം. ജാഥിയ എന്ന വാക്കുള്ള സൂറ എന്ന് താല്‍പര്യം. 
അവതരണകാലം
ഈ സൂറയുടെ അവതരണ കാലം ഏതെങ്കിലും പ്രബലമായ നിവേദനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഇതും സൂറ അദ്ദുഖാനിന്റെ അവതരണകാലത്തോടടുത്ത് അവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഇരു സൂറകളുടെയും ഉള്ളടക്കം തമ്മില്‍ അവ ഇരട്ടക്കുട്ടികളാണെന്നു തോന്നുമാറുള്ള സാദൃശ്യമുണ്ട്. 
പ്രതിപാദ്യ വിഷയം
തൌഹീദ്, ആഖിറത്ത് എന്നീ ആശയങ്ങളെക്കുറിച്ച് മക്കയിലെ അവിശ്വാസികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടിയും ഖുര്‍ആനിക സന്ദേശങ്ങള്‍ക്കെതിരില്‍ അവര്‍ സ്വീകരിച്ച നിലപാടിനുനേരെയുള്ള താക്കീതുമാണ് ഈ സൂറയിലെ ഉള്ളടക്കം. ഏകദൈവത്വ സിദ്ധാന്തത്തിന്റെ തെളിവുകള്‍ വിവരിച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിക്കുന്നത്. ഇവ്വിഷയകമായി മനുഷ്യാസ്തിത്വം മുതല്‍ ആകാശഭൂമികള്‍ വരെ സര്‍വത്ര വ്യാപിച്ചുകിടക്കുന്ന ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറയുന്നു: എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും സകല വസ്തുക്കളും, നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന തൌഹീദിനെ സാക്ഷ്യപ്പെടുത്തുന്നതായി കാണാം. ഈ പലതരം ജന്തുക്കള്‍, രാപ്പകലുകള്‍, വൃഷ്ടി, അതുവഴി കിളിര്‍ത്തുവരുന്ന സസ്യലതാദികള്‍, വാതകങ്ങള്‍, മനുഷ്യന്റെ തന്നെ ജന്മം, കണ്ണുതുറന്നു നോക്കുകയും നിഷ്പക്ഷബുദ്ധ്യാ ചിന്തിക്കുകയുമാണെങ്കില്‍ ഈ പ്രപഞ്ചം നിരീശ്വരമോ നിരവധി ഈശ്വരന്മാരാല്‍ നടത്തപ്പെടുന്നതോ അല്ലെന്നും അവയെല്ലാം നിര്‍വിശങ്കം ബോധ്യപ്പെടുത്തിത്തരുന്നതാണ്. ഒരേയൊരു ദൈവത്താല്‍ നിര്‍മിതമാണെന്നും അവന്‍ മാത്രമാണവയെ ആസൂത്രിതമായി പരിപാലിച്ചുകൊണ്ടിരിക്കുന്നതെന്നും അവ വിളിച്ചോതുന്നുണ്ട്. എന്നാല്‍, എന്തായാലും വിശ്വസിക്കുകയില്ലെന്ന് ശപഥം ചെയ്തിരിക്കുന്നവരുടെ കാര്യം ഒന്നുവേറെയാണ്. ശങ്കകളിലും സന്ദേഹങ്ങളിലും തന്നെ നിലകൊള്ളാന്‍ തീരുമാനിച്ചവരുടെ കാര്യവും വേറെ. അവര്‍ക്കൊന്നും ഈ ലോകത്തെവിടെനിന്നും ഉറപ്പിന്റെയും വിശ്വാസത്തിന്റെയും സൌഭാഗ്യം നേടാനാവില്ല. ഇങ്ങനെ മുന്നോട്ടുപോയി രണ്ടാം ഖണ്ഡികയുടെ തുടക്കത്തില്‍ പറയുന്നു: മനുഷ്യന്‍ ഈ ലോകത്ത് എത്രയൊക്കെ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നുവോ, അതിരും എതിരുമില്ലാത്ത എന്തെല്ലാം സാധനങ്ങളും ശക്തികളും ഈ പ്രപഞ്ചത്തില്‍ അവന്റെ നന്മക്കായി സേവനം ചെയ്തുകൊണ്ടിരിക്കുന്നുവോ അവയൊന്നും എങ്ങുനിന്നും സ്വയം വന്നുചേര്‍ന്നതല്ല; ദേവീദേവന്മാര്‍ സജ്ജീകരിച്ചു വെച്ചതുമല്ല. അവയെല്ലാം ആ ഏകദൈവം തന്നില്‍നിന്ന് മനുഷ്യന് നല്‍കിയതും അധീനപ്പെടുത്തിക്കൊടുത്തതുമാകുന്നു. വല്ലവനും ശരിയാംവണ്ണം ചിന്തിച്ചു നോക്കുകയാണെങ്കില്‍ ആ ഏകദൈവം തന്നെയാണ് മനുഷ്യന് എല്ലാ നന്മകളും ചെയ്യുന്നതെന്നും, അതിനാല്‍ മനുഷ്യന്‍ നന്ദിയുള്ളവനായിരിക്കാന്‍ കടപ്പെട്ടിട്ടുള്ളത് അവനോട് മാത്രമാണെന്നും അവരുടെ ബുദ്ധിതന്നെ വിളിച്ചുപറയുന്നതായി മനസ്സിലാക്കാം. അനന്തരം, മക്കയിലെ അവിശ്വാസികള്‍ ഖുര്‍ആനിക സന്ദേശത്തിനുനേരെ കൈക്കൊണ്ട ധിക്കാരവും അഹന്തയും പരിഹാസവും ഉറച്ച നിഷേധവും കഠിനമായി ആക്ഷേപിക്കപ്പെട്ടിരിക്കുന്നു. നേരത്തെ ഇസ്രായേല്‍ വംശത്തിന് അരുളപ്പെട്ട അതേ അനുഗ്രഹങ്ങളുമായാണ് ഈ ഖുര്‍ആന്‍ ആഗതമായിട്ടുള്ളതെന്ന് അവരെ ഉണര്‍ത്തുന്നു. ആ അനുഗ്രഹങ്ങള്‍ നിമിത്തമാണ് ഇസ്രായേല്‍ വംശം ലോകജനതകളില്‍ ശ്രേഷ്ഠതര്‍ക്കര്‍ഹരായത്. അവര്‍ ആ അനുഗ്രഹങ്ങളെ അവമതിക്കുകയും ദീനില്‍ ഭിന്നിപ്പുണ്ടാക്കി നശിപ്പിക്കുകയും ചെയ്തപ്പോള്‍ ഈ ഭാഗ്യം നിങ്ങളിലേക്കയക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യര്‍ക്ക് ദീനിന്റെ സ്വഛമായ രാജപാത കാണിച്ചുകൊടുക്കുന്ന പ്രമാണമാണിത്. അവിവേകത്താലും മൂഢതയാലും ഇതിനെ തടയുന്നവര്‍ സ്വന്തം വിനാശത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയാണ്. ഈ ദീനിനെ സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ട് ദൈവഭക്തിയില്‍ നിലകൊള്ളുന്നവര്‍ മാത്രമാകുന്നു ദൈവത്തിന്റെ കാരുണ്യത്തിനും സഹായത്തിനും അര്‍ഹരാകുന്നവര്‍. ഇതോടൊപ്പം പ്രവാചക ശിഷ്യന്മാരോട് ഇപ്രകാരം നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു: ദൈവഭയമില്ലാത്ത ഈ ആളുകള്‍ നിങ്ങളോടു കാണിക്കുന്ന അവിവേകങ്ങളെ വിട്ടുവീഴ്ചയോടും സഹനത്തോടും കൂടി നേരിടുക. നിങ്ങള്‍ സഹനമവലംബിക്കുകയാണെങ്കില്‍ അവരുടെ കഥ ദൈവംതന്നെ കഴിച്ചുകൊള്ളും. നിങ്ങള്‍ക്ക് ആ സഹനത്തിന് പ്രതിഫലമരുളുകയും ചെയ്യും. തുടര്‍ന്ന് പരലോക