53 അന്നജ് മ്

ആമുഖം
നാമം
പ്രാരംഭപദമായ `അന്നജ്മ്` എന്നുതന്നെ ഇതിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. വിഷയം പരിഗണിച്ചുകൊണ്ടുള്ളതല്ല; ഒരടയാളം എന്ന നിലയില്‍ മാത്രം നിശ്ചയിക്കപ്പെട്ട പേരാണ്. 
അവതരണകാലം
ബുഖാരി, മുസ്ലിം, അബൂദാവൂദ്, നസാഈ തുടങ്ങിയവര്‍ ഹ: അബ്ദുല്ലാഹിബ്നു മസ്ഊദില്‍നിന്ന് ഉദ്ധരിക്കുന്നു:  സുജൂദിന്റെ സൂക്തമിറങ്ങിയ പ്രഥമ സൂറ `അന്നജ്മ്` ആകുന്നു. അസ്വദുബ്നു സൈദ്, അബൂ ഇസ്ഹാഖ്, സുഹൈറുബ്നു മുആവിയ തുടങ്ങിയവര്‍ ഇബ്നു മസ്ഊദില്‍നിന്നുദ്ധരിക്കുന്ന ഈ ഹദീസില്‍നിന്നു മനസ്സിലാകുന്നതിങ്ങനെയാണ്: നബി (സ) ഒരു ഖുറൈശി ബഹുജനസദസ്സിനെ ഓതിക്കേള്‍പ്പിച്ച ഒന്നാമത്തെ സൂറ ഇതാകുന്നു. ഇബ്നു മര്‍ദവൈഹിയുടെ നിവേദനപ്രകാരം ഹറമില്‍വെച്ചാണതു നടന്നത്. സഭയില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ടായിരുന്നു. സുജൂദിന്റെ സൂക്തം ഓതിക്കൊണ്ട് തിരുമേനി സുജൂദ് ചെയ്തപ്പോള്‍, തിരുമേനിയോടൊപ്പം മുശ്രിക്കുകളുടെ പ്രമാണിമാരടക്കം സഭയൊന്നടങ്കം സുജൂദ് ചെയ്തു. ഇസ്ലാമിനോടും നബി(സ)യോടുമുള്ള എതിര്‍പ്പില്‍ മുന്‍പന്തിയില്‍നിന്ന അവര്‍ക്കുപോലും സുജൂദ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ഇബ്നു മസ്ഊദ് (റ) പറയുന്നു: അവിശ്വാസികളില്‍ ഉമയ്യതുബ്നു ഖലഫിനെ മാത്രമാണ് സുജൂദ് ചെയ്യാതിരിക്കുന്നതായി ഞാന്‍ കണ്ടത്. അദ്ദേഹവും സുജൂദിനുപകരം ഒരു പിടി മണ്ണെടുത്തു നെറ്റിയില്‍ തൊടുവിക്കുകയുണ്ടായി. `എനിക്ക് ഇത്രയും മതി` എന്നു പറയുകയും ചെയ്തു. പിന്നീട് അയാള്‍ കാഫിറായിക്കൊണ്ട് കൊല്ലപ്പെടുന്നതായും ഞാന്‍ നേരില്‍ കാണുകയുണ്ടായി. അക്കാലത്ത് മുസ്ലിമായിക്കഴിഞ്ഞിട്ടില്ലാതിരുന്ന മുത്തലിബുബ്നു അബീവദാഅയാണ് മറ്റൊരു ദൃക്സാക്ഷി. നസാഇയും മുസ്നദ് അഹ്മദും അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു:  നബി (സ) സൂറതുന്നജ്മ് പാരായണംചെയ്തുകൊണ്ട് സുജൂദ് ചെയ്തപ്പോള്‍ അദ്ദേഹത്തോടൊപ്പം സഭയൊന്നാകെ സുജൂദ് ചെയ്തു. ഞാന്‍ ചെയ്തില്ല. അതിനു പരിഹാരമായി ഞാനിപ്പോള്‍ ഈ സൂറ ഓതുമ്പോള്‍ ഒരിക്കലും സുജൂദ് ഉപേക്ഷിക്കാറില്ല.