46 അല്‍അഹ്ഖാഫ്

ആമുഖം
നാമം
21-ാം സൂക്തത്തിലെ اذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالأَحْقَافِ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ നാമം. 
അലതരണ കാലം
29-32 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രസംഭവത്തില്‍നിന്ന് ഈ അധ്യായത്തിന്റെ അവതരണകാലം നിര്‍ണിതമാകുന്നുണ്ട്. ഈ സൂക്തത്തില്‍ പറയുന്ന, ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടു മടങ്ങിയ സംഭവം നബി (സ) ത്വാഇഫില്‍നിന്ന് മക്കയിലേക്ക് മടങ്ങിപ്പോരുമ്പോള്‍ `നഖ് ലഎന്ന സ്ഥലത്ത് തങ്ങിയ സന്ദര്‍ഭത്തിലാണ് നടന്നതെന്നത്രെ ഹദീസുകളില്‍നിന്നും ചരിത്രത്തില്‍നിന്നും ഏകകണ്ഠമായി വ്യക്തമാകുന്നത്. തിരുമേനി ത്വാഇഫ് സന്ദര്‍ശിച്ചത് മദീനാ ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പാണെന്ന് എല്ലാ ചരിത്ര നിവേദനങ്ങളും പറയുന്നു. ഈ സൂറ അവതരിച്ചത് പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ പത്താം വര്‍ഷം ഒടുവിലോ പതിനൊന്നാം വര്‍ഷം ആരംഭത്തിലോ ആണെന്നാണ് അത് ചൂണ്ടിക്കാണിക്കുന്നത്. 
ചരിത്ര പശ്ചാത്തലം
തിരുമേനിയുടെ വിശുദ്ധ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു പ്രവാചകത്വലബ്ധിയുടെ പത്താം വര്‍ഷം. തുടര്‍ച്ചയായി മൂന്നു വര്‍ഷക്കാലത്തോളം ഖുറൈശി ഗോത്രങ്ങള്‍ ഒറ്റക്കെട്ടായി, ഹാശിം വംശത്തിനും മുസ്ലിംകള്‍ക്കും എതിരെ സമ്പൂര്‍ണമായ ഊരുവിലക്ക് കല്‍പിച്ചിരിക്കുകയായിരുന്നു. തിരുമേനിയും കുടുംബവും ശിഷ്യന്മാരും ശിഅബു അബീത്വാലിബില്‍ *(താഴ്വര എന്നാണ് ശിഅബ് എന്ന അറബി പദത്തിന്റെ അര്‍ഥം. `ശിഅബു അബീത്വാലിബ്` എന്നത് മക്കയിലെ ഒരു പാര്‍പ്പിടപ്രദേശത്തിന്റെ പേരാണ്. അവിടെയാണ് ഹാശിം വംശക്കാര്‍ താമസിച്ചിരുന്നത്. ഈ പ്രദേശം അബൂഖുബൈസ് മലയുടെ താഴ്വരകളിലൊന്നിലാണ് സ്ഥിതിചെയ്തിരുന്നതെങ്കിലും ഹാശിം വംശത്തിന്റെ തലവന്‍ അബൂത്വാലിബായിരുന്നതിനാല്‍ ഇതിനെ ശിഅബ് അബീത്വാലിബ് എന്ന് വിളിച്ചുവന്നു. പ്രാദേശിക കഥകളില്‍ നബി(സ)യുടെ ജന്മസ്ഥലമായി ഇന്ന് അറിയപ്പെടുന്ന സ്ഥലത്തിനടുത്തായിട്ടാണ് ഈ താഴ്വര സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ പ്രദേശത്തെ ശിഅ്ബ് അലി എന്നും ശിഅ്ബ് ബനീഹാശിം എന്നും വിളിച്ചുവരുന്നു.)* ഉപരോധിക്കപ്പെട്ടു. യാതൊരു വസ്തുവും അകത്തേക്ക് സപ്ളൈ ചെയ്യാനാവാത്തവിധം ഖുറൈശികള്‍ ഈ പ്രദേശത്തിന്റെ നാനാവശങ്ങളിലും ചെക്പോസ്റുകള്‍ സ്ഥാപിച്ചിരുന്നു. ഹജ്ജ് കാലത്ത് മാത്രമേ ഈ ഉപരോധത്തെ മറികടന്ന് അവര്‍ക്ക് വല്ലതും വാങ്ങാന്‍ സാധിച്ചിരുന്നുള്ളൂ. പക്ഷേ, അപ്പോഴും അബൂലഹബ് മുസ്ലിംകളില്‍ വല്ലവരും ചന്തയിലേക്കോ കച്ചവടസംഘങ്ങളുടെ അടുത്തേക്കോ പോകുന്നതായി കണ്ടാല്‍ ഇങ്ങനെ വിളിച്ചു പറയുമായിരുന്നു: ഇവര്‍ വല്ല സാധനവും വാങ്ങാനൊരുങ്ങിയാല്‍, അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര വിലകൂട്ടി പറയുക. എന്നിട്ട് അതവര്‍ വാങ്ങുന്നെങ്കില്‍ വാങ്ങിക്കൊള്ളട്ടെ. നിങ്ങള്‍ക്ക് നഷ്ടമില്ലല്ലോ. തികച്ചും മൂന്ന് സംവല്‍സരക്കാലം ഖുറൈശികള്‍ മുസ്ലിംകളേയും ഹാശിം വംശത്തേയും ഈ വിധം നിസ്സഹായതയുടെ നീര്‍ച്ചുഴിയില്‍ അകപ്പെടുത്തി. അക്കാലത്ത് അവര്‍ക്ക് പുല്ലും ഇലകളും തിന്നേണ്ട സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായി. ദൈവാധീനത്താല്‍ ഈ ഉപരോധം റദ്ദാക്കപ്പെട്ട അതേ വര്‍ഷംതന്നെ, പത്തുകൊല്ലത്തോളമായി തിരുമേനിയുടെ സംരക്ഷകനായി നിലകൊണ്ടിരുന്ന പിതൃവ്യന്‍ അബൂത്വാലിബ് മരണപ്പെട്ടു. ഈ അത്യാഹിതം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതേയുള്ളൂ. അപ്പോഴേക്കും തിരുമേനിയുടെ ജീവിതസഖിയും പ്രവാചകത്വത്തിന്റെ ആരംഭം മുതല്‍ അന്നുവരെ അദ്ദേഹത്തിന്റെ സാന്ത്വനവും സമാശ്വാസവുമായി വര്‍ത്തിച്ചവരുമായ ഹ. ഖദീജയും (റ) അന്തരിച്ചു. അടിക്കടിയുണ്ടായ ഈ ആഘാതങ്ങളെ ആസ്പദമാക്കി തിരുമേനി ഈ വര്‍ഷത്തെ `ദുഃഖവര്‍ഷം` എന്നായിരുന്നു വിളിച്ചിരുന്നത്. ഹ. ഖദീജ (റ) യുടെയും അബൂത്വാലിബിന്റെയും മരണാനന്തരം മക്കാ കാഫിറുകള്‍ തിരുമേനിയുടെ നേരെ പൂര്‍വോപരി ക്രുദ്ധരായിത്തീര്‍ന്നു. അവരദ്ദേഹത്തെ കൂടുതല്‍ ഞെരുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പ്രയാസമായിത്തീര്‍ന്നു. എത്രത്തോളമെന്നാല്‍ അക്കാലത്ത് അങ്ങാടിയുടെ മധ്യത്തില്‍വെച്ച് ഒരു ഖുറൈശിത്തെമ്മാടി തിരുമേനിയുടെ ശിരസ്സില്‍ മണ്ണുവാരി എറിഞ്ഞ സംഭവംപോലും ഇബ്നുഹിശാം ഉദ്ധരിച്ചിട്ടുണ്ട്. ഒടുവില്‍ തിരുമേനി(സ) ത്വാഇഫിലേക്ക് പുറപ്പെട്ടു. സഖീഫ് ഗോത്രത്തെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. അവര്‍ ഇസ്ലാം സ്വീകരിക്കുന്നില്ലെങ്കില്‍, ചുരുങ്ങിയപക്ഷം, തനിക്കവരുടെ ഇടയില്‍ പാര്‍ത്ത് സമാധാനപൂര്‍വം പ്രവര്‍ത്തിക്കാനുള്ള അവസരം അനുവദിക്കുന്നതിനെങ്കിലും അവരെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് അവിടുന്ന് കരുതി. യാത്രക്ക് അദ്ദേഹത്തിന് ഒരു വാഹനം (സവാരി മൃഗം) പോലും ലഭ്യമായില്ല, മക്കയില്‍നിന്ന് ത്വാഇഫ് വരെ നടക്കുകയായിരുന്നു. ചില നിവേദനങ്ങളനുസരിച്ച് തിരുമേനി തനിച്ചാണ് പോയത്. ചില നിവേദനങ്ങള്‍ പ്രകാരം കൂടെ സൈദുബ്നു ഹാരിസയും ഉണ്ടായിരുന്നു. ത്വാഇഫിലെത്തി ഏതാനും നാളുകള്‍ അവിടെ താമസിച്ചു. സഖീഫ് ഗോത്രത്തിന്റെ നായകന്മാരെയും പ്രമാണികളെയും ഓരോരുത്തരെയായി പ്രവാചകന്‍ സന്ദര്‍ശിച്ചു സംസാരിച്ചു. എന്നാല്‍, അവരദ്ദേഹം പറഞ്ഞതൊന്നും അംഗീകരിച്ചില്ലെന്നു മാത്രമല്ല, ഉടന്‍ തങ്ങളുടെ പട്ടണം വിട്ടുപൊയ്ക്കൊള്ളണമെന്ന് ശാസിക്കുകയും ചെയ്തു. കാരണം, അദ്ദേഹത്തിന്റെ പ്രബോധനം തങ്ങളുടെ ചെറുപ്പക്കാരെ വഴിതെറ്റിച്ചുകളയും എന്ന് അവരാശങ്കിച്ചു. തിരുമേനിക്ക് ത്വാഇഫ് വിടുകയല്ലാതെ ഗത്യന്തരമില്ലെന്നു വന്നു. അവിടുന്ന് ത്വാഇഫില്‍നിന്ന് പോരാന്‍ തുടങ്ങിയപ്പോള്‍ സഖീഫ് പ്രമാണിമാര്‍ അവിടത്തെ തെണ്ടികളെ അദ്ദേഹത്തിന്റെ പിന്നാലെ പറഞ്ഞുവിടുകയുണ്ടായി. അവര്‍ വളരെ ദൂരത്തോളം തിരുമേനിയുടെ ഇരുവശങ്ങളിലും നടന്ന് കൂക്കിവിളിക്കുകയും അസഭ്യങ്ങള്‍ പറയുകയും കല്ലെറിയുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന് ഒരുപാട് പരിക്കുകള്‍ പറ്റി. ശരീരത്തില്‍നിന്ന് ചോരയൊലിച്ചുകൊണ്ടിരുന്നു. കാലിലൂടെ രക്തം ഒലിച്ചിറങ്ങി ഷൂസുകളില്‍ നിറഞ്ഞു. ഈ പരിതോവസ്ഥയില്‍ തിരുമേനി ത്വാഇഫിനു പുറത്തുള്ള ഒരു തോട്ടത്തിന്റെ മതില്‍തണലില്‍ ഇരുന്നുകൊണ്ട് തന്റെ നാഥനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: `നാഥാ, എന്റെ ബലഹീനതയും നിസ്സഹായതയും ജനദൃഷ്ടിയില്‍ എന്റെ വിലയില്ലായ്മയും ഞാന്‍ നിന്റെ സന്നിധിയില്‍ മാത്രം ആവലാതിപ്പെടുന്നു. കാരുണികരില്‍ കാരുണികനായവനേ, നീ എല്ലാ ദുര്‍ബലരുടെയും നാഥനല്ലോ. എന്റെ നാഥനും നീ മാത്രമാകുന്നു. ആര്‍ക്കാണ് നീ എന്നെ ഏല്‍പിച്ചുകൊടുക്കുന്നത്? എന്നോട് ക്രൂരമായി വര്‍ത്തിക്കുന്ന അപരിചിതര്‍ക്കാണോ? അതോ, എന്നെ കീഴടക്കുന്ന ശത്രുക്കള്‍ക്കോ? എന്നാല്‍, നിനക്ക് എന്നോട് അപ്രീതിയില്ലെങ്കില്‍ ഏതാപത്തും എനിക്ക് നിസ്സാരമാണ്. എങ്കിലും നിന്റെ പക്കല്‍ നിന്നുള്ള സൌഖ്യത്തിന് സൌഭാഗ്യമുണ്ടാവുകയാണെങ്കില്‍ അതാണെനിക്ക് കൂടുതല്‍ സന്തോഷകരം. അന്ധകാരത്തെ ദീപ്തമാക്കുകയും ഇഹ-പര കാര്യങ്ങളെയെല്ലാം ശരിയാംവണ്ണം നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിന്റെ സത്തയുടെ പ്രകാശത്തില്‍ ഞാന്‍ അഭയം തേടുന്നു; നിന്റെ കോപം എന്നില്‍ പതിക്കുന്നതില്‍നിന്നും നിന്റെ ആക്ഷേപത്തിനര്‍ഹനാകുന്നതില്‍നിന്നും നീ എന്നില്‍ തൃപ്തനായിരിക്കുന്ന കാലത്തോളം ഞാന്‍ നിന്റെ തൃപ്തിയില്‍ ധന്യനാകുന്നു. നിന്റേതല്ലാത്ത യാതൊരു ശക്തിയുമില്ല.`  (ഇബ്നു ഹിശാം  വാള്യം: 2, പേജ്: 62) വ്യഥിതനും ആര്‍ത്തനുമായി മടങ്ങിയ അദ്ദേഹം `ഖര്‍നുല്‍മനാസില്‍` എന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ആകാശത്ത് മേഘം പോലൊന്ന് തണല്‍ വിരിച്ചതായി തോന്നി. കണ്ണുയര്‍ത്തിനോക്കിയപ്പോള്‍ ജിബ്രീല്‍ (അ) ഉണ്ട് മുന്നില്‍ നില്‍ക്കുന്നു. ജിബ്രീല്‍ വിളിച്ചു പറഞ്ഞു: `അങ്ങയുടെ ജനം അങ്ങേക്ക് നല്‍കിയ മറുപടി അല്ലാഹു കേട്ടിരിക്കുന്നു. ഇതാ ഈ പര്‍വതങ്ങളുടെ പാലകരായ മലക്കുകളെ അല്ലാഹു ഏല്‍പിച്ചു തന്നിരിക്കുന്നു. അങ്ങേക്ക് എന്തുവേണമെങ്കിലും അവരോട് കല്‍പിക്കാം!` അനന്തരം പര്‍വത പാലകരായ മലക്കുകള്‍ തിരുമേനിയെ അഭിവാദനം ചെയ്തുകൊണ്ട് പറഞ്ഞു: `അങ്ങ് കല്‍പിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇരുവശത്തുനിന്നും അവരുടെ മേല്‍ ഈ മലകള്‍ മറിച്ചിട്ടേക്കാം.` തിരുമേനി പറഞ്ഞു: `അരുത്. ഭാവിയില്‍ അവരുടെ വംശത്തില്‍ ഏകനായ അല്ലാഹുവിനു മാത്രം അടിമപ്പെടുന്ന തലമുറകള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു` (ബുഖാരി, മുസ്ലിം നസാഈ). അതിനുശേഷം നബി (സ) കുറച്ചുനാള്‍ `നഖ് ലഎന്ന സ്ഥലത്തു ചെന്ന് താമസിച്ചു. വീണ്ടും മക്കയിലേക്ക് തിരിച്ചുപോകുന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ത്വാഇഫില്‍ വെച്ചുണ്ടായ സംഭവങ്ങളുടെ വിവരങ്ങളൊക്കെ മക്കയിലെത്തിയിരിക്കുമല്ലോ. അത് മക്കയിലെ ശത്രുക്കളെ കൂടുതല്‍ നിഷ്ഠുരരാക്കും. ആ നാളുകളിലൊരു രാത്രി അവിടുന്ന് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സംഘം ജിന്നുകള്‍ അതുവഴി കടന്നുപോകാനിടയായി. ഖുര്‍ആന്‍ കേട്ട ആ ജിന്നുകള്‍ വിശ്വാസികളായി. അവര്‍ സ്വസമൂഹത്തില്‍ ചെന്ന് പ്രബോധനം തുടങ്ങി. അല്ലാഹു അവന്റെ പ്രവാചകന് ഇപ്രകാരം സുവാര്‍ത്ത നല്‍കി: `മനുഷ്യര്‍ താങ്കളുടെ സന്ദേശത്തില്‍നിന്ന് ഓടിയകലുന്നെങ്കില്‍ അകന്നുകൊള്ളട്ടെ, പക്ഷേ, നിരവധി ജിന്നുകള്‍ അതില്‍ ആകൃഷ്ടരാവുകയും തങ്ങളുടെ വര്‍ഗത്തില്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പ്രതിപാദ്യ വിഷയം
ഉപരിസൂചിത പശ്ചാത്തലത്തിലാണ് ഈ അധ്യായം അവതരിച്ചത്. ഒരുവശത്ത് ഈ പശ്ചാത്തലം വീക്ഷിക്കുകയും മറുവശത്ത് ഈ സൂറ സശ്രദ്ധം വായിക്കുകയും ചെയ്യുന്ന ആര്‍ക്കും ഈ വചനങ്ങള്‍ സത്യത്തില്‍ മുഹമ്മദ് നബി(സ)യുടേതല്ല. പ്രത്യുത അജയ്യനും അഭിജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാണിത് നിര്‍ഗളിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമുണ്ടാകുന്നതല്ല. എന്തുകൊണ്ടെന്നാല്‍ ഇതിന്റെ ആദ്യം മുതല്‍ അന്ത്യം വരെ ഒരിടത്തും മാനുഷിക വികാരങ്ങളുടെയോ പ്രതിഫലനങ്ങളുടെയോ നേരിയ ഛായപോലും കാണപ്പെടുന്നില്ല. ഇത് തുടര്‍ച്ചയായി ആഘാതങ്ങള്‍ക്കും അപായങ്ങള്‍ക്കും വിധേയനാവുകയും ത്വാഇഫിലുണ്ടായ പുതിയ ദുരനുഭവം ദാരുണാവസ്ഥയുടെ അടിത്തട്ടിലെത്തിക്കുകയും ചെയ്ത മുഹമ്മദി(സ)ന്റെ വചനങ്ങളായിരുന്നുവെങ്കില്‍ ഈ സൂറയില്‍ എവിടെയെങ്കിലും അക്കാലത്ത് അദ്ദേഹത്തിന്റെ മനസ്സിലുളവായ വ്രണിതവികാരങ്ങളും പീഡിതവിചാരങ്ങളും പ്രതിബിംബിക്കാതിരിക്കുകയില്ല. നാം നേരത്തെ ഉദ്ധരിച്ച, തിരുമേനിയുടെ പ്രാര്‍ഥന നോക്കുക. അതവിടത്തെ സ്വന്തം വചനങ്ങളാണ്. അതിലെ ഓരോ വാക്കിലും പീഡിതവികാരം നിറഞ്ഞുനില്‍ക്കുന്നു. പക്ഷേ, അതേകാലത്ത്, അതേ സാഹചര്യത്തില്‍ അവിടത്തെ തിരുവായിലൂടെ അവതീര്‍ണമായ ഈ അധ്യായമാകട്ടെ, അതിന്റെ എല്ലാ സ്വാധീനതകളില്‍നിന്നും മുച്ചൂടും മുക്തമാകുന്നു. സത്യനിഷേധികളുടെ മാര്‍ഗഭ്രംശത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് സൂറയുടെ പ്രമേയം. അവര്‍ മാര്‍ഗഭ്രംശത്തിലകപ്പെടുക മാത്രമല്ല, വലിയ വാശിയോടെ, അഹന്തയോടെ, ആത്മവഞ്ചനയോടെ, അതില്‍തന്നെ ശഠിച്ചുനില്‍ക്കുകയും ആ ദുര്‍മാര്‍ഗത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ ആക്ഷേപശകാരങ്ങള്‍ക്ക് ശരവ്യനാക്കുകയും ചെയ്യുകയായിരുന്നു. അവരുടെ വീക്ഷണത്തില്‍ ഈ ലോകത്തിനുള്ളത് അലക്ഷ്യമായ ഒരു കളിയുടെ നിലപാടാണ്. അതില്‍ അവര്‍ ആരോടും സമാധാനം പറയേണ്ടതില്ലാത്ത സൃഷ്ടികളായി കരുതുന്നു. ഏകദൈവ സിദ്ധാന്തം അവരെ സംബന്ധിച്ചിടത്തോളം മിഥ്യയാകുന്നു. തങ്ങളുടെ ആരാധ്യര്‍ യഥാര്‍ഥത്തില്‍ തന്നെ ദൈവത്തിന്റെ പങ്കാളികളാണ് എന്ന് അവര്‍ ശഠിച്ചു. ഖുര്‍ആന്‍ ദൈവത്തിന്റെ വചനങ്ങളാണെന്നംഗീകരിക്കാന്‍ സന്നദ്ധരായതുമില്ല. പ്രവാചകത്വം സംബന്ധിച്ചാവട്ടെ വിചിത്രമായ ഒരു സങ്കല്‍പമാണവര്‍ക്കുണ്ടായിരുന്നത്. അതിനെ ആസ്പദമാക്കി, മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വവാദം മാറ്റുരച്ചുനോക്കാന്‍ അവര്‍ പലവിധ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടിരുന്നു. അവരുടെ വീക്ഷണത്തില്‍ ഇസ്ലാം സത്യമല്ല എന്നുള്ളതിനുള്ള വലിയൊരു തെളിവ് ഇതായിരുന്നു: തങ്ങളുടെ ആചാര്യന്മാരും വലിയ വലിയ ഗോത്രങ്ങളുടെ തലവന്മാരും സമുദായത്തിലെ വന്‍തോക്കുകളും ഒന്നും അതില്‍ വിശ്വസിച്ചിട്ടില്ല. ഏതാനും ചില ചെറുപ്പക്കാരും പാവങ്ങളും അടിമകളുമൊക്കെയാണതില്‍ വിശ്വസിച്ചിരിക്കുന്നത്. അന്ത്യനാള്‍, മരണാനന്തര ജീവിതം, രക്ഷാശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ വെറും കെട്ടുകഥകളാണെന്നവര്‍ കരുതി. അത്തരം കാര്യങ്ങളൊക്കെ യാഥാര്‍ഥ്യമാവുക അസംഭവ്യമാണെന്നായിരുന്നു അവരുടെ വിചാരം. ഈ സൂറയില്‍ സംക്ഷിപ്തമായി, അവരുടെ മാര്‍ഗഭ്രംശങ്ങളിലോരോന്നും തെളുവുസഹിതം ഖണ്ഡിക്കപ്പെടുന്നുണ്ട്. സത്യനിഷേധികള്‍ക്ക് ഇപ്രകാരം താക്കീത് നല്‍കുകയും ചെയ്യുന്നു: ബുദ്ധികൊണ്ടും തെളിവുകള്‍കൊണ്ടും സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്നതിനു പകരം പക്ഷപാതിത്വവും സത്യവിരോധവുംകൊണ്ട് ഖുര്‍ആനിക സന്ദേശത്തെയും മുഹമ്മദീയ ദൌത്യത്തെയും തള്ളിക്കളയുകയാണെങ്കില്‍ നിങ്ങള്‍ അപകടപ്പെടുത്തുന്നത് സ്വന്തം പര്യവസാനത്തെ തന്നെയാകുന്നു. 