വിശ്വാസത്തെക്കുറിച്ച് അവിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്ന മൂഢധാരണകളെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ പറയുന്നു: ജീവിതമെന്നാല്‍ ഈ ഭൌതികജീവിതം മാത്രമേയുള്ളൂ. അനന്തരം മറ്റൊരു ജീവിതമില്ല. ഒരു ഘടികാരം കുറേക്കാലം നടന്നശേഷം നിന്നുപോകുന്നതുപോലെ മാത്രമാണ് കാലത്തിന്റെ കറക്കത്തില്‍ നാം മരിച്ചുപോകുന്നത്. പിടിക്കപ്പെടുകയും പിന്നീട് ഏതോ സന്ദര്‍ഭത്തില്‍ മനുഷ്യശരീരത്തില്‍ പുനരാവാഹിക്കപ്പെടുകയും ചെയ്യുന്ന ഒരാത്മാവൊന്നും മരണാനന്തരം അവശേഷിക്കുന്നില്ല. അതല്ല, മരണാനന്തര ജീവിതം ഉണ്ടെന്നുതന്നെ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ ഞങ്ങളുടെ മരിച്ചുപോയ പൂര്‍വികരെ ഒന്ന് ജീവിപ്പിച്ചു കാട്ടിത്തരിക. ഇതിനു മറുപടിയായി അല്ലാഹു ഏതാനും തെളിവുകള്‍ തുടരെത്തുടരെ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, നിങ്ങള്‍ ഇതൊന്നും പറയുന്നത് യാതൊരു അറിവും വെച്ചുകൊണ്ടല്ല. വെറും അനുമാനത്തെ ആസ്പദമാക്കിയാണ് നിങ്ങള്‍ ഇത്രയും ഗുരുതരമായ വിധി രൂപീകരിച്ചിരിക്കുന്നത്. മരണാനന്തര ജീവിതം ഇല്ലെന്നും, ആത്മാവ് പിടിച്ചെടുക്കപ്പെടുകയല്ല, നശിച്ചുപോവുകയാണ് എന്നും യഥാര്‍ഥത്തില്‍ നിങ്ങള്‍ ഉറപ്പായി അറിഞ്ഞിട്ടുണ്ടോ? രണ്ട്, മരിച്ചുപോയവരാരും ഉയിര്‍ത്തെഴുന്നേറ്റു വരുന്നത് കണ്ടിട്ടില്ല എന്നതു മാത്രമാണല്ലോ ഈ വാദത്തിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച ആധാരം. എന്നാല്‍, മരിച്ചവര്‍ എഴുന്നേല്‍ക്കുന്നില്ല എന്നത് യഥാര്‍ഥത്തില്‍ ഇത്ര ഗുരുതരമായ ഒരു വാദമുന്നയിക്കുന്നതിന് മതിയായ ആധാരമാണോ? ഒരു കാര്യം നിങ്ങളുടെ അനുഭവത്തിലും ദൃഷ്ടിയിലും വരാതിരിക്കുന്നതിന് ആ കാര്യം ഇല്ലാ എന്ന് അറിവുകിട്ടി` എന്ന് അര്‍ഥമുണ്ടോ? മൂന്ന്, ശിഷ്ടനും ദുഷ്ടനും, ആജ്ഞാനുവര്‍ത്തിയും ധിക്കാരിയും മര്‍ദിതനും മര്‍ദകനും എല്ലാം ഒടുവില്‍ തുല്യരായിത്തീരുക എന്നത് യുക്തിക്കും നീതിക്കും തികച്ചും വിരുദ്ധമാകുന്നു. നന്മയുടെ സദ്ഫലവും തിന്മയുടെ ദുഷ്ഫലവും ഉളവാകാതെ, മര്‍ദിതന്റെ പരാതികള്‍ പരിഹരിക്കാതെ, മര്‍ദകന് അവന്റെ ചെയ്തിയുടെ ശിക്ഷ ലഭിക്കാതെ എല്ലാവരും ഒരേ തരത്തിലുള്ള പരിണതി പൂകുക! ദൈവത്തിന്റെ ഈ പ്രപഞ്ചത്തെക്കുറിച്ച് ഇത്തരമൊരു സങ്കല്‍പം രൂപീകരിക്കുന്നവര്‍ വമ്പിച്ചൊരബദ്ധ സങ്കല്‍പം തന്നെയാണ് രൂപീകരിക്കുന്നത്. അക്രമികളും ദുഷ്ടന്മാരുമായ ആളുകള്‍ ഇത്തരം സങ്കല്‍പം സ്വീകരിക്കുന്നത് അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ ദുഷ്ഫലം കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. എന്നാല്‍, ദൈവത്തിന്റെ ദിവ്യത്വമെന്നത് അരാജകത്വമല്ല. സത്യാധിഷ്ഠിതമായ ഒരു വ്യവസ്ഥയാണ്. അതില്‍ ശിഷ്ടനും ദുഷ്ടനും ഒടുവില്‍ തുല്യരായിത്തീരുക എന്ന അക്രമം നടമാടുക ഒരിക്കലും സാധ്യമല്ല. പരലോകനിഷേധം കടുത്ത ധര്‍മച്യുതിക്ക് വഴിതെളിയിക്കുന്നുവെന്നാണ് നാലാമതായി ചൂണ്ടിക്കാട്ടുന്നത്. ജഡികേഛകളുടെ അടിമകളായിത്തീര്‍ന്നവര്‍ മാത്രമേ പരലോക നിഷേധം അംഗീകരിക്കുകയുള്ളൂ. താന്തോന്നിത്തത്തിനുള്ള തുറന്ന സ്വാതന്ത്യ്രം കിട്ടുന്നതിനുവേണ്ടിയാണ് അവരതംഗീകരിക്കുന്നത്. കൂടാതെ ഈ സിദ്ധാന്തം അംഗീകരിക്കുന്നവരെ അത് ഇരുട്ടില്‍നിന്ന് കൂടുതല്‍ കടുത്ത ഇരുട്ടിലേക്ക് നയിച്ചുകൊണ്ടുപോകുന്നു. അങ്ങനെ അവരുടെ ധാര്‍മികബോധം തികച്ചും നിര്‍ജീവമായിത്തീരുന്നു. സന്മാര്‍ഗത്തിലേക്കുള്ള എല്ലാ കവാടങ്ങളും അവരുടെ മുന്നില്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നു. ഈ ന്യായങ്ങള്‍ നിരത്തിയശേഷം അല്ലാഹു ശക്തിയായി ഊന്നിപ്പറയുന്നു: എവ്വിധം നിങ്ങള്‍ സ്വയം ജീവിക്കുന്നവരാകാതെ, അല്ലാഹു ജീവിപ്പിച്ചതിനാല്‍ മാത്രം ജീവനുള്ളവരായോ അവ്വിധംതന്നെ നിങ്ങള്‍ സ്വയം മരിക്കുന്നുമില്ല. നാം മരിപ്പിക്കുന്നതിലൂടെ മാത്രമേ മരിക്കൂ. നിങ്ങളെല്ലാവരും ഒരേസമയം സമ്മേളിപ്പിക്കപ്പെടുന്ന ഒരു സന്ദര്‍ഭം തീര്‍ച്ചയായും വരുന്നുണ്ട്. നിങ്ങള്‍ സ്വന്തം മൌഢ്യത്താലും അവിദ്യയാലും ഇന്നീ വസ്തുത വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. ആ സന്ദര്‍ഭം ആസന്നമാകുമ്പോള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്നതും നിങ്ങളുടെ ഓരോ ചെയ്തിയും സാക്ഷ്യപ്പെടുത്തുന്ന കര്‍മരേഖകള്‍ യാതൊരേറ്റപ്പറ്റുമില്ലാതെ തയ്യാറാക്കിവെച്ചിട്ടുള്ളതും സ്വന്തം കണ്ണുകള്‍കൊണ്ടുതന്നെ കണ്ടുകൊള്ളുക. പരലോക വിശ്വാസത്തോടുള്ള ഈ നിഷേധവും പരിഹാസവും നിങ്ങളെ എന്തുമാത്രം ഭയങ്കരമായ ആപത്തിലാണ് അകപ്പെടുത്തിയതെന്ന് അപ്പോള്‍ മനസ്സിലാകും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഹാ-മീം.
