50 ഖാഫ്

ആമുഖം
നാമം
തുടക്കത്തില്‍തന്നെയുള്ള ق (ഖാഫ്) എന്ന അക്ഷരംകൊണ്ട് ഈ അധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. `ഖാഫ്` എന്ന അക്ഷരംകൊണ്ട് തുടങ്ങുന്ന അധ്യായമെന്നാണതിന്റെ താല്‍പര്യം. 
അവതരണകാലം
ഇതിന്റെ അവതരണകാലം കൃത്യമായി മനസ്സിലാക്കാന്‍ പ്രബല നിവേദനങ്ങളിലൂടെ സാധ്യമാകുന്നില്ല. എങ്കിലും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ ഈ സൂറ പ്രവാചകന്റെ മക്കാജീവിതത്തിന്റെ രണ്ടാം ഘട്ടമായ പ്രവാചകത്വത്തിന്റെ മൂന്നാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയുള്ള കാലത്താണവതരിച്ചതെന്ന് മനസ്സിലാക്കാം. ഈ ഘട്ടത്തിന്റെ സവിശേഷതകള്‍ നാം സൂറ അന്‍ആമിന്റെ മുഖവുരയില്‍ വിശദീകരിച്ചിട്ടുണ്ട്. ആ സവിശേഷതകള്‍ അഭിവീക്ഷിച്ചുകൊണ്ട്, ഈ സൂറ പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടില്‍ നിഷേധികളുടെ എതിര്‍പ്പ് രൂക്ഷമായിത്തീര്‍ന്നതും എന്നാല്‍ മര്‍ദനം തുടങ്ങിക്കഴിഞ്ഞിട്ടില്ലാത്തതുമായ സാഹചര്യത്തില്‍ അവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്. 
ഉള്ളടക്കം
നബി (സ) മിക്ക പെരുന്നാള്‍ നമസ്കാരങ്ങളിലും ഈ സൂറയാണ് പാരായണം ചെയ്തിരുന്നതെന്ന് പ്രബലമായ നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. പ്രവാചകന്റെ അയല്‍ക്കാരിയായിരുന്ന ഉമ്മുഹിശാം എന്ന മഹതി നിവേദനം ചെയ്യുന്നു: "പ്രവാചകന്‍ (സ) ജുമുഅ ഖുതുബകളില്‍ തിരുവായ്കൊണ്ട് പാരായണം ചെയ്യുന്നതു കേട്ടുകേട്ട് ഞാന്‍ സൂറ ഖാഫ് ഹൃദിസ്ഥമാക്കി.`` സുബ്ഹ് നമസ്കാരത്തിലും പലപ്പോഴും തിരുമേനി ഈ സൂറ പാരായണം ചെയ്തിരുന്നതായി വേറെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തിരുമേനിയുടെ ദൃഷ്ടിയില്‍ ഈ സൂറക്ക് സവിശേഷ പ്രാധാന്യമുണ്ടായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹം അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. ഈ പ്രാധാന്യം എന്താണെന്ന് സൂറ ശ്രദ്ധിച്ചു വായിച്ചാല്‍ എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ. മുഴുവന്‍ സൂറയുടെയും വിഷയം പരലോകമാണ്. പ്രവാചകന്‍ മക്കയില്‍  പ്രബോധനം തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് ഏറെ അരോചകമായിത്തോന്നിയത്, മനുഷ്യന്‍ മരിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും കര്‍മങ്ങളെപ്രതി വിചാരണ ചെയ്യപ്പെടുമെന്നുമുള്ള അദ്ദേഹത്തിന്റെ സന്ദേശമായിരുന്നുവല്ലോ. ആളുകള്‍ പറഞ്ഞു: ഇതു വെറും വിടുവായത്തം! അതൊക്കെ നടക്കുക എന്നത് ബുദ്ധിക്ക് നിരക്കുന്നതല്ല. നമ്മുടെ കോശങ്ങളൊക്കെ മണ്ണില്‍ കലര്‍ന്ന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം ആ ചിതറിയ ഘടകങ്ങളെയെല്ലാം സമാഹരിച്ച് നമ്മുടെ ശരീരം സമൂലം പുനര്‍നിര്‍മിച്ച് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എങ്ങനെ സംഭവ്യമാകും? ഈ ചോദ്യത്തിന് മറുപടിയായിട്ടാണ് അല്ലാഹു ഈ പ്രഭാഷണം അവതരിപ്പിച്ചത്. ഇതില്‍ വളരെ സംക്ഷിപ്തമായ രീതിയില്‍ ചെറിയ ചെറിയ വാക്യങ്ങളിലൂടെ, ഒരുവശത്ത് പരലോകത്തിന്റെ സംഭാവ്യതക്കും സാധുതക്കും തെളിവ് നല്‍കുകയും മറുവശത്ത് ജനങ്ങളേ, നിങ്ങള്‍ അത്ഭുതം കൂറുകയോ, യുക്തിവിരുദ്ധമെന്ന് ഗണിക്കുകയോ നിഷേധിക്കുകയോ എന്തുചെയ്താലും ശരി, ആ യാഥാര്‍ഥ്യത്തെ മാറ്റുക സാധ്യമല്ല എന്ന് താക്കീതുചെയ്യുകയും ചെയ്യുന്നു. യാഥാര്‍ഥ്യം, അനിഷേധ്യമായ യാഥാര്‍ഥ്യം ഇതാകുന്നു: ഭൂമിയില്‍ ചിതറിപ്പോയ നിങ്ങളുടെ ശരീരത്തിന്റെ ഓരോരോ അണുക്കളും എവിടെയാണുള്ളതെന്നും ഏതവസ്ഥയിലാണുള്ളതെന്നും അല്ലാഹുവിന് നല്ലവണ്ണം അറിയാം. അല്ലാഹുവിന്റെ ഒരു സൂചന മാത്രമേ വേണ്ടൂ. ആ ചിതറിയ അണുക്കളെല്ലാം വീണ്ടും സംയോജിതമാകുവാനും നിങ്ങള്‍ ഇപ്പോഴുള്ള അതേ അവസ്ഥയില്‍ രൂപീകൃതമായി ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും. അതിനാല്‍, ഇവിടെ കടിഞ്ഞാണില്ലാതെ അഴിച്ചുവിടപ്പെട്ടവരാണെന്നും ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ലെന്നുമുള്ള നിങ്ങളുടെ വിചാരമുണ്ടല്ലോ, അതൊരു തെറ്റിദ്ധാരണ മാത്രമാകുന്നു. നിങ്ങളുടെ ഓരോ വാക്കും പ്രവൃത്തിയും എന്നല്ല, മനസ്സിലൂടെ കടന്നുപോകുന്ന വിചാരംപോലും അല്ലാഹു നേരിട്ടുതന്നെ അറിയുന്നു എന്നതാണ് യാഥാര്‍ഥ്യം. കൂടാതെ അവന്റെ മലക്കുകള്‍ നിങ്ങളുടെ ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. ഒരുനാള്‍ നിങ്ങള്‍ക്ക് ഒരു വിളിയെത്തുമ്പോള്‍, മഴവീണ മണ്ണില്‍നിന്ന് വിത്തുകള്‍ മുളപൊട്ടി കിളിര്‍ത്തുവരുന്നതുപോലെ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റുവരും. ആ സമയത്ത്, ഇപ്പോള്‍ നിങ്ങളെ മൂടിയിരിക്കുന്ന വിസ്മൃതിയുടെ തിരശ്ശീല നീങ്ങിയിട്ടുണ്ടാകും. ഇന്ന് നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്നതെല്ലാം അപ്പോള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കാണും. ഈ ലോകത്ത് ഉത്തരവാദിത്വമില്ലാത്തവരായിരുന്നില്ലെന്നും മറിച്ച് ഉത്തരവാദിത്വമുള്ളവരും സമാധാനം ബോധിപ്പിക്കേണ്ടവരുമായിരുന്നുവെന്നും ബോധ്യപ്പെടുകയും ചെയ്യും. ഇന്ന് കടങ്കഥകളായി തോന്നുന്ന രക്ഷാശിക്ഷകളും സ്വര്‍ഗനരകങ്ങളുമെല്ലാം അന്ന് നിങ്ങള്‍ക്ക് ദൃശ്യയാഥാര്‍ഥ്യങ്ങളായിത്തീരും. കരുണാമയനായ ദൈവത്തെ ഭയന്ന് സന്മാര്‍ഗത്തിലേക്ക് മടങ്ങിയവര്‍, ആരെപ്പറ്റി കേള്‍ക്കുമ്പോള്‍ ഇന്ന് നിങ്ങള്‍ അത്ഭുതം കൂറുന്നുവോ അവര്‍, നിങ്ങളുടെ കണ്‍മുമ്പിലൂടെ സ്വര്‍ഗത്തിലേക്ക് ഗമിച്ചുകൊണ്ടിരിക്കുന്നതും അന്ന് നിങ്ങള്‍ നേരില്‍ കാണും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഖാഫ്. ഉല്‍കൃഷ്ടമായ ഖുര്‍ആന്‍ സാക്ഷി.
2-തങ്ങളില്‍നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവരിലേക്കു വന്നതുകാരണം അവര്‍ അദ്ഭുതം കൂറുകയാണ്. അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: "ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ.
3-"നാം മരിച്ചു മണ്ണായ ശേഷം മടങ്ങിവരികയോ? ആ മടക്കം അസാധ്യം തന്നെ."
4-അവരില്‍നിന്നു ഭൂമി കുറവു വരുത്തിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. നമ്മുടെ വശം എല്ലാം സൂക്ഷ്മമായുള്ള ഗ്രന്ഥവുമുണ്ട്.
5-എന്നാല്‍ സത്യം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു. അങ്ങനെ അവര്‍ ആശയക്കുഴപ്പത്തിലായി.
6-തങ്ങളുടെ മീതെയുള്ള മാനത്തെ അവര്‍ നോക്കിക്കാണുന്നില്ലേ? എങ്ങനെയാണ് നാമത് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? അതിലൊരു വിടവുമില്ല.
7-ഭൂമിയോ; അതിനെ നാം വിശാലമാക്കി വിരിച്ചിരിക്കുന്നു. നാമതില്‍ മലകളെ ഉറപ്പിച്ചു. കൌതുകകരങ്ങളായ സകലയിനം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്തു.
8-പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്ബോധനവും നല്‍കാനാണ് ഇതൊക്കെയും.
9-മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു.
10-അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും;
11-നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.
12-അവര്‍ക്കു മുമ്പെ നൂഹിന്റെ ജനതയും റസ്സുകാരും ഥമൂദ് ഗോത്രവും സത്യത്തെ നിഷേധിച്ചു;
13-ആദ് സമുദായവും ഫിര്‍ഔനും ലൂത്തിന്റെ സഹോദരങ്ങളും.
14-ഐക്ക നിവാസികളും തുബ്ബഇന്റെ ജനതയും അതു തന്നെ ചെയ്തു. അവരൊക്കെ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു. അങ്ങനെ എന്റെ മുന്നറിയിപ്പ് അവരില്‍ യാഥാര്‍ഥ്യമായി പുലര്‍ന്നു.
15-ആദ്യ സൃഷ്ടികാരണം നാം തളര്‍ന്നെന്നോ? അല്ല; അവര്‍ പുതിയ സൃഷ്ടിപ്പിനെ സംബന്ധിച്ച് സംശയത്തിലാണ്.
16-നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം.
17-വലതു ഭാഗത്തും ഇടതു ഭാഗത്തും ഇരുന്ന് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ എല്ലാം ഏറ്റുവാങ്ങുന്ന കാര്യം ഓര്‍ക്കുക.
18-അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.
19-മരണവെപ്രാളം യാഥാര്‍ഥ്യമായി ഭവിക്കുന്നു. നീ തെന്നിമാറാന്‍ ശ്രമിക്കുന്നതെന്തോ അതാണിത്.
20-കാഹളം ഊതപ്പെടും. അതാണ് താക്കീതിന്റെ ദിനം.
21-അന്ന് എല്ലാവരും വന്നെത്തും. നയിച്ച് കൊണ്ട് വരുന്നവനും സാക്ഷിയും കൂടെയുണ്ടാവും.
22-അന്ന് അവരോട് പറയും: തീര്‍ച്ചയായും നീ ഇതേക്കുറിച്ച് അശ്രദ്ധനായിരുന്നു; എന്നാല്‍ നാമിപ്പോള്‍ നിന്നില്‍നിന്ന് ആ മറ എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയേറിയതത്രെ.
23-അവന്റെ കൂടെയുള്ള മലക്ക് പറയും: ഇതാ ഈ കര്‍മപുസ്തകമാണ് എന്റെ വശം തയ്യാറുള്ളത്.
24-അല്ലാഹു കല്പിക്കും: "സത്യനിഷേധിയും ധിക്കാരിയുമായ ഏവരെയും നിങ്ങളിരുവരും ചേര്‍ന്ന് നരകത്തിലിടുക.
25-"നന്മയെ തടഞ്ഞവനും അതിക്രമിയും സന്ദേഹിയുമായ ഏവരെയും.
26-"അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളെ കല്‍പിച്ചവനെയും. നിങ്ങളവനെ കഠിനശിക്ഷയിലിടുക."
27-അവന്റെ കൂട്ടാളിയായ പിശാച് പറയും: ഞങ്ങളുടെ നാഥാ! ഞാനിവനെ വഴിപിഴപ്പിച്ചിട്ടില്ല. എന്നാലിവന്‍ സ്വയം തന്നെ വളരെയേറെ വഴികേടിലായിരുന്നു.
28-അല്ലാഹു പറയും: നിങ്ങള്‍ എന്റെ മുന്നില്‍ വെച്ച് തര്‍ക്കിക്കേണ്ട. ഞാന്‍ നേരത്തെത്തന്നെ നിങ്ങള്‍ക്ക് താക്കീത് തന്നിട്ടുണ്ട്.
29-എന്റെ അടുത്ത് വാക്ക് മാറ്റമില്ല. ഞാന്‍ എന്റെ ദാസന്മാരോട് ഒട്ടും അനീതി കാട്ടുന്നതുമല്ല.
30-നാം നരകത്തോട് ചോദിക്കുന്ന ദിനം: "നീ നിറഞ്ഞു കഴിഞ്ഞോ?" നരകം തിരിച്ചു ചോദിക്കും: "ഇനിയുമുണ്ടോ?"
31-ഭക്തന്മാര്‍ക്കായി സ്വര്‍ഗം അടുത്തുകൊണ്ടുവരും. ഒട്ടും ദൂരെയല്ലാത്ത വിധം.
32-സ്രഷ്ടാവിലേക്ക് മടങ്ങുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതാണിത്.
33-അഥവാ, പരമകാരുണികനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും പശ്ചാത്താപ പൂര്‍ണമായ മനസ്സോടെ വന്നെത്തുകയും ചെയ്തവന്.
34-സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. നിത്യവാസത്തിനുള്ള ദിനമാണത്.
35-അവര്‍ക്കവിടെ അവരാഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നമ്മുടെ വശം വേറെയും ധാരാളമുണ്ട്.
36-അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. അവര്‍ ഇവരെക്കാള്‍ വളരെയേറെ ശക്തരായിരുന്നു. അങ്ങനെ അവര്‍ നാടായ നാടുകളിലൊക്കെ അന്വേഷിച്ചുനോക്കി. രക്ഷപ്പെടാന്‍ വല്ല ഇടവും ലഭിക്കുമോയെന്ന്.
37-ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.
38-ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും നമുക്കൊട്ടും ക്ഷീണം ബാധിച്ചിട്ടില്ല.
39-അതിനാല്‍ അവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പെ നിന്റെ നാഥനെ വാഴ്ത്തുക. ഒപ്പം കീര്‍ത്തിക്കുകയും ചെയ്യുക.
40-രാവിലും സ്വല്‍പസമയം അവനെ കീര്‍ത്തിക്കുക. സാഷ്ടാംഗാനന്തരവും.
41-അടുത്തൊരിടത്തുനിന്ന് വിളിച്ചു പറയുന്നവന്‍ വിളംബരം ചെയ്യുന്ന ദിനത്തിന്നായി കാതോര്‍ക്കുക.
42-ആ ഘോരനാദം ഒരു യാഥാര്‍ഥ്യമായി അവര്‍ കേട്ടനുഭവിക്കും ദിനം. അത് പുറപ്പാടിന്റെ ദിനമത്രെ.
43-ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും നാമാണ്. തിരിച്ചുവരവും നമ്മിലേക്കു തന്നെ.
44-ഭൂമി പിളര്‍ന്ന് മനുഷ്യര്‍ പുറത്ത് കടന്ന് അതിവേഗം ഓടിവരുന്ന ദിനം. അവ്വിധം അവരെ ഒരുമിച്ചു കൂട്ടല്‍ നമുക്ക് വളരെ എളുപ്പമാണ്.
45-അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നന്നായറിയുന്നു. അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തേണ്ട ആവശ്യം നിനക്കില്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ നീ ഈ ഖുര്‍ആന്‍ വഴി ഉദ്ബോധിപ്പിക്കുക.