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഹാ-മീം
2-ഈ വേദ പുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാകുന്നു.
3-ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്.
4-ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍!
5-അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്.
6-മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും.
7-നമ്മുടെ തെളിവുറ്റ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു വന്നെത്തിയ ആ സത്യത്തെ നിഷേധിച്ചവര്‍ പറയും: ഇത് പ്രകടമായ മായാജാലം തന്നെ.
8-അല്ല; ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.
9-പറയുക: ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍.
10-ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
11-സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: "ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല." ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: "ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ!"
12-ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.
13-ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല.
14-അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരിവിടെ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണത്.
15-മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ളേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: "എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്."
16-അത്തരക്കാരില്‍ നിന്ന് അവരുടെ സുകൃതങ്ങള്‍ നാം സ്വീകരിക്കും. ദുര്‍വൃത്തികളോട് വിട്ടുവീഴ്ച കാണിക്കും. അവര്‍ സ്വര്‍ഗവാസികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്കു നല്‍കിയിരുന്ന സത്യവാഗ്ദാനമനുസരിച്ച്.
17-എന്നാല്‍ തന്റെ മാതാപിതാക്കളോട് ഇങ്ങനെ പറയുന്നവനോ; "നിങ്ങള്‍ക്കു നാശം! ഞാന്‍ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നാണോ നിങ്ങളെന്നോട് വാഗ്ദാനം ചെയ്യുന്നത്? എന്നാല്‍ എനിക്കുമുമ്പേ എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്." അപ്പോള്‍ അവന്റെ മാതാപിതാക്കള്‍ ദൈവസഹായം തേടിക്കൊണ്ടു പറയുന്നു: "നിനക്കു നാശം! നീ വിശ്വസിക്കുക! അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ. തീര്‍ച്ച." അപ്പോള്‍ അവന്‍ പിറുപിറുക്കും: "ഇതൊക്കെയും പൂര്‍വികരുടെ പഴങ്കഥകള്‍ മാത്രം."
18-ഇവരത്രെ ശിക്ഷാവിധി ബാധകമായിക്കഴിഞ്ഞവര്‍. ഇതേവിധം ഇവര്‍ക്കു മുമ്പേ കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ തന്നെയാണിവരും. കൊടും നഷ്ടത്തിലകപ്പെട്ടവരാണിവര്‍.
19-ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനൊത്ത പദവികളാണുണ്ടാവുക. ഏവര്‍ക്കും തങ്ങളുടെ കര്‍മഫലം തികവോടെ നല്‍കാനാണിത്. ആരും തീരെ അനീതിക്കിരയാവില്ല.
20-സത്യനിഷേധികളെ നരകത്തിനു മുന്നില്‍ കൊണ്ടുവരുന്ന ദിവസം അവരോട് പറയും: ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളുടെ വിശിഷ്ട വിഭവങ്ങളൊക്കെയും നിങ്ങള്‍ തുലച്ചുകളഞ്ഞിരിക്കുന്നു. അതിന്റെ ആനന്ദം ആസ്വദിക്കുകയും ചെയ്തു. ഇന്നു നിങ്ങള്‍ക്ക് പ്രതിഫലമായുള്ളത് വളരെ നിന്ദ്യമായ ശിക്ഷയാണ്. നിങ്ങള്‍ അനര്‍ഹമായി ഭൂമിയില്‍ നിഗളിച്ചു നടന്നതിനാലാണിത്. അധര്‍മം പ്രവര്‍ ത്തിച്ചതിനാലും.
21-ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
22-അവര്‍ ചോദിച്ചു: ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ തെറ്റിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എന്നാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക! നീ സത്യവാനെങ്കില്‍!
23-അദ്ദേഹം പറഞ്ഞു: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രം! എന്നെ ഏല്പിച്ചയച്ച സന്ദേശം ഞാനിതാ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. എന്നാല്‍ തീര്‍ത്തും അവിവേകികളായ ജനമായാണല്ലോ നിങ്ങളെ ഞാന്‍ കാണുന്നത്.
24-അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "നമുക്കു മഴ തരാന്‍ വരുന്ന മേഘം!" എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്!
25-അത് തന്റെ നാഥന്റെ കല്‍പനയനുസരിച്ച് സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. അങ്ങനെ അവരുടെ പാര്‍പ്പിടങ്ങളല്ലാതെ അവരെയാരെയും അവിടെ കാണാതായി. ഇവ്വിധമാണ് കുറ്റവാളികള്‍ക്ക് നാം പ്രതിഫലമേകുന്നത്.
26-നിങ്ങള്‍ക്കു തന്നിട്ടില്ലാത്ത ചില സൌകര്യങ്ങള്‍ നാം അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്കു നാം കേള്‍വിയും കാഴ്ചയും ബുദ്ധിയുമേകി. എന്നാല്‍ ആ കേള്‍വിയോ കാഴ്ചയോ ബുദ്ധിയോ അവര്‍ക്ക് ഒട്ടും ഉപകരിച്ചില്ല. കാരണം, അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ അവര്‍ ഏതിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അതവരെ വലയം ചെയ്തു.
27-നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി. അവര്‍ സത്യത്തിലേക്കു തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദമായി വിവരിച്ചുകൊടുത്തിരുന്നു.
28-അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനായി അവനെക്കൂടാതെ അവര്‍ സ്വീകരിച്ച ദൈവങ്ങള്‍ ശിക്ഷാവേളയില്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? ആ ദൈവങ്ങള്‍ അവരില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇതാണ് അവരുടെ പൊള്ളത്തരത്തിന്റെയും അവര്‍ കെട്ടിച്ചമച്ചതിന്റെയും അവസ്ഥ.
29-ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: "നിശ്ശബ്ദത പാലിക്കുക." പിന്നെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി.
30-അവര്‍ അറിയിച്ചു: "ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കുശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴിനയിക്കുന്നു. നേര്‍വഴിയിലേക്കും.
31-"ഞങ്ങളുടെ സമുദായമേ, അല്ലാഹുവിലേക്ക് വിളിക്കുന്നവന് ഉത്തരമേകുക. അദ്ദേഹത്തില്‍ വിശ്വസിക്കുക. എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരും. നോവേറും ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും."
32-അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന് ആരെങ്കിലും ഉത്തരം നല്‍കുന്നില്ലെങ്കിലോ, അവന് ഈ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനൊന്നുമാവില്ല. അല്ലാഹുവല്ലാതെ അവന് രക്ഷകരായി ആരുമില്ല. അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.
33-അവര്‍ കണ്ടറിയുന്നില്ലേ; ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാലൊട്ടും തളരാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുറ്റവനാണെന്ന്? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.
34-സത്യനിഷേധികളെ നരകത്തിന്നടുത്ത് കൊണ്ടുവരുംനാള്‍ അവരോട് ചോദിക്കും: "ഇതു യാഥാര്‍ഥ്യം തന്നെയല്ലേ?" അവര്‍ പറയും: "അതെ! ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!" അല്ലാഹു പറയും: "നിങ്ങള്‍ നിഷേധിച്ചിരുന്നതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക."
35-അതിനാല്‍ നീ ക്ഷമിക്കുക. ഇഛാശക്തിയുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചപോലെ. ഈ സത്യനിഷേധികളുടെ കാര്യത്തില്‍ നീ തിരക്കു കൂട്ടാതിരിക്കുക. അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്ന ശിക്ഷ നേരില്‍ കാണുന്ന ദിവസം അവര്‍ക്കു തോന്നും: തങ്ങള്‍ പകലില്‍നിന്നൊരു വിനാഴിക നേരമല്ലാതെ ഭൂലോകത്ത് വസിച്ചിട്ടില്ലെന്ന്. ഇത് ഒരറിയിപ്പാണ്. ഇനിയും അധര്‍മികളല്ലാതെ ആരെങ്കിലും നാശത്തിന്നര്‍ഹരാകുമോ?