2-ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാണ്.
3-തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക് എണ്ണമറ്റ തെളിവുകളുണ്ട്.
4-നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും, അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്.
5-രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്.
6-അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമവയെ നിനക്കു ക്രമാനുസൃതം ഓതിത്തരുന്നു. അല്ലാഹുവിലും അവന്റെ വചനങ്ങളിലുമല്ലാതെ മറ്റേതു വൃത്താന്തത്തിലാണ് ഈ ജനം ഇനി വിശ്വസിക്കുക.
7-പെരുംനുണ കെട്ടിപ്പറയുന്ന പാപികള്‍ക്കൊക്കെയും കൊടിയനാശം!
8-അവന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്ത നടിച്ച് പഴയപോലെത്തന്നെ സത്യനിഷേധത്തിലുറച്ചു നില്‍ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക.
9-നമ്മുടെ വചനങ്ങളില്‍ വല്ലതും അവന്‍ അറിഞ്ഞാല്‍ ഉടനെ അവനതിനെ പുച്ഛിക്കുന്നു. അത്തരക്കാര്‍ക്ക് ഉറപ്പായും ഏറ്റം നിന്ദ്യമായ ശിക്ഷയുണ്ട്.
10-അവരെ പിന്തുടരുന്നത് കത്തിപ്പടരുന്ന തിയ്യാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. അല്ലാഹുവെക്കൂടാതെ അവര്‍ കൊണ്ടുനടക്കുന്ന രക്ഷാധികാരികളാരും അവര്‍ക്കൊരിക്കലും പ്രയോജനപ്പെടുകയില്ല. അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്.
11-ഈ ഖുര്‍ആന്‍ വഴികാട്ടിയാണ്. തങ്ങളുടെ നാഥന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് നോവുറ്റ ഹീനമായ ശിക്ഷയുണ്ട്.
12-അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.
13-ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.
14-സത്യവിശ്വാസികളോടു പറയൂ: അല്ലാഹുവിന്റെ ശിക്ഷയുടെ നാളുകളെ പ്രതീക്ഷിക്കാത്ത സത്യനിഷേധികളോട് അവര്‍ വിട്ടുവീഴ്ച കാണിക്കട്ടെ. ഓരോ ജനതക്കും അവര്‍ നേടിയെടുത്തതിന്റെ ഫലം നല്‍കാന്‍ അല്ലാഹുവിന് അവസരമുണ്ടാകട്ടെ.
15-ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. പിന്നെ നിങ്ങളൊക്കെ മടക്കപ്പെടുക നിങ്ങളുടെ നാഥങ്കലേക്കാണ്.
16-തീര്‍ച്ചയായും നാം ഇസ്രയേല്‍ മക്കള്‍ക്ക് വേദപുസ്തകമേകി. ആധിപത്യവും പ്രവാചകത്വവും നല്‍കി. ഉത്തമ വസ്തുക്കളില്‍ നിന്ന് അന്നം നല്‍കി. ലോകത്ത് നാമവരെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കുകയും ചെയ്തു.
17-അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്റെ നാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിധിത്തീര്‍പ്പ് കല്‍പിക്കുന്നതാണ്.
18-പിന്നീട് നിന്നെ നാം ഇക്കാര്യത്തില്‍ വ്യക്തമായ നിയമവ്യവസ്ഥയിലാക്കിയിരിക്കുന്നു. അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.
19-അല്ലാഹുവില്‍ നിന്നുള്ള ഒരു കാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ ഭക്തന്മാരുടെ രക്ഷാധികാരി അല്ലാഹുവാണ്.
20-ഇത് മുഴുവന്‍ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും.
21-ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.
22-അല്ലാഹു ആകാശഭൂമികളെ യാഥാര്‍ഥ്യനിഷ്ഠമായാണ് സൃഷ്ടിച്ചത്. ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം നല്‍കാനാണിത്. ആരോടും ഒട്ടും അനീതി ഉണ്ടാവുകയില്ല.
23-തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?
24-അവര്‍ പറഞ്ഞു: "നമ്മുടെ ഈ ലോകജീവിതമല്ലാതെ ജീവിതമില്ല. നാം മരിക്കുന്നു. ജീവിക്കുന്നു. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്." യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒരു വിവരവുമില്ല. അവര്‍ വെറുതെ ഊഹിച്ചുപറയുകയാണ്.
25-നമ്മുടെ വചനങ്ങള്‍ അവരെ വ്യക്തമായി വായിച്ചുകേള്‍പ്പിച്ചാല്‍ അവര്‍ക്കു ന്യായവാദമായി പറയാനുള്ളത് ഇതുമാത്രമായിരിക്കും: "നിങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ജീവിപ്പിച്ചുകൊണ്ടുവരിക; നിങ്ങള്‍ സത്യവാദികളെങ്കില്‍!"
26-പറയുക: അല്ലാഹുവാണ് നിങ്ങളെ ജീവിപ്പിക്കുന്നത്. പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും. ഇതിലൊട്ടും സംശയമില്ല. എന്നാല്‍ മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.
27-ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. ആ അന്ത്യസമയം വരുംനാളില്‍ അസത്യവാദികള്‍ കൊടിയ നഷ്ടത്തിലായിരിക്കും.
28-അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും.
29-നമ്മുടെ കര്‍മരേഖ ഇതാ! ഇത് നിങ്ങള്‍ക്കെതിരെ സത്യം തുറന്നുപറയും. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം നാം കൃത്യമായി എഴുതിയെടുപ്പിക്കുന്നുണ്ടായിരുന്നു.
30-സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അവരുടെ നാഥന്‍ തന്റെ കാരുണ്യവലയത്തില്‍ പ്രവേശിപ്പിക്കും. വ്യക്തമായ വിജയവും അതുതന്നെ.
31-മറിച്ച് സത്യത്തെ തള്ളിപ്പറഞ്ഞവരോ; അവരോടിങ്ങനെ പറയും: "എന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി ഓതിക്കേള്‍പ്പിച്ചുതന്നിരുന്നില്ലേ? എന്നിട്ടും നിങ്ങള്‍ അഹങ്കരിച്ചു. നിങ്ങള്‍ കുറ്റവാളികളായ ജനമായിത്തീര്‍ന്നു."
32-"തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. ആ അന്ത്യദിനത്തിന്റെ കാര്യത്തിലൊട്ടും സംശയമില്ല" എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയും: "ഞങ്ങള്‍ക്കറിയില്ലല്ലോ; എന്താണ് ഈ അന്ത്യദിനമെന്ന്. ഞങ്ങള്‍ക്ക് ഊഹം മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് ഇക്കാര്യത്തിലൊരുറപ്പുമില്ല."
33-അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളുടെ ദുരന്തഫലം അവര്‍ക്ക് വെളിപ്പെടുകതന്നെ ചെയ്യും. അവര്‍ പരിഹസിച്ച് അവഗണിച്ച ശിക്ഷ അവരെ വലയം ചെയ്യും.
34-അപ്പോള്‍ അവരോടു പറയും: "ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ മറന്നിരുന്നപോലെത്തന്നെ നിങ്ങളെ നാമുമിന്ന് മറന്നിരിക്കുന്നു. നിങ്ങളുടെ താവളം ആളിക്കത്തുന്ന നരകത്തീയാണ്. നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.
35-"അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ പുച്ഛിച്ചുതള്ളി. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു. അതിനാലാണിങ്ങനെ സംഭവിച്ചത്." ഇന്ന് അവരെ നരകത്തീയില്‍ നിന്ന് പുറത്തുചാടാനനുവദിക്കുകയില്ല. അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല.
36-അതിനാല്‍ അല്ലാഹുവിന് സ്തുതി. അവന്‍ ആകാശങ്ങളുടെ നാഥനാണ്. ഭൂമിയുടെയും നാഥനാണ്. സര്‍വലോക സംരക്ഷകനും.
37-ഉന്നതങ്ങളില്‍ അവനാണ് മഹത്വം. ഭൂമിയിലും ഔന്നത്യം അവന്നുതന്നെ. ഏറെ പ്രതാപിയാണ് അവന്‍. അതീവ യുക്തിമാനും.