`` ഇബ്നു സഅ്ദ് പറയുന്നു: ഇതിനുമുമ്പ് പ്രവാചകത്വത്തിന്റെ അഞ്ചാംവര്‍ഷം റജബില്‍ സഹാബത്തിന്റെ ഒരു ചെറുസംഘം അബിസീനിയായിലേക്ക് പലായനം ചെയ്തിരുന്നു. അതേ വര്‍ഷം റമദാനിലാണ് ഈ സംഭവമുണ്ടായത്. നബി(സ) ഖുറൈശികളുടെ ഒരു സദസ്സില്‍വെച്ച് ഈ സൂറ പാരായണം ചെയ്തു. വിശ്വാസികളും അവിശ്വാസികളുമെല്ലാം തിരുമേനിയോടൊപ്പം സുജൂദില്‍ വീഴുകയുണ്ടായി. എന്നാല്‍, അവിശ്വാസികളെല്ലാം മുസ്ലിംകളായിരിക്കുന്നു എന്ന രീതിയിലാണ് അബിസീനിയായില്‍ ഈ വാര്‍ത്തയെത്തിയത്. അതുകേട്ട അവരിലൊരു വിഭാഗം പ്രസ്തുത വര്‍ഷം ശവ്വാലില്‍ മക്കയിലേക്കുതന്നെ മടങ്ങുകയും ചെയ്തു. മക്കയില്‍ മര്‍ദനത്തിന്റെ ചര്‍ക്ക പഴയപോലെ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇവിടെ എത്തിയപ്പോഴാണവര്‍ക്ക് മനസ്സിലായത്. ഒടുവില്‍ രണ്ടാമതും അബിസീനിയായിലേക്ക് പലായനം നടന്നു. അതില്‍ ആദ്യത്തേതിലേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. ഈ സൂറ പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ട് റമദാനിലാണവതരിച്ചതെന്ന് ഈ വിധം ഏതാണ്ട് ഉറപ്പായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. 
ചരിത്രപശ്ചാത്തലം
അവതരണകാലത്തിന്റെ വിവരണത്തില്‍നിന്ന്, പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടുവരെ നബി(സ) തന്റെ ഉറ്റമിത്രങ്ങളെയും സ്വകാര്യസഭകളെയും മാത്രമേ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് പ്രബോധനം ചെയ്തിരുന്നുള്ളൂ എന്ന് വ്യക്തമാകുന്നു. ഇക്കാലയളവിലൊരിക്കലും ബഹുജനസഭകളില്‍ ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ അദ്ദേഹത്തിനവസരം ലഭിച്ചിട്ടില്ല. അവിശ്വാസികളുടെ രൂക്ഷമായ എതിര്‍പ്പ് അതിന് തടസ്സമായിരുന്നു. തിരുമേനിയുടെ വ്യക്തിത്വവും പ്രബോധനവും തങ്ങളെ സംബന്ധിച്ചിടത്തോളം എത്രമാത്രം അപകടകരമാണെന്നും ഖുര്‍ആന്‍സൂക്തങ്ങള്‍ തങ്ങളെ എത്രമാത്രം പ്രകോപിതരാക്കുമെന്നും അവര്‍ക്കും നന്നായറിയാമായിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ സ്വയം കേള്‍ക്കാതെയും മറ്റുള്ളവരെ കേള്‍പ്പിക്കാതെയും കഴിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതോടൊപ്പം പ്രവാചകനെക്കുറിച്ച് പലതരം തെറ്റുധാരണകള്‍ പരത്തി വ്യാജപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനത്തെ ഒതുക്കാനും അവര്‍ യത്നിച്ചു. അതിനുവേണ്ടി മുഹമ്മദ് നബി(സ) വഴിതെറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ജനങ്ങളെക്കൂടി വഴിതെറ്റിക്കാനൊരുമ്പെട്ടിരിക്കുന്നുവെന്നും നാനാ സ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. തിരുമേനി എവിടെയെങ്കിലും ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ അവിടെ ബഹളമുണ്ടാക്കി അതു തടസ്സപ്പെടുത്തുക അവര്‍ സ്ഥിരമായി അനുവര്‍ത്തിച്ചിരുന്ന മറ്റൊരു തന്ത്രമായിരുന്നു. തിരുമേനിയെ വഞ്ചിതനാക്കുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ഈ വചനങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് സാധിക്കാതിരിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. ഈ ചുറ്റുപാടില്‍ ഒരുനാള്‍ നബി തിരുമേനി മസ്ജിദുല്‍ ഹറാമില്‍ ആഗതനായി. അവിടെ വലിയൊരു സംഘം ഖുറൈശികള്‍ സമ്മേളിച്ചിട്ടുണ്ടായിരുന്നു. തിരുമേനി പെട്ടെന്ന് അവര്‍ക്കിടയില്‍ പ്രഭാഷണംചെയ്യാന്‍ എഴുന്നേറ്റു. ആ സന്ദര്‍ഭത്തില്‍ അവിടത്തെ തിരുനാവിലൂടെ അല്ലാഹു ഉതിര്‍ത്ത പ്രഭാഷണമാണ് സൂറ അന്നജ്മിന്റെ രൂപത്തില്‍ നമ്മുടെ മുമ്പിലുള്ളത്. തിരുമേനി ഇതു കേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിയോഗികള്‍ ബഹളമുണ്ടാക്കാന്‍ മറന്നുപോയത് ഈ വചനങ്ങളുടെ അനന്യമായ സ്വാധീനശക്തിയുടെ നിദര്‍ശനമത്രേ. ബഹളമുണ്ടാക്കിയില്ലെന്നു മാത്രമല്ല, ഒടുവില്‍ തിരുമേനി സുജൂദ്ചെയ്തപ്പോള്‍ അവരും സുജൂദില്‍ വീണുപോയി. തങ്ങളില്‍ വന്നുപോയ ദൌര്‍ബല്യത്തില്‍ പിന്നീട് അവര്‍ പരിഭ്രാന്തരായി. മറ്റുള്ളവരോട് ഖുര്‍ആന്‍ കേള്‍ക്കാന്‍ പാടില്ലെന്നു വിലക്കിയവര്‍ ഇപ്പോള്‍ അത് ചെവികൂര്‍പ്പിച്ചു കേള്‍ക്കുക മാത്രമല്ല, മുഹമ്മദിന്റെകൂടെ സുജൂദില്‍ വീഴുകയും ചെയ്തിരിക്കുന്നുവെന്ന് ആളുകള്‍ അവരെ അധിക്ഷേപിക്കാനും തുടങ്ങി. ഒടുവില്‍ തങ്ങളുടെ സുജൂദിനെ ന്യായീകരിക്കാന്‍ അവരൊരു കഥയുണ്ടാക്കി പ്രചരിപ്പിച്ചു. അതിപ്രകാരമായിരുന്നു: മുഹമ്മദ് اَفَرَأَيْتُمُ الّلاتَ وَالعُزَّى وَمنوةَ الثَّالِثَة الأُخْرَى എന്ന വചനങ്ങള്‍ക്കുശേഷം تِلْك الغرَانقة العُلى، وان شفاعتهن لتُرجى (അവര്‍ അത്യുന്നത ദേവതകളാകുന്നു. അവരുടെ ശിപാര്‍ശ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാകുന്നു) എന്നുകൂടി ഓതുന്നതായി ഞങ്ങള്‍ കേട്ടു. അതുകൊണ്ട് മുഹമ്മദ് ഞങ്ങളുടെ മാര്‍ഗത്തിലേക്ക് തിരിച്ചുവന്നതായി ഞങ്ങള്‍ മനസ്സിലാക്കി. എന്നാല്‍, ഈ സൂറത്തിന്റെ സന്ദര്‍ഭപശ്ചാത്തലങ്ങളില്‍ എവിടെയെങ്കിലും മേല്‍വാക്യങ്ങള്‍ക്ക് എന്തെങ്കിലും സാംഗത്യമുള്ളതായി ഒരു ഭ്രാന്തനുപോലും ചിന്തിക്കാന്‍ കഴിയില്ല. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം വാള്യം സൂറ അല്‍ഹജ്ജ് 96 മുതല്‍ 101  22:52 വരെ വ്യാഖ്യാനക്കുറിപ്പുകള്‍ നോക്കുക.) 
ഉള്ളടക്കം
മക്കയിലെ അവിശ്വാസികളെ, മുഹമ്മദ് നബി(സ)ക്കും ഖുര്‍ആനിനുമെതിരില്‍ അവര്‍ കൈക്കൊണ്ടിട്ടുള്ള നിലപാടിലടങ്ങിയ അബദ്ധത്തെക്കുറിച്ച് ഉണര്‍ത്തുകയാണ് പ്രഭാഷണത്തിന്റെ വിഷയം. നിങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ മുഹമ്മദ്(സ) വഴിതെറ്റിയവനോ, തെറ്റായ വഴി തെരഞ്ഞെടുത്തവനോ അല്ല എന്നു പ്രസ്താവിച്ചുകൊണ്ടാണ് സംസാരം ആരംഭിക്കുന്നത്. നിങ്ങള്‍ കരുതുന്നതുപോലെ ഈ ഇസ്ലാമികാശയങ്ങളും സന്ദേശങ്ങളും അദ്ദേഹം സ്വയം ചമച്ചതുമല്ല. അദ്ദേഹം അവതരിപ്പിക്കുന്നതെന്തും അദ്ദേഹത്തിനവതീര്‍ണമായ തികഞ്ഞ ദിവ്യസന്ദേശമാകുന്നു. അദ്ദേഹം നിങ്ങളോടു പറയുന്ന യാഥാര്‍ഥ്യങ്ങള്‍ സ്വന്തം അനുമാനങ്ങളുടെയും നിഗമനങ്ങളുടെയും സൃഷ്ടിയല്ല. അദ്ദേഹം നഗ്നദൃഷ്ടികൊണ്ട് കണ്ട വസ്തുതകളാണ്. അദ്ദേഹത്തിന് ഈ ജ്ഞാനം എത്തിക്കാന്‍ മാധ്യമമായി വര്‍ത്തിച്ച മലക്കിനെ അദ്ദേഹം കണ്ടിട്ടുണ്ട്. തന്റെ നാഥന്റെ മഹത്തായ ദൃഷ്ടാന്തങ്ങളെയും അദ്ദേഹം നേരില്‍ കണ്ടു. അദ്ദേഹം പറയുന്നതൊന്നും ചിന്തിച്ചുപറയുന്നതല്ല. കണ്ടിട്ടു പറയുന്നതാണ്. കണ്ണില്ലാത്ത ഒരാള്‍ തനിക്കു കാണാന്‍കഴിയാത്ത കാര്യത്തെക്കുറിച്ച് അതു കണ്ട കാഴ്ചയുള്ളവരോടു തര്‍ക്കിക്കുന്നതുപോലെയാണ് ഇക്കാര്യത്തില്‍ നിങ്ങളദ്ദേഹത്തോടു തര്‍ക്കിക്കുന്നത്. അനന്തരം മൂന്ന് കാര്യങ്ങള്‍ ക്രമാനുഗതമായി അരുളുകയാണ്: 1) നിങ്ങള്‍ പിന്തുടരുന്ന മതം കേവലം ഊഹാപോഹങ്ങളെയും സങ്കല്‍പങ്ങളെയും ആസ്പദമാക്കി നിലകൊള്ളുന്നതാണെന്ന് ശ്രോതാക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. നിങ്ങള്‍ ആരാധ്യരായി വരിച്ചിട്ടുള്ള ലാത്ത, ഉസ്സ, മനാത്ത ഇത്യാദിയായ ദേവതകള്‍ക്ക് ദിവ്യത്വത്തില്‍ നാമമാത്ര പങ്കുപോലുമില്ല. നിങ്ങള്‍ മലക്കുകളെ ദൈവത്തിന്റെ പെണ്‍മക്കളായി കരുതുന്നു. എന്നാലോ നിങ്ങള്‍ക്ക് പെണ്‍കുട്ടികളുണ്ടാകുന്നത് സ്വയം അപമാനമായും കരുതുന്നു. ഈ ദൈവങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രയോജനങ്ങള്‍ നേടിത്തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ദൈവത്തിങ്കല്‍ ഏറ്റം സാമീപ്യമുള്ള മലക്കുകള്‍ ഒത്തുചേര്‍ന്നാല്‍പോലും അവരുടെ ഏതെങ്കിലും കാര്യം അല്ലാഹുവിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ കൈക്കൊണ്ടിട്ടുള്ള ഇത്തരം വിശ്വാസപ്രമാണങ്ങളിലൊന്നുപോലും ജ്ഞാനത്തെയോ തെളിവിനെയോ ആസ്പദിച്ചുള്ളതല്ല. നിങ്ങള്‍ യാഥാര്‍ഥ്യങ്ങളെന്നു തെറ്റുധരിച്ചിട്ടുള്ള ചില വ്യാമോഹങ്ങള്‍ മാത്രമാകുന്നു അവ. നിങ്ങള്‍ക്കു സംഭവിച്ചിട്ടുള്ള അടിസ്ഥാനപരമായ ഒരു ഭീമാബദ്ധമത്രേ അത്. യാഥാര്‍ഥ്യത്തിനിണങ്ങുന്നതു മാത്രമാകുന്നു സാധുവായ മതം. ഒരു കാര്യം യാഥാര്‍ഥ്യാധിഷ്ഠിതമാകാന്‍ ഊഹവും അനുമാനവും പോരാ. അതിന് ഉറപ്പായ ജ്ഞാനം തന്നെ വേണം. അങ്ങനെയുള്ള ജ്ഞാനം നിങ്ങളുടെ സമക്ഷം സമര്‍പ്പിക്കുമ്പോഴാകട്ടെ നിങ്ങളതില്‍നിന്നു പിന്തിരിയുകയും യാഥാര്‍ഥ്യം വിശദീകരിച്ചു തരുന്നയാളെ വഴിപിഴച്ചവനായി മുദ്രകുത്തുകയും ചെയ്യുകയാണ്. പരലോകത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ലെന്നതാണ് നിങ്ങള്‍ ഈ തെറ്റില്‍ പതിക്കുവാനുള്ള യഥാര്‍ഥ കാരണം. ഭൌതികജീവിതത്തെ മാത്രമേ നിങ്ങള്‍ ലക്ഷ്യമാക്കുന്നുള്ളൂ. അതിനാല്‍, നിങ്ങള്‍ സാക്ഷാല്‍ ജ്ഞാനം കാംക്ഷിക്കുന്നേയില്ല. നിങ്ങള്‍ പിന്തുടര്‍ന്നുവന്ന വിശ്വാസങ്ങള്‍ യാഥാര്‍ഥ്യാധിഷ്ഠിതമാണോ അല്ലേ എന്ന കാര്യം ഗൌനിക്കുന്നുമില്ല. 2) ജനങ്ങളോടു പ്രഖ്യാപിക്കുന്നു: പ്രപഞ്ചമഖിലത്തിന്റെ ഉടമയും പരമാധികാരിയും അല്ലാഹു മാത്രമാകുന്നു. അവന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവരാണു സത്യമാര്‍ഗം സ്വീകരിച്ചവര്‍. അതില്‍നിന്ന് വ്യതിചലിക്കുന്നവരാണ് സന്മാര്‍ഗ ഭ്രഷ്ടര്‍. സന്മാര്‍ഗസ്ഥന്റെ സന്മാര്‍ഗവും ദുര്‍മാര്‍ഗസ്ഥന്റെ ദുര്‍മാര്‍ഗവും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഗുപ്തമല്ല. ഓരോ വ്യക്തിയുടെയും കര്‍മങ്ങള്‍ അവന്‍ അറിയുന്നുണ്ട്. അവങ്കല്‍നിന്ന് ദുഷ്ടന്ന് ദുഷ്ടതകളുടെയും സുകൃതിക്ക് സല്‍ക്കര്‍മത്തിന്റെയും പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും. നിങ്ങളുടെ അവകാശവാദങ്ങളെയോ നിങ്ങള്‍ നിങ്ങളെക്കുറിച്ച് എന്തു കരുതുന്നുവെന്നതിനെയോ സ്വന്തം ഗുണഗണങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തുമാത്രം വാചാലരാകുന്നുവെന്നതിനെയോ ആസ്പദിച്ചല്ല അന്തിമവും യഥാര്‍ഥവുമായ വിധിത്തീര്‍പ്പുണ്ടാകുന്നത്. പ്രത്യുത, അല്ലാഹുവിന്റെ അന്യൂനമായ അറിവിനനുസരിച്ച് നിങ്ങള്‍ മുത്തഖി (ദൈവഭക്തന്‍) ആണോ അല്ലേ എന്നതിനെ ആശ്രയിച്ചാണ് വിധി പറയുക. നിങ്ങള്‍ മഹാപാതകങ്ങളില്‍നിന്ന് അകന്നുജീവിച്ചുവെങ്കില്‍ നിങ്ങളുടെ ചെറിയ ചെറിയ വീഴ്ചകള്‍ അവന്‍ മാപ്പാക്കിയേക്കും. 3) ഖുര്‍ആന്‍ അവതരിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇബ്റാഹീം, മൂസാ(അ) തുടങ്ങിയ പ്രവാചകവര്യന്മാര്‍ക്കവതീര്‍ണമായ വേദങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുള്ള, സത്യദീനിന്റെ ചില അടിസ്ഥാന തത്ത്വങ്ങള്‍ ജനസമക്ഷം സമര്‍പ്പിക്കുന്നു. മുഹമ്മദ് നബി(സ) വിചിത്രമായ ഒരു പുത്തന്‍ ദീന്‍ അവതരിപ്പിക്കുകയാണെന്ന് ജനങ്ങള്‍ തെറ്റുധരിക്കാതിരിക്കാന്‍വേണ്ടിയാണിത്. എക്കാലത്തെയും ദൈവദൂതന്മാര്‍ പറഞ്ഞുവന്ന അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍തന്നെയാണ് മുഹമ്മദും പറയുന്നതെന്ന് അവര്‍ മനസ്സിലാക്കണം. അതോടൊപ്പം ആ വേദങ്ങളില്‍നിന്ന് ആദ്, ഥമൂദ്, ലൂത്ത് ജനത തുടങ്ങിയവര്‍ക്കുണ്ടായ വിനാശങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. അവയൊന്നും യാദൃച്ഛികങ്ങളായിരുന്നില്ല. മറിച്ച്, മക്കയിലെ  അവിശ്വാസികള്‍ ഇന്ന് വര്‍ജിക്കാന്‍ കൂട്ടാക്കാത്ത ഇതേ അക്രമങ്ങളുടെയും അധര്‍മങ്ങളുടെയും ഫലമായി അല്ലാഹു അവരെ നശിപ്പിച്ചുകളയുകയായിരുന്നു. ഈ സംഗതികള്‍ വിശദീകരിച്ചശേഷം പ്രഭാഷണത്തിന്റെ സമാപനത്തില്‍ അരുളുന്നു; അന്ത്യവിധിയുടെ സമയം അടുത്തുവരികയാണ്. ആര്‍ക്കും അത് തടഞ്ഞുനിറുത്തുവാനാവില്ല. ആ സമയം ആസന്നമാകുന്നതിനുമുമ്പ് മുഹമ്മദ് നബി(സ) മുഖേന നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്; മുന്‍ ജന സമൂഹങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതുപോലെ. ഇനി ആലോചിച്ചുനോക്കൂ, ഇതല്ലേ നിങ്ങള്‍ക്കു വിചിത്രമായിത്തോന്നുന്നത്? ഇതിനെയാണല്ലോ നിങ്ങള്‍ പുഛിച്ചുതള്ളുന്നത്? ഇതല്ലേ നിങ്ങള്‍ സ്വയം കേള്‍ക്കാനിഷ്ടപ്പെടാതിരിക്കുകയും മറ്റുള്ളവര്‍ കേള്‍ക്കുന്നത് തടയാന്‍ ബഹളംവെക്കുകയുംചെയ്യുന്ന വൃത്താന്തം? സ്വന്തം മൂഢതയില്‍ നിങ്ങള്‍ക്ക് കരച്ചില്‍ വരുന്നില്ലേ? ഈ നിലപാട് വര്‍ജിക്കുക, അല്ലാഹുവിന്റെ മുമ്പില്‍ കുനിയുക, അവന്റെ അടിമകളായി വര്‍ത്തിക്കുക. മനസ്സില്‍ തുളച്ചുകയറുന്ന ഈ സമാപനവചനങ്ങള്‍ ശ്രവിച്ചപ്പോഴാണ് കടുകടുത്ത നിഷേധികള്‍ക്കും നിയന്ത്രണം വിട്ടുപോയതും പ്രവാചകന്റെ പാരായണം ഈ വചനത്തിലെത്തിയപ്പോള്‍ അവര്‍ സ്വയമറിയാതെ അദ്ദേഹത്തോടൊപ്പം സുജൂദില്‍ വീണുപോയതും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-നക്ഷത്രം സാക്ഷി. അത് അസ്തമിക്കുമ്പോള്‍.
2-നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
3-അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.
4-ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.
5-അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്.
6-പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു.
7-അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്.
8-പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു.
9-അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു.
10-അപ്പോള്‍, അല്ലാഹു തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി.
11-അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല.
12-എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
13-മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.
14-സിദ്റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്.
15-അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം.
16-അന്നേരം സിദ്റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു.
17-അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല.
18-ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്.
19-"ലാതി"നെയും "ഉസ്സ"യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
20-കൂടാതെ മൂന്നാമതായുള്ള "മനാതി" നെക്കുറിച്ചും.
21-നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ?
22-എങ്കില്‍ ഇത് തീര്‍ത്തും നീതി രഹിതമായ വിഭജനം തന്നെ.
23-യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്ക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.
24-അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക?
25-എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്.
26-മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ.
27-പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്.
28-അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.
29-അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക.
30-അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ.
31-ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും.
32-അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്.
33-എന്നാല്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞവനെ നീ കണ്ടോ?
34-കുറച്ചു കൊടുത്തു നിര്‍ത്തിയവനെ?
35-അവന്റെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അങ്ങനെ അവനത് കണ്ടുകൊണ്ടിരിക്കുകയാണോ?
36-അതല്ല; മൂസായുടെ ഏടുകളിലുള്ളവയെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?
37-ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്റെയും?
38-അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല.
39-മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.
40-തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.
41-പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും.
42-ഒടുവില്‍ ഒക്കെയും നിന്റെ നാഥങ്കലാണ് ചെന്നെത്തുക.
43-ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്.
44-മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ.
45-ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്.
46-ബീജത്തില്‍നിന്ന്; അത് സ്രവിക്കപ്പെട്ടാല്‍.
47-വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്റെ ബാധ്യതയത്രെ.
48-ഐശ്വര്യമേകിയതും തൃപ്തനാക്കിയതും അവന്‍ തന്നെ.
49-പുണര്‍തം നക്ഷത്രത്തിന്റെ നാഥനും അവനാണ്.
50-പൌരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ.
51-ഥമൂദിനെയും. അവരിലാരെയും ബാക്കിവെച്ചില്ല.
52-അതിനു മുമ്പെ നൂഹിന്റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു.
53-കീഴ്മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി.
54-അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി.
55-എന്നിട്ടും നിന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീ സംശയിക്കുന്നത്?
56-ഈ പ്രവാചകന്‍ മുമ്പുള്ള താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട മുന്നറിയിപ്പുകാരന്‍ തന്നെ.
57-വരാനിരിക്കുന്ന ആ സംഭവം അഥവാ ലോകാവസാനം ഇതാ അടുത്തെത്തിയിരിക്കുന്നു.
58-അതിനെ തട്ടിമാറ്റാന്‍ അല്ലാഹു അല്ലാതെ ആരുമില്ല.
59-എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ?
60-നിങ്ങള്‍ ചിരിക്കുകയോ? കരയാതിരിക്കുകയും?
61-നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെ കഴിയുകയാണോ?
62-അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക.