47 മുഹമ്മദ്

ആമുഖം
നാമം
രണ്ടാം സൂക്തത്തില്‍നിന്നുള്ളതാണ് ഈ നാമം. പ്രവാചകവര്യന്റെ മഹനീയ നാമം ഉള്ള സൂറ എന്നാണ് ഈ നാമകരണത്തിന്റെ താല്‍പര്യം. ഇരുപതാം സൂക്തത്തിലെ وَذُكِرَ فِيهَا الْقِتَال എന്ന വാക്യത്തെ ആസ്പദമാക്കി ഈ സൂറ `ഖിതാല്‍` എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്നുണ്ട്. 
അവതരണ കാലം
ഹിജ്റാനന്തരം മദീനയില്‍ മുസ്ലിംകള്‍ക്ക് യുദ്ധാനുമതി ലഭിച്ചശേഷം പ്രായോഗികതലത്തില്‍ യുദ്ധം ആരംഭിച്ചുകഴിഞ്ഞിട്ടില്ലാത്ത കാലത്താണ് ഈ സൂറ അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നുണ്ട്. അതിന്റെ വിശദമായ തെളിവുകള്‍ 8-ാം  (47:8) നമ്പര്‍ വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതാണ്. 
ചരിത്ര പശ്ചാത്തലം
അറേബ്യയില്‍ പൊതുവില്‍-മക്കയില്‍ വിശേഷിച്ചും-മുസ്ലിംകള്‍ എല്ലാവിധ അക്രമമര്‍ദനങ്ങള്‍ക്കും ഉന്നമായിത്തീരുകയും അവരുടെ ജീവിതം ഇടുങ്ങിപ്പോവുകയും ചെയ്ത സ്ഥിതിവിശേഷത്തിലാണ് ഈ സൂറ അവതരിച്ചത്. മുസ്ലിംകള്‍ നാനാദിക്കുകളില്‍നിന്നും വന്ന് മദീനയില്‍ ഒത്തുകൂടി. പക്ഷേ, ഖുറൈശി ധിക്കാരികള്‍ അവരെ അവിടെയും സ്വൈരമായി കഴിയാന്‍ അനുവദിച്ചില്ല. മദീനയിലെ ആ കൊച്ചു സമൂഹത്തിനെതിരെ എവിടെയും നിഷേധികളുടെ ഉപജാപങ്ങള്‍ രൂപംകൊണ്ടുതുടങ്ങി. അവര്‍ ആ സമൂഹത്തെ ചതച്ചരയ്ക്കാന്‍ വെമ്പല്‍കൊണ്ടു. ഈ സാഹചര്യത്തില്‍ മുസ്ലിംകള്‍ക്ക് രണ്ടേ രണ്ടു മാര്‍ഗങ്ങളേ അവശേഷിച്ചിരുന്നുള്ളൂ. ഒന്നുകില്‍ അവര്‍ ദീന്‍ പ്രബോധനം ചെയ്യാതിരിക്കുകയും അതാചരിക്കുന്നതുപോലും ഒഴിവാക്കി ജാഹിലിയ്യത്തിന് മുമ്പില്‍ തലകുനിക്കുകയും ചെയ്യുക. അല്ലെങ്കില്‍, പൊരുതാനും മരിക്കാനും തയ്യാറായിക്കൊണ്ട് അറേബ്യന്‍ മണ്ണില്‍ നിലനില്‍ക്കേണ്ടത് ഇസ്ലാമാണോ അതോ ജാഹിലിയ്യത്താണോ എന്ന് അന്തിമമായി തീരുമാനിക്കാന്‍ സധൈര്യം മുമ്പോട്ട് വരിക. ഈ സാഹചര്യത്തില്‍ അല്ലാഹു മുസ്ലിംകള്‍ക്ക്, വിശ്വാസികള്‍ തെരഞ്ഞെടുക്കേണ്ടത് സ്ഥൈര്യത്തിന്റേതും നിശ്ചയദാര്‍ഢ്യത്തിന്റേതുമായ ഒരേയൊരു മാര്‍ഗമാണെന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ്. നേരത്തെ സൂറ അല്‍ഹജ്ജ് 39-ാം  22:39 സൂക്തത്തില്‍ അവര്‍ക്ക് യുദ്ധാനുമതി നല്‍കി. പിന്നെ സൂറ അല്‍ബഖറ 190-ാം  2:190 സൂക്തത്തില്‍ യുദ്ധകല്‍പന നല്‍കി. എന്നാല്‍, അത്തരം സാഹചര്യത്തില്‍ യുദ്ധം ചെയ്യുക എന്നാലെന്താണര്‍ഥമെന്ന് അന്ന് എല്ലാവര്‍ക്കും നന്നായറിയാമായിരുന്നു. മദീനയില്‍ വിശ്വാസികള്‍ ഒരുപിടിപോരുന്ന സംഘം; ഒരു ആയിരം ഭടന്മാരെപ്പോലും സംഘടിപ്പിക്കാന്‍ അതിനു കഴിയില്ല. അവരോടാണ് പറയുന്നത്, സകല അറബികളുടെയും ജാഹിലിയ്യത്ത് തല്ലിത്തകര്‍ക്കാന്‍ വാളെടുത്ത് നിലകൊള്ളുക എന്ന്. പിന്നെ അവര്‍ക്കാവശ്യമായ യുദ്ധോപകരണങ്ങള്‍, സ്വന്തം വയറുമുറിച്ചാല്‍പോലും ആ സമൂഹത്തിന് സംഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. കാരണം, ഇനിയും ശരിയാംവണ്ണം പാര്‍പ്പിടം പോലും ഉണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത ധാരാളം നിസ്സഹായരായ മുഹാജിറുകള്‍ ഉള്‍ക്കൊള്ളുന്നതും അറബികളുടെ നാനാവിധത്തിലുള്ള ബഹിഷ്കരണങ്ങളാല്‍ അവശമായതുമായ ഒരു സമൂഹമായിരുന്നു അത്. 
ഉള്ളടക്കം
ഇതാണ് ഈ സൂറയുടെ അവതരണപശ്ചാത്തലം. വിശ്വാസികള്‍ക്ക് യുദ്ധവിഷയകമായ പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കി സമരസജ്ജരാക്കുകയാണതിന്റെ ഉള്ളടക്കം. അതുകൊണ്ടാണ് ഈ സൂറക്ക് ഖിതാല്‍ (യുദ്ധം) എന്നുകൂടി നാമകരണം ചെയ്യപ്പെട്ടത്. ഇതില്‍ താഴെ പറയുന്ന വിഷയങ്ങള്‍ ക്രമാനുഗതമായി അരുളപ്പെട്ടിരിക്കുന്നു: ഇപ്പോള്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആസന്നമായിരിക്കുന്നു. സത്യം അംഗീകരിക്കാന്‍ വിസമ്മതിച്ചവരും ദൈവികസരണിയില്‍ പ്രതിബന്ധമായി നിലകൊള്ളുന്നവരുമാണൊരു വിഭാഗം. അല്ലാഹു മുഹമ്മദ് നബി(സ)യിലൂടെ അവതരിപ്പിച്ച സത്യത്തെ അംഗീകരിച്ചിരിക്കുന്നുവെന്നതാണ് മറുകക്ഷികളുടെ നിലപാട്. ഇപ്പോള്‍ അല്ലാഹുവിന്റെ ഉറച്ച തീരുമാനമിതാണ്: ആദ്യ വിഭാഗത്തിന്റെ അധ്വാന പരിശ്രമങ്ങളെല്ലാം നിഷ്ഫലമാക്കുകയും രണ്ടാമത്തെ വിഭാഗത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുക. അനന്തരം മുസ്ലിംകള്‍ക്ക് യുദ്ധസംബന്ധിയായ പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കുന്നു. അവര്‍ക്ക് അല്ലാഹുവിന്റെ സഹായവും മാര്‍ഗദര്‍ശനവും ഉറപ്പുകൊടുക്കുന്നു. ദൈവികസരണിയിലുള്ള അവരുടെ ത്യാഗങ്ങള്‍ക്ക് മഹത്തായ പ്രതിഫലങ്ങളില്‍ പ്രതീക്ഷയേകുന്നു. സത്യമാര്‍ഗത്തിലുള്ള അവരുടെ യാതൊരു പ്രവര്‍ത്തനവും നിഷ്ഫലമാവുകയില്ലെന്നും ഇഹത്തിലും പരത്തിലും അവര്‍ക്കതിന്റെ അതിവിശിഷ്ട ഫലങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുമെന്നും അവരെ സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് നിഷേധികളെക്കുറിച്ച്, അവര്‍ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനവും സഹായവും വിലക്കപ്പെട്ടവരാണെന്നും വിശ്വാസികള്‍ക്കെതിരിലുള്ള അവരുടെ തന്ത്രങ്ങളൊന്നും ഫലിക്കാന്‍ പോകുന്നില്ലെന്നും ഇഹത്തിലും പരത്തിലും അവരതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും പറയുന്നു. ദൈവദൂതനെ മക്കയില്‍നിന്നു പുറത്താക്കുക വഴി തങ്ങളൊരു വന്‍വിജയം നേടിയിരിക്കുന്നുവെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതുവഴി അവര്‍ ചെയ്തിരിക്കുന്നത് സ്വന്തം നാശത്തെ സ്വയം വിളിച്ചുവരുത്തുകയാകുന്നു. പിന്നെ പ്രഭാഷണമുഖം, യുദ്ധകല്‍പന വരുന്നതിനുമുമ്പ് വലിയ മുസ്ലിംകളായി ചമഞ്ഞുനടന്നിരുന്ന കപടവിശ്വാസികളിലേക്ക് തിരിയുന്നു. യുദ്ധകല്‍പന വന്നപ്പോള്‍ അവര്‍ക്ക് ബോധംകെട്ടു. സ്വരക്ഷയെ സംബന്ധിച്ച ചിന്തയാല്‍ സത്യനിഷേധികളുമായി ഗൂഢാലോചനയിലേര്‍പ്പെട്ടുതുടങ്ങി. എങ്ങനെയെങ്കിലും യുദ്ധത്തിന്റെ ആപത്തുകളില്‍നിന്ന് തടിയൂരുകയായിരുന്നു അവരുടെ ലക്ഷ്യം. അല്ലാഹുവിനോടും അവന്റെ ദീനിനോടും കാപട്യം കാണിക്കുന്നവരുടെ യാതൊരു പ്രവര്‍ത്തനവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ലെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇവിടെ എല്ലാ വിശ്വാസവാദികളും പരീക്ഷിക്കപ്പെടുന്ന അടിസ്ഥാനപരമായ ചോദ്യം ഉയര്‍ന്നുവന്നിരിക്കുകയാണ്. നിങ്ങള്‍ സത്യത്തിന്റെ കൂടെയാണോ അതല്ല, മിഥ്യയുടെ കൂടെയോ എന്നതാണത്. നിങ്ങളുടെ അനുഭാവം മുസ്ലിംകളോടോ അതല്ല, നിഷേധികളോടോ? നിങ്ങള്‍ സ്വന്തത്തേയും സ്വന്തം താല്‍പര്യത്തേയുമാണോ മാനിക്കുന്നത്? അതോ വിശ്വസിക്കുന്നുവെന്നവകാശപ്പെടുന്ന യാഥാര്‍ഥ്യത്തെയോ? ഈ പരീക്ഷണത്തില്‍ പേടെന്ന് വെളിപ്പെട്ടവന്‍ വിശ്വാസിയേ അല്ല; വിശ്വാസിയായിട്ടു വേണമല്ലോ അവന്റെ നമസ്കാരവും നോമ്പും സകാത്തുമൊക്കെ അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമാകാന്‍. തുടര്‍ന്ന് മുസ്ലിംകളെ ഉപദേശിക്കുന്നു: നിങ്ങളുടെ കുറഞ്ഞ ആള്‍ബലവും വിഭവങ്ങളുടെ ദൌര്‍ലഭ്യവും സത്യനിഷേധികളുടെ സംഖ്യാബലവും വിഭവധാരാളിത്തവും കണ്ട് അധീരരാവേണ്ട. അവരോട് സന്ധിയാകാന്‍ ബദ്ധപ്പെട്ടുകൊണ്ട് ദൌര്‍ബല്യം പ്രകടിപ്പിക്കുകയുമരുത്. അതൊക്കെ ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള അവരുടെ ശൌര്യം ഇനിയും വളര്‍ത്തിയേക്കും. പ്രത്യുത, സര്‍വസ്വവും അല്ലാഹുവിങ്കല്‍ അര്‍പ്പിച്ചുകൊണ്ട് അസത്യത്തിന്റെ ഈ മല തകര്‍ക്കുവാന്‍ തയ്യാറാവുകയാണ് വേണ്ടത്. മുസ്ലിംകളോടൊപ്പം അല്ലാഹു ഉണ്ട്. അവര്‍ തന്നെയാണ് വിജയിക്കുക. അവരുടെ കരങ്ങളാല്‍ ശത്രുതയുടെ മലകള്‍ തകര്‍ന്നു തരിപ്പണമായിപ്പോകും. അവസാനമായി, മുസ്ലിംകളെ ദൈവികസരണിയില്‍ ധനവ്യയം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. അന്ന് മുസ്ലിംകളുടെ സാമ്പത്തികസ്ഥിതി വളരെ ക്ഷയിച്ചതായിരുന്നുവെങ്കിലും, അറേബ്യയില്‍ ഇസ്ലാമും മുസ്ലിം സമൂഹവും നിലനില്‍ക്കണമോ വേണ്ടയോ എന്ന നിര്‍ണായകമായ ചോദ്യം മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. മുസ്ലിംകളും അവരുടെ ദീനും അസത്യത്താല്‍ കീഴടക്കപ്പെടുന്നതില്‍നിന്ന് രക്ഷപ്പെടുന്നതിനും ദൈവികദീനിനെ വിജയിപ്പിക്കുന്നതിനുമായി വിശ്വാസികള്‍ ജീവന്‍മരണ സമരത്തിലേര്‍പ്പെടണമെന്നും ആ സമരത്തിനുള്ള സജ്ജീകരണത്തിനുവേണ്ടി അവരുടെ സമ്പത്തും സൌകര്യങ്ങളും കഴിവിന്റെ പരമാവധി വിനിയോഗിക്കണമെന്നുമായിരുന്നു ഈ ചോദ്യത്തിന്റെ പ്രാധാന്യവും ഗൌരവവും അവരോടാവശ്യപ്പെട്ടത്. അതുകൊണ്ട് മുസ്ലിംകളെ ഉണര്‍ത്തുകയാണ്; ഈ ഘട്ടത്തില്‍ ലുബ്ധ് കാണിക്കുന്നവന്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിന് യാതൊരു ഹാനിയും വരുത്തുന്നില്ല. മറിച്ച്, അവന്‍ സ്വയം നാശത്തില്‍ ചെന്നുചാടുകയാണ് ചെയ്യുന്നത്. അല്ലാഹുവിന് മനുഷ്യരുടെ യാതൊരാശ്രയവും ആവശ്യമില്ല. അവന്റെ ദീനിനുവേണ്ടി ത്യാഗങ്ങളനുഷ്ഠിക്കാന്‍ ഒരു സമൂഹം വിമുഖരാവുകയാണെങ്കില്‍ അവന്‍ അവരെ തുടച്ചുനീക്കി അവരുടെ സ്ഥാനത്ത് മറ്റൊരു സമൂഹത്തെ എഴുന്നേല്‍പിക്കും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-സത്യത്തെ തള്ളിക്കളയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പാഴാക്കിയിരിക്കുന്നു.
2-എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു.
3-അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്.
4-അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല.
5-അല്ലാഹു അവരെ നേര്‍വഴിയിലാക്കും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും.
6-അവര്‍ക്കു പരിചയപ്പെടുത്തിയ സ്വര്‍ഗത്തിലവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
7-വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.
8-സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതുതന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
9-അതിനുകാരണം അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തതുതന്നെ. അതിനാലവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കി.
10-അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ.
11-കാരണം, സത്യവിശ്വാസികളുടെ രക്ഷകന്‍ അല്ലാഹുവാണ്. എന്നാല്‍ സത്യനിഷേധികള്‍ക്ക് രക്ഷകനേയില്ല.
12-സംശയം വേണ്ട; സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ സത്യനിഷേധികളോ, അവര്‍ സുഖിക്കുകയാണ്. നാല്‍ക്കാലികള്‍ തിന്നുംപോലെ തിന്നുകയാണ്. നരകം തന്നെയാണ് അവരുടെ വാസസ്ഥലം.
13-നിന്നെ പുറത്താക്കിയ നിന്റെ പട്ടണത്തെക്കാള്‍ പ്രബലമായ എത്രയെത്ര പട്ടണങ്ങള്‍! അവരെ നാം നിശ്ശേഷം നശിപ്പിച്ചു. അപ്പോഴവരെ സഹായിക്കാനാരുമുണ്ടായിരുന്നില്ല.
14-തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവനുസരിച്ച് നിലകൊള്ളുന്നവന്‍, തന്റെ ചീത്ത വൃത്തികളെ ചേതോഹരമായി കരുതുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവനെപ്പോലെയാണോ?
15-സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ ഉപമ; അതില്‍ കലര്‍പ്പില്ലാത്ത തെളിനീരരുവികളുണ്ട്. രുചിഭേദമൊട്ടുമില്ലാത്ത പാലൊഴുകും പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായ മദ്യനദികളുണ്ട്. ശുദ്ധമായ തേനരുവികളും. അവര്‍ക്കതില്‍ സകലയിനം പഴങ്ങളുമുണ്ട്. തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും. ഇതിന്നര്‍ഹരാകുന്നവര്‍ നരകത്തില്‍ നിത്യവാസിയായവനെപ്പോലെയാണോ? അവരവിടെ കുടിപ്പിക്കപ്പെടുക കൊടും ചൂടുള്ള വെള്ളമായിരിക്കും. അതവരുടെ കുടലുകളെ കീറിപ്പൊളിക്കും.
16-നീ പറയുന്നതൊക്കെ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതായി ഭാവിക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്റെ അടുത്തുനിന്ന് പുറത്തുപോയാല്‍ വേദവിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ ചോദിക്കുന്നു: "ഇദ്ദേഹമിപ്പോള്‍ ഇപ്പറഞ്ഞതെന്താണ്?" അത്തരക്കാരുടെ ഹൃദയങ്ങള്‍ക്കാണ് അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തന്നിഷ്ടങ്ങളെയാണവന്‍ പിന്‍പറ്റുന്നത്.
17-സന്മാര്‍ഗം സ്വീകരിച്ചവരോ, അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനമേകുന്നു. അവര്‍ക്കാവശ്യമായ സൂക്ഷ്മത നല്‍കുന്നു.
18-അന്ത്യദിനം ആകസ്മികമായി ആസന്നമാകുന്നതല്ലാതെ വല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? അതിന്റെ അടയാളങ്ങള്‍ ആഗതമായിരിക്കുന്നു. അതവരില്‍ വന്നെത്തിയാല്‍ പിന്നെ തങ്ങള്‍ക്കുള്ള ഉദ്ബോധനം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കെങ്ങനെ കഴിയും!
19-അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.
20-വിശ്വാസികള്‍ പറയാറുണ്ടല്ലോ: "യുദ്ധാനുമതിനല്‍കുന്ന ഒരധ്യായം അവതീര്‍ണമാകാത്തതെന്ത്?" എന്നാല്‍ ഖണ്ഡിതമായ ഒരധ്യായം അവതീര്‍ണമാവുകയും അതില്‍ യുദ്ധം പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍ മനസ്സില്‍ രോഗമുള്ളവര്‍, മരണവെപ്രാളത്തില്‍ പെട്ടവന്‍ നോക്കുംപോലെ നിന്നെ നോക്കുന്നതു കാണാം. അതിനാലവര്‍ക്കു നാശം.
21-അനുസരണവും മാന്യമായ സംസാരവുമാണാവശ്യം. യുദ്ധകാര്യം തീരുമാനമായപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍. അതാകുമായിരുന്നു അവര്‍ക്കുത്തമം.
22-നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും?
23-അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.
24-അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?
25-നേര്‍വഴി വ്യക്തമായിട്ടും അത് വിട്ട് പിന്തിരിഞ്ഞു പോയവര്‍ക്ക് ചെകുത്താന്‍ അവരുടെ ചെയ്തികള്‍ ചേതോഹരമാക്കിത്തോന്നിക്കുന്നു. അവനവരെ വ്യാമോഹത്തിലകപ്പെടുത്തുകയാണ്.
26-അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരോട് "ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാ"മെന്ന് കപടവിശ്വാസികള്‍ വാക്കുകൊടുത്തതിനാലാണത്. അവര്‍ രഹസ്യമാക്കിവെക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു.
27-മലക്കുകള്‍ അവരെ മുഖത്തും മുതുകിലും അടിച്ച് മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ?
28-അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
29-ദീനം പിടിച്ച മനസ്സുള്ളവര്‍ കരുതുന്നുവോ; അവരുടെ ഉള്ളിലെ പക അല്ലാഹു വെളിക്ക് കൊണ്ടുവരില്ലെന്ന്.
30-നാം ഇഛിച്ചിരുന്നെങ്കില്‍ നിനക്കു നാമവരെ കാണിച്ചുതരുമായിരുന്നു. അപ്പോള്‍ അവരുടെ അടയാളം വഴി നിനക്കവരെ വേര്‍തിരിച്ചറിയാം. അവരുടെ സംസാരശൈലിയില്‍ നിന്ന് നിനക്കവരെ വ്യക്തമായി മനസ്സിലാകും; തീര്‍ച്ച. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്നു.
31-നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യുംവരെ.
32-നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര് കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്.
33-വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും അനുസരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ പാഴാക്കരുത്.
34-സത്യത്തെ നിഷേധിച്ചു തള്ളുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും അങ്ങനെ സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു മാപ്പേകുകയില്ല; ഉറപ്പ്.
35-അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല.
36-ഈ ഐഹിക ജീവിതം കളിയും തമാശയും മാത്രം. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയുള്ളവരാവുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. നിങ്ങളോട് അവന്‍ നിങ്ങളുടെ സ്വത്തൊന്നും ചോദിക്കുന്നില്ലല്ലോ.
37-അഥവാ, നിങ്ങളോട് അവനതാവശ്യപ്പെട്ട് പ്രയാസപ്പെടുത്തിയിരുന്നുവെങ്കില്‍ നിങ്ങള്‍ പിശുക്കു കാണിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ അകപ്പക അവന്‍ പുറത്തുകൊണ്ടുവരുമായിരുന്നു.
38-അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും. നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല.