51 അദ്ദാരിയാത്ത്

ആമുഖം
നാമം
പ്രാരംഭപദമായ `അദ്ദാരിയാത്ത്` തന്നെയാണ് ഈ സൂറയുടെ നാമമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അദ്ദാരിയാത്ത് എന്ന പദം കൊണ്ടാരംഭിക്കുന്ന അധ്യായം എന്ന് താല്‍പര്യം. 
അവതരണകാലം
പ്രവാചകന്റെ (സ) പ്രബോധനത്തിനു നേരെ നിഷേധവും പരിഹാസവും അപവാദ പ്രചാരണവും ഏറെ ശക്തിപ്പെട്ടതും എന്നാല്‍, അക്രമമര്‍ദനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്തതുമായ കാലയളവിലാണ് ഈ അധ്യായം അവതരിച്ചതെന്ന് ഉള്ളടക്കത്തില്‍നിന്നും പ്രതിപാദനശൈലിയില്‍ നിന്നും മനസ്സിലാകുന്നു. അതിനാല്‍, ഈ സൂറയും സൂറ ഖാഫ് അവതരിച്ച കാലത്തുതന്നെയാണവതരിച്ചതെന്നു കരുതാം. 
ഉള്ളടക്കം
ഇതിലെ മുഖ്യഭാഗം പരലോകം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഒടുവില്‍ ഏകദൈവത്വ സന്ദേശം അവതരിപ്പിച്ചിരിക്കുന്നു. അതോടൊപ്പം, പ്രവാചകസന്ദേശം സ്വീകരിക്കാതെ ജാഹിലിയ്യാ സങ്കല്‍പങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്, നേരത്തെ ആ നിലപാട് സ്വീകരിച്ച സമൂഹങ്ങള്‍ക്കൊക്കെ നാശകരമായിട്ടേയുള്ളൂ എന്ന് ജനങ്ങളെ താക്കീതു ചെയ്യുകയും ചെയ്യുന്നു. പരലോകം സംബന്ധിച്ച് ഈ സൂറയില്‍ അത്യന്തം സാരഗര്‍ഭമായ കൊച്ചുവാക്യങ്ങളിലൂടെ വിശദീകരിക്കുന്നതിതാണ്: മനുഷ്യജീവിതത്തിന്റെ പരിണതിയെയും പര്യവസാനത്തെയും കുറിച്ച് ആളുകള്‍ വെച്ചുപുലര്‍ത്തുന്ന ഭിന്നവിരുദ്ധങ്ങളായ വിശ്വാസപ്രമാണങ്ങള്‍തന്നെ സ്പഷ്ടമായി തെളിയിക്കുന്നുണ്ട്, അവയിലൊരു പ്രമാണവും ജ്ഞാനത്തിലധിഷ്ഠിതമല്ലെന്നും ഓരോരുത്തരും കേവല നിഗമനങ്ങള്‍ കരുപ്പിടിപ്പിച്ച് സ്വന്തം നിലയ്ക്ക് അവയെ വിശ്വാസപ്രമാണങ്ങളായി കൈക്കൊണ്ടിരിക്കുകയാണെന്നും. ചിലര്‍ മരണാനന്തരം ജീവിതമില്ലെന്നു കരുതുന്നു. ചിലരതംഗീകരിക്കുന്നുണ്ടെങ്കിലും. പുനര്‍ജന്മസിദ്ധാന്തത്തിന്റെ രൂപത്തിലാണ് അംഗീകരിക്കുന്നത്. ചിലരാകട്ടെ പാരത്രിക രക്ഷാശിക്ഷകളെ സമ്മതിക്കുന്നുവെങ്കിലും കര്‍മഫലത്തില്‍നിന്ന് മുക്തരാകുന്നതിനു പലവക താങ്ങുകളും തണലുകളും നിര്‍ദേശിക്കുന്നു. വീക്ഷണം തെറ്റിപ്പോയാല്‍ മനുഷ്യന്റെ ജീവിതം മുഴുവന്‍ അബദ്ധജടിലമാവുകയും അവന്റെ ഭാവി എന്നെന്നേക്കുമായി നശിക്കുകയും ചെയ്യാനിടയാകുന്ന ഇത്തരമൊരു അടിസ്ഥാനപ്രധാനമായ വിഷയത്തില്‍, ജ്ഞാനമില്ലാതെ വെറും നിഗമനങ്ങളെ ആസ്പദിച്ചു പ്രമാണങ്ങള്‍ ചമയ്ക്കുന്നത് ഒരു മാരകമായ മൌഢ്യമാകുന്നു. ഭീമമായ ഒരു തെറ്റിദ്ധാരണയില്‍ കുടുങ്ങി ജീവിതം മുഴുക്കെ അജ്ഞാനത്തിലും പ്രജ്ഞാശൂന്യതയിലും കഴിച്ചുകൂട്ടുകയും മരണാനന്തരം താന്‍ അഭിമുഖീകരിക്കാന്‍ ഒട്ടും തയ്യാറെടുത്തിട്ടില്ലാത്ത ബീഭത്സമായ സ്ഥിതിവിശേഷത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുകയും ചെയ്യുക എന്നാണതിനര്‍ഥം. ഇത്തരം വിഷയങ്ങളില്‍ ശരിയായ വീക്ഷണം കണ്ടെത്തുന്നതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. പരലോകം സംബന്ധിച്ച് ദൈവം അവന്റെ പ്രവാചകന്‍ മുഖേന നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് ഗൌരവപൂര്‍വം ചിന്തിക്കുക. ആകാശഭൂമികളുടെ സംവിധാനത്തെയും സ്വന്തം അസ്തിത്വത്തെയും കണ്ണുതുറന്നു നോക്കിക്കൊണ്ട്, പ്രവാചകന്‍ നല്‍കുന്ന അറിവുകളെ സാധൂകരിക്കുന്ന തെളിവുകള്‍ അവയിലെങ്ങും നിറഞ്ഞുകിടക്കുന്നില്ലേ എന്നു പരിശോധിക്കുക. ഇവ്വിഷയകമായി മഴയുടെയും കാറ്റിന്റെയും വ്യവസ്ഥ, ഭൂമിയുടെ ഘടന, അതിലെ സൃഷ്ടികളുടെ, മനുഷ്യന്റെ, ആകാശത്തിന്റെ ഒക്കെ സൃഷ്ടി, എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചിട്ടുള്ളത് തുടങ്ങിയ സംഗതികളെ പരലോകമുണ്ടെന്നുള്ളതിന്റെ തെളിവുകളായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യചരിത്രത്തില്‍നിന്നുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രപഞ്ചഭരണത്തിന്റെ പ്രകൃതി എത്തരത്തില്‍ ഒരു പ്രതിഫല നിയമത്തെ താല്‍പര്യപ്പെടുന്നതായി കാണപ്പെടുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. അനന്തരം വളരെ സംക്ഷിപ്തമായി ഏകദൈവത്തിലേക്കു ക്ഷണിച്ചുകൊള്ളുന്നു: സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് മറ്റുള്ളവര്‍ക്ക് അടിമപ്പെടുന്നതിനുവേണ്ടിയല്ല, നിങ്ങള്‍ അവന് അടിമപ്പെടുന്നതിനുവേണ്ടിയാണ്. നിങ്ങളുടെ സഹായമില്ലാതെ ദിവ്യത്വം നിലനില്‍ക്കാത്തതും നിങ്ങളോട് അന്നം വാങ്ങുന്നതുമായ കൃത്രിമദൈവങ്ങളെപ്പോലെയല്ല അവന്‍. ആ ദൈവങ്ങളുടെ കൂടി അന്നദാതാവാണവന്‍. അവന്ന് മറ്റാരില്‍നിന്നും അന്നം വാങ്ങേണ്ട ആവശ്യമില്ല. അവന്റെ ദിവ്യത്വം സ്വബലത്താല്‍ തന്നെയാണ് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഈ പ്രകൃതത്തില്‍ ഇതുകൂടി പറയുന്നുണ്ട്: എക്കാലത്തും പ്രവാചകവര്യന്മാര്‍ എതിര്‍ക്കപ്പെട്ടിട്ടുള്ളത് ബുദ്ധിപരമായ അടിത്തറയില്‍നിന്നല്ല; മറിച്ച് അതൊക്കെയും വിദ്വേഷത്തിലും സത്യനിഷേധത്തിലും ജാഹിലിയ്യാ ദുരഭിമാനത്തിലും അധിഷ്ഠിതമായിരുന്നു. അതുതന്നെയാണ് ഇന്ന് മുഹമ്മദ് നബി(സ)യുടെ നേരെയും അനുവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും. ധിക്കാരഭാവമല്ലാതെ മറ്റൊന്നുമല്ല അതിന്റെ പ്രേരകം. തുടര്‍ന്ന് മുഹമ്മദ് നബി(സ)യോടു പറയുന്നു: ഈ ധിക്കാരികളെ സാരമാക്കാതെ താങ്കള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊള്ളുക. എന്തുകൊണ്ടെന്നാല്‍, അത് ഈ ആളുകള്‍ക്ക് പ്രയോജനപ്പെട്ടില്ലെങ്കിലും വിശ്വാസം കൈക്കൊണ്ടവര്‍ക്ക് പ്രയോജനപ്പെടും. ധിക്കാരത്തില്‍ ഉറച്ചുനില്‍ക്കുന്ന അക്രമിയുണ്ടല്ലോ, അവനു മുമ്പ് അവന്റെ നിലപാടനുവര്‍ത്തിച്ചവര്‍ അവരുടെ ശിക്ഷാവിഹിതം നേടിക്കഴിഞ്ഞിരിക്കുന്നു. അവന്റെ ശിക്ഷാവിഹിതവും ഒരുങ്ങിയിരിപ്പുണ്ട്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
1-പൊടി പറത്തുന്നവ സാക്ഷി.
2-കനത്ത മേഘങ്ങളെ വഹിക്കുന്നവ സാക്ഷി.
3-തെന്നി നീങ്ങുന്നവ സാക്ഷി.
4-കാര്യങ്ങള്‍ വീതിച്ചു കൊടുക്കുന്നവ സാക്ഷി.
5-നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച.
6-ന്യായവിധി നടക്കുക തന്നെ ചെയ്യും.
7-വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി.
8-തീര്‍ച്ചയായും നിങ്ങള്‍ വ്യത്യസ്താഭിപ്രായക്കാരാണ്.
9-നേര്‍വഴിയില്‍ നിന്ന് അകന്നവന്‍ ഈ സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു.
10-ഊഹങ്ങളെ അവലംബിക്കുന്നവര്‍ നശിച്ചതുതന്നെ.
11-അവരോ വിവരക്കേടില്‍ മതിമറന്നവര്‍.
12-അവര്‍ ചോദിക്കുന്നു, ന്യായവിധിയുടെ ദിനം എപ്പോഴെന്ന്!
13-അതോ, അവര്‍ നരകാഗ്നിയില്‍ എരിയുന്ന ദിനം തന്നെ.
14-അന്ന് അവരോട് പറയും: ഇതാ, നിങ്ങള്‍ക്കുള്ള ശിക്ഷ. ഇത് അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ തിടുക്കം കാട്ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഇതാണല്ലോ.
15-എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
16-തങ്ങളുടെ നാഥന്റെ വരദാനങ്ങള്‍ അനുഭവിക്കുന്നവരായി. അവര്‍ നേരത്തെ സദ്വൃത്തരായിരുന്നുവല്ലോ.
17-രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
18-അവര്‍ രാവിന്റെ ഒടുവുവേളകളില്‍ പാപമോചനം തേടുന്നവരുമായിരുന്നു.
19-അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു.
20-ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്.
21-നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നോ?
22-ആകാശത്തില്‍ നിങ്ങള്‍ക്ക് ഉപജീവനമുണ്ട്. നിങ്ങളെ താക്കീത് ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷയും.
23-ആകാശഭൂമികളുടെ നാഥന്‍ സാക്ഷി. നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നപോലെ ഇത് സത്യമാകുന്നു.
24-ഇബ്റാഹീമിന്റെ ആദരണീയരായ അതിഥികളുടെ വിവരം നിനക്ക് വന്നെത്തിയോ?
25-അവരദ്ദേഹത്തിന്റെ അടുത്തുവന്ന സന്ദര്‍ഭം? അവരദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കും സലാം; അപരിചിതരാണല്ലോ.
26-അനന്തരം അദ്ദേഹം അതിവേഗം തന്റെ വീട്ടുകാരെ സമീപിച്ചു. അങ്ങനെ കൊഴുത്ത പശുക്കിടാവിനെ പാകം ചെയ്തുകൊണ്ടുവന്നു.
27-അതവരുടെ സമീപത്തുവെച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുന്നില്ലേ?
28-അപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ആശങ്ക തോന്നി. അവര്‍ പറഞ്ഞു: "പേടിക്കേണ്ട". ജ്ഞാനിയായ ഒരു പുത്രന്റെ ജനനത്തെക്കുറിച്ച ശുഭവാര്‍ത്ത അവരദ്ദേഹത്തെ അറിയിച്ചു.
29-അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒച്ചവെച്ച് ഓടിവന്നു. സ്വന്തം മുഖത്തടിച്ചുകൊണ്ട് അവര്‍ ചോദിച്ചു: "വന്ധ്യയായ ഈ കിഴവിക്കോ?"
30-അവര്‍ അറിയിച്ചു: "അതെ, അങ്ങനെ സംഭവിക്കുമെന്ന് നിന്റെ നാഥന്‍ അറിയിച്ചിരിക്കുന്നു. അവന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച."
31-അദ്ദേഹം അന്വേഷിച്ചു: അല്ലയോ ദൂതന്മാരേ, നിങ്ങളുടെ യാത്രോദ്ദേശ്യം എന്താണ്?
32-അവര്‍ അറിയിച്ചു: "കുറ്റവാളികളായ ജനത്തിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.
33-"അവര്‍ക്കുമേല്‍ ചുട്ടെടുത്ത കളിമണ്‍കട്ട വാരിച്ചൊരിയാന്‍.
34-"അവ അതിക്രമികള്‍ക്കായി നിന്റെ നാഥന്റെ വശം പ്രത്യേകം അടയാളപ്പെടുത്തിവെച്ചവയാണ്."
35-പിന്നെ അവിടെയുണ്ടായിരുന്ന സത്യവിശ്വാസികളെയെല്ലാം നാം രക്ഷപ്പെടുത്തി.
36-എന്നാല്‍ നാമവിടെ മുസ്ലിംകളുടേതായി ഒരു വീടല്ലാതൊന്നും കണ്ടില്ല.
37-നോവേറിയ ശിക്ഷയെ പേടിക്കുന്നവര്‍ക്ക് നാമവിടെ ഒരടയാളം ബാക്കിവെച്ചു.
38-മൂസായിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വ്യക്തമായ തെളിവുമായി നാം അദ്ദേഹത്തെ ഫറവോന്റെ അടുത്തേക്കയച്ച സന്ദര്‍ഭം.
39-അവന്‍ തന്റെ കഴിവില്‍ ഗര്‍വ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: ഇവനൊരു മായാജാലക്കാരന്‍; അല്ലെങ്കില്‍ ഭ്രാന്തന്‍.
40-അതിനാല്‍ അവനെയും അവന്റെ പട്ടാളത്തെയും നാം പിടികൂടി. പിന്നെ അവരെയൊക്കെ കടലിലെറിഞ്ഞു. അവന്‍ ആക്ഷേപാര്‍ഹന്‍ തന്നെ.
41-ആദ് ജനതയുടെ കാര്യത്തിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വന്ധ്യമായ കാറ്റിനെ നാമവര്‍ക്കുനേരെ അയച്ച സന്ദര്‍ഭം.
42-തൊട്ടുഴിഞ്ഞ ഒന്നിനെയും അത് തുരുമ്പുപോലെ നുരുമ്പിച്ചതാക്കാതിരുന്നില്ല.
43-ഥമൂദിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. "ഒരു നിര്‍ണിത അവധി വരെ നിങ്ങള്‍ സുഖിച്ചു കൊള്ളുക" എന്ന് അവരോട ്പറഞ്ഞ സന്ദര്‍ഭം.
44-എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു. അങ്ങനെ അവര്‍ നോക്കിനില്‍ക്കെ ഘോരമായൊരിടിനാദം അവരെ പിടികൂടി.
45-അപ്പോഴവര്‍ക്ക് എഴുന്നേല്‍ക്കാനോ രക്ഷാമാര്‍ഗം തേടാനോ കഴിഞ്ഞില്ല.
46-അവര്‍ക്കു മുമ്പെ നൂഹിന്റെ ജനതയെയും നാം നശിപ്പിച്ചിട്ടുണ്ട്. ഉറപ്പായും അവരും അധാര്‍മികരായിരുന്നു.
47-ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
48-ഭൂമിയെ നാം വിടര്‍ത്തി വിരിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായി വിതാനിക്കുന്നവന്‍.
49-നാം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.
50-അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിയെത്തുക. ഉറപ്പായും അവനില്‍നിന്ന് നിങ്ങളിലേക്കുള്ള തെളിഞ്ഞ താക്കീതുകാരനാണ് ഞാന്‍.
51-അല്ലാഹുവിനൊപ്പം മറ്റൊരു ദൈവത്തെയും സ്ഥാപിക്കാതിരിക്കുക. തീര്‍ച്ചയായും അവനില്‍നിന്ന് നിങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ് ഞാന്‍.
52-ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല.
53-അവരൊക്കെയും അങ്ങനെ ചെയ്യാന്‍ അന്യോന്യം പറഞ്ഞുറപ്പിച്ചിരിക്കയാണോ? അല്ല; അവരൊക്കെയും അതിക്രമികളായ ജനം തന്നെ.
54-അതിനാല്‍ നീ അവരില്‍നിന്ന് പിന്മാറുക. എങ്കില്‍ നീ ആക്ഷേപാര്‍ഹനല്ല.
55-നീ ഉദ്ബോധനം തുടരുക. ഉറപ്പായും സത്യവിശ്വാസികള്‍ക്ക് ഉദ്ബോധനം ഉപകരിക്കും.
56-ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
57-ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല.
58-അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ.
59-ഉറപ്പായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്. അവരുടെ മുന്‍ഗാമികളായ കൂട്ടുകാര്‍ക്ക് കിട്ടിയ പോലുള്ള ശിക്ഷ. അതിനാല്‍ അവരെന്നോടതിനു തിടുക്കം കൂട്ടേണ്ടതില്ല.
60-സത്യനിഷേധികളോട് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ദിനമില്ലേ; അതവര്‍ക്ക് സര്‍വനാശത്തിന്റേതുതന്നെ.