49 അല്‍ഹുജുറാത്ത്

ആമുഖം
നാമം
നാലാം സൂക്തത്തില്‍നിന്നെടുത്തതാണ് ഈ അധ്യായ നാമം. ഹുജുറാത്ത് (മുറികള്‍) എന്ന പദം വന്ന അധ്യായമെന്നു താല്‍പര്യം. 
അവതരണകാലം
വിവിധ സന്ദര്‍ഭങ്ങളിലായി അവതീര്‍ണമായ നിയമനിര്‍ദേശങ്ങളെ വിഷയൈക്യം പരിഗണിച്ച് സമാഹരിച്ചതാണീ അധ്യായമെന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍നിന്നും സൂക്തത്തിന്റെ ഉള്ളടക്കത്തില്‍നിന്നും മനസ്സിലാവുന്നു. ഇതിലെ അധിക നിയമങ്ങളും പ്രവാചകന്റെ മദീനാജീവിതത്തിന്റെ അവസാനകാലത്ത് അവതരിച്ചതാണെന്നും റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ഉദാഹരണമായി, ഈ അധ്യായത്തിലെ നാലാം സൂക്തം, പ്രവാചകപത്നിമാരുടെ ഭവനങ്ങള്‍ക്കു വെളിയില്‍നിന്ന് പ്രവാചകനെ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്ന ബനൂതമീം ഗോത്രക്കാരുടെ പ്രതിനിധിസംഘത്തെക്കുറിച്ചാണ് അവതരിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു. ഈ സംഘത്തിന്റെ ആഗമനം ഹിജ്റ 9-ാം വര്‍ഷത്തിലാണെന്ന് എല്ലാ ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുപോലെത്തന്നെ ഇതിലെ 6-ാം സൂക്തം, നബി (സ) ബനുല്‍മുസ്തലിഖ് ഗോത്രത്തില്‍നിന്ന് സകാത്ത് ശേഖരിക്കാനായി അയച്ച വലീദുബ്നു ഉഖ്ബയെ സംബന്ധിച്ചാണ് അവതീര്‍ണമായിട്ടുള്ളതെന്ന് ഒട്ടേറെ ഹദീസുകളില്‍നിന്നും വ്യക്തമാവുന്നു. വലീദ് മക്കാവിജയ ഘട്ടത്തിലാണ് ഇസ്ലാം സ്വീകരിച്ചതെന്ന കാര്യം സുവിദിതമാണ്. 
ഉള്ളടക്കം
സത്യവിശ്വാസികളെ വിശിഷ്ടമായ സ്വഭാവ മര്യാദകള്‍ പഠിപ്പിക്കുകയെന്നതാണ് ഈ അധ്യായത്തിന്റെ വിഷയം. ആദ്യത്തെ അഞ്ച് സൂക്തങ്ങളിലായി സത്യവിശ്വാസികള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കാര്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുന്നു. കേട്ടതപ്പടി വിശ്വസിച്ച് നടപടി സ്വീകരിച്ചുകളയുകയെന്നത് സത്യവിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് തുടര്‍ന്ന് പഠിപ്പിക്കുന്നത്. ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ സമൂഹത്തിനോ എതിരായിട്ടുള്ള വല്ല വാര്‍ത്തയും ലഭിച്ചാല്‍ പ്രസ്തുത വാര്‍ത്ത വന്ന വഴി അവലംബനീയമാണോ അല്ലേ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അവലംബനീയമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പായി വിവരം ശരിയോ തെറ്റോ എന്നും സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്. അനന്തരം, മുസ്ലിംകളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ പരസ്പരം കലഹിക്കാനിടയായാല്‍ മറ്റു മുസ്ലിംകള്‍ സ്വീകരിക്കേണ്ട സമീപനം എന്തെന്ന് വിവരിക്കുന്നു. പിന്നീട്, സാമൂഹിക ജീവിതം അസ്വസ്ഥമാക്കുകയും പരസ്പരബന്ധങ്ങള്‍ ശിഥിലമാക്കുകയും ചെയ്യുന്ന തിന്മകളില്‍നിന്നും അകന്നുനില്‍ക്കുവാന്‍ മുസ്ലിംകളോടനുശാസിക്കുന്നു. ഒരാള്‍ മറ്റൊരാളെ പരിഹസിക്കുക, കുത്തിപ്പറയുക, ദുഷിച്ച പേരുകള്‍ വിളിക്കുക, മറ്റുള്ളവരെക്കുറിച്ചു തെറ്റായ ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുക, അന്യരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുക, പരദൂഷണം പറയുക തുടങ്ങിയ കാര്യങ്ങള്‍ പാപകൃത്യങ്ങളാണെന്നതിനുപുറമേ സമൂഹത്തെ താറുമാറാക്കുന്നവയുമാണ്. അല്ലാഹു അവ ഓരോന്നും പേരെടുത്തുപറഞ്ഞ് നിഷിദ്ധങ്ങളെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം, ആഗോള വ്യാപകമായ കുഴപ്പങ്ങള്‍ക്ക് നിമിത്തമായിട്ടുള്ള ദേശീയവും വര്‍ഗീയവുമായ ഉച്ചനീചത്വങ്ങളെ ആഞ്ഞടിച്ചിരിക്കുകയാണ്. ജനതകളും ഗോത്രങ്ങളും വംശങ്ങളും താന്താങ്ങളുടെ മഹത്വത്തിലും പ്രതാപത്തിലും അഹങ്കരിക്കുന്നതും മറ്റുള്ളവരെ തങ്ങളെക്കാള്‍ താഴ്ന്നവരായി കാണുന്നതും സ്വന്തം ഔന്നത്യം സ്ഥാപിക്കുവാനായി മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുന്നതുമത്രെ ലോകത്താകമാനം അക്രമം വ്യാപിച്ചതിനുള്ള മുഖ്യ കാരണം. അല്ലാഹു ഒരു ചെറിയ സൂക്തത്തിലൂടെ ഈ തിന്മയുടെ അടിവേരറുക്കുന്നു. അവന്‍ പ്രഖ്യാപിച്ചു: മുഴുവന്‍ മനുഷ്യരും ഒരേ മൂലത്തില്‍നിന്നുള്ളവരാണ്. അവരെ സമുദായങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം വമ്പ് കാണിക്കാനല്ല. അവര്‍ തമ്മില്‍ തിരിച്ചറിയാനാണ്. ഒരുവന്‍ മറ്റൊരുവനേക്കാള്‍ ഉന്നതനാകുന്നതിന് ധാര്‍മിക ശ്രേഷ്ഠതയല്ലാതെ ന്യായമായ മറ്റൊരുപാധിയുമില്ല. അവസാനമായി, വാസ്തവത്തില്‍ വിശ്വാസമെന്നത് നാവുകൊണ്ടുള്ള വാദമല്ല, മറിച്ച് സത്യസന്ധമായി അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കലും പ്രായോഗികമായി അനുസരണയുള്ളവരായിരിക്കലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സ്വത്തും ജീവനും നിഷ്കളങ്കമായി വിനിയോഗിക്കലുമാണെന്ന് മനുഷ്യരെ ഉണര്‍ത്തിയിരിക്കുന്നു. യഥാര്‍ഥ വിശ്വാസി ഈ രീതി കൈക്കൊള്ളുന്നവനത്രേ. എന്നാല്‍, മനസാ അംഗീകരിക്കാതെ കേവലം നാവുകൊണ്ട് ഇസ്ലാം പറയുകയും അതോടൊപ്പം ഇസ്ലാം സ്വീകരിക്കുകവഴി തങ്ങള്‍ എന്തോ വലിയ ഔദാര്യം ചെയ്തിരിക്കുകയാണ് എന്ന് ഭാവിക്കുകയും ചെയ്യുന്നവര്‍ ഇഹലോകത്ത് മുസ്ലിംകളില്‍ ഉള്‍പ്പെടുകയും സമൂഹത്തില്‍ അവര്‍ക്കു മുസ്ലിംകളോടുളള പെരുമാറ്റം ലഭിക്കുകയും ചെയ്യുമെങ്കിലും അല്ലാഹുവിങ്കല്‍ വിശ്വാസികളായി അംഗീകരിക്കപ്പെടുക സാധ്യമല്ല.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും മുന്‍കടന്നൊന്നും ചെയ്യരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
2-വിശ്വസിച്ചവരേ, നിങ്ങള്‍ പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങളന്യോന്യം ഒച്ചവെക്കുന്നപോലെ അദ്ദേഹത്തോട് ഒച്ചവെക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവാതിരിക്കാനാണിത്.
3-ദൈവദൂതന്റെ അടുത്ത് തങ്ങളുടെ സ്വരം താഴ്ത്തുന്നവരുണ്ടല്ലോ; ഉറപ്പായും അവരുടെ മനസ്സുകളെയാണ് അല്ലാഹു ഭയഭക്തിക്കായി പരീക്ഷിച്ചൊരുക്കിയത്. അവര്‍ക്ക് പാപമോചനമുണ്ട്. അതിമഹത്തായ പ്രതിഫലവും.
4-മുറികള്‍ക്കു വെളിയില്‍ നിന്ന് നിന്നെ വിളിക്കുന്നവരിലേറെ പേരും ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരാണ്.
5-നീ അവരുടെ അടുത്തേക്ക് വരുംവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
6-വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.
7-അറിയുക: നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളതിന്റെ പേരില്‍ ക്ളേശിക്കേണ്ടിവരും. എന്നാല്‍ അല്ലാഹു സത്യവിശ്വാസത്തെ നിങ്ങള്‍ക്ക് ഏറെ പ്രിയംകരമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ മനസ്സുകള്‍ക്ക് അലംകൃതവുമാക്കിയിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും നിങ്ങള്‍ക്കവന്‍ ഏറെ വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അത്തരക്കാരാകുന്നു നേര്‍വഴി പ്രാപിച്ചവര്‍.
8-അത് അല്ലാഹുവില്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
9-സത്യവിശ്വാസികളിലെ രണ്ടു വിഭാഗം പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുക. പിന്നെ അവരിലൊരു വിഭാഗം മറു വിഭാഗത്തിനെതിരെ അതിക്രമം കാട്ടിയാല്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ നിങ്ങള്‍ യുദ്ധം ചെയ്യുക; അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരും വരെ. അവര്‍ മടങ്ങി വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം സന്ധിയുണ്ടാക്കുക. നീതി പാലിക്കുക. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
10-സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കും.
11-സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് വളരെ നീചം തന്നെ. ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.
12-വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.
13-മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
14-ഗ്രാമീണരായ അറബികള്‍ അവകാശപ്പെടുന്നു: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ "ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു"വെന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം നിങ്ങളുടെ മനസ്സുകളില്‍ പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ നിങ്ങളുടെ കര്‍മഫലങ്ങളില്‍ അവനൊരു കുറവും വരുത്തുകയില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
15-തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. സത്യസന്ധരും അവര്‍തന്നെ.
16-ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മതത്തെ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുകയാണോ? അല്ലാഹുവോ, ആകാശഭൂമികളിലുള്ളവയൊക്കെയുമറിയുന്നു. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നന്നായറിയുന്നവനാണ്.
17-തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തു കാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്ത് കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ ഇതംഗീകരിക്കുക.
18-ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതെല്ലാം അല്ലാഹു അറിയുന്നു; നിങ്ങള്